
കറാച്ചി: പാകിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പിന്‍മാറിയേക്കും.ഇസ്ലാമാബാദില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ താരങ്ങള്‍ പാകിസ്ഥാനെിരായ പരമ്പരയില്‍ നിന്ന് പിന്‍മാറാനൊരുങ്ങുന്നത്.
വ്യാഴാഴ്ച റാവല്‍പിണ്ടിയില്‍ നടക്കേണ്ട രണ്ടാം ഏകദിന മത്സരത്തില്‍ കളിക്കില്ലെന്ന നിലപാടിലാണ് താരങ്ങള്‍.പാകിസ്ഥാനില്‍ സുരക്ഷിതരല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നുമുളള നിലപാടിലാണ് താരങ്ങള്‍.
അതേസമയം, പര്യടനം ഉപേക്ഷിക്കരുതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് പാക് ക്രിക്കറ്റ് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.പാകിസ്ഥാനും ശ്രീലങ്കയും ആദ്യ ഏകദിനത്തില്‍ ഏറ്റുമുട്ടിയ റാവല്‍പിണ്ടിയില്‍ നിന്ന് 17 കിലോ മീറ്റര്‍ അകലെയാണ് ചാവേര്‍ ആക്രമണം നടന്നത്. സ്‌ഫോടനം നടന്നിട്ടും ആദ്യ ഏകദിന മത്സരം പൂര്‍ത്തിയാക്കിയ ശ്രീലങ്കന്‍ താരങ്ങള്‍ സുരക്ഷാ വിഷയത്തില്‍ ആശങ്കയറിച്ചിരുന്നു.കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താരങ്ങള്‍.
അതിനിടെ പാക് ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വി ശ്രീലങ്കന്‍ താരങ്ങളെ അനുനയിപ്പിക്കാന്‍ നീക്കം തുടങ്ങി.ടീമിന് എല്ലാതരത്തിലുള്ള സുരക്ഷയും നല്‍കാമെന്ന് നഖ്വി വാഗ്ദാനം ചെയ്‌തെങ്കിലും ലങ്കന്‍ താരങ്ങള്‍ വഴങ്ങിയിട്ടില്ല. പരമ്പര ബഹിഷ്‌കരിക്കരുതെന്ന ആവശ്യവുമായി നഖ്വി പാകിസ്ഥാനിലെ ശ്രീലങ്കന്‍ ഹൈക്കമീഷണറെയും കണ്ടുവെന്നാണ് അറിയുന്നത്.2009ല്‍ പാകിസ്ഥാന്‍ പര്യടനം നടത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ചാവേറാക്രമണം ഉണ്ടായിട്ടുണ്ട്.









