ആംസ്റ്റർഡാം: 2026ൽ ഒരു സഞ്ചാരി നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 10 ട്രെൻഡിങ് ഡെസ്റ്റിനേഷനുകളിലൊന്ന് കേരളത്തിൽ. വിയറ്റ്നാമിലെ മുനി നെയും ചൈനയിലെ ഗ്വാങ്ഷൗവും യു.എസിലെ ഫിലാഡൽഫിയും ഉൾപ്പെട്ട ലിസ്റ്റിൽ മൂന്നാമതായി ഉൾപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ സ്വന്തം കൊച്ചിയാണ്.
ബുക്കിങ്.കോം തയാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏക ഡസ്റ്റിനേഷനാണ് കൊച്ചി.
നൂറ്റാണ്ടുകളുടെ ആഗോള വ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും കേന്ദ്രമാണ് കൊച്ചിയെന്നും നിരവധി ചരിത്ര ആകർഷണങ്ങളും വാഗ്ദാനം ചെയ്യുന്ന നഗരത്തിൽ വർണാഭമായ മാളികകൾ മുതൽ ആധുനിക ആർട്ട് കഫേകൾ വരെ കാണാമെന്ന് ബുക്കിങ്.കോം വിശദീകരിക്കുന്നു. വൈവിധ്യമാർന്ന സമുദ്രവിഭവങ്ങൾ, ഭക്ഷണപ്രിയർക്ക് അതിശയിപ്പിക്കുന്ന തീരദേശ പാചകരീതികൾ, പരമ്പരാഗത നാളികേര ഉൽപന്നങ്ങൾ എന്നിവ കൊച്ചിയുടെ മാത്രം പ്രത്യേകതയാണെന്ന് ബുക്കിങ്.കോം പറയുന്നു.
ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണെന്നും കേരള ടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരമാണെന്നും ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ട്രെൻഡിങ് ഡെസ്റ്റിനേഷനിൽ ഇടം പിടിച്ച ഒന്നാമത്തെ സ്ഥലം വിയറ്റ്നാമിന്റെ തെക്കുകിഴക്കൻ തീരത്തുള്ള മുയി നേയാണ്. വർഷം മുഴുവനും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ചൈനയിലെ വൻനഗരമായ ഗ്വാങ്‌ഷൗ ആണ് ലിസ്റ്റിൽ രണ്ടാമത്. കൊച്ചിയാണ് മൂന്നാമത്. ഫുട്ബാൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന യു.എസിലെ ഫിലാഡൽഫിയയാണ് പട്ടികയിൽ നാലാമത്.
ആസ്‌ട്രേലിയയുടെ ഉഷ്ണമേഖലാ വടക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന പോർട്ട് ഡഗ്ലസാണ് അഞ്ചാമത്. ആമസോൺ മഴക്കാടുകളിലേക്കുള്ള കവാടമായ ബ്രസീലിലെ മനാസാണ് ആറാമത്. കൊളംബിയയിലെ മഗ്ദലീന നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബാരൻക്വില്ലയാണ് ഏഴാമത്. മധ്യ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹത്തിലെ പത്ത് ദ്വീപുകളിൽ ഒന്നായ കേപ്പ് വെർഡെയിലെ സാൽ ആണ് എട്ടാമത്. ലോകോത്തര കലയ്ക്കും വാസ്തുവിദ്യയ്ക്കും പേരുകേട്ട സ്പെയിനിലെ ബിൽബാവോയാണ് ഒൻപതാം സ്ഥാനത്ത്. പടിഞ്ഞാറൻ ജർമ്മനിയിലെ ഒരു മനോഹരമായ നഗരമായ മ്യൂൺസ്റ്ററാണ് പട്ടികയിൽ ഇടംപിടിച്ച പത്താമത്തെ സ്ഥലം.
1. മുയി നെ, വിയറ്റ്നാം
2. ഗ്വാങ്‌ഷൗ, ചൈന
3. കൊച്ചി, ഇന്ത്യ









