
പുനെ: പുള്ളിപ്പുലിയുടെ തുടർച്ചയായ ആക്രമണങ്ങൾ ഭീതിയിലാഴ്ത്തിയതോടെ, പുനെയിലെ പിമ്പാർഖേഡ് ഗ്രാമവാസികൾ അസാധാരണമായ ഒരു സ്വയരക്ഷാ മാർഗ്ഗം കണ്ടെത്തിയിരിക്കുന്നു. പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെയുള്ള ഗ്രാമീണർ, കഴുത്തിന് കവചമെന്ന നിലയിൽ ആണികൾ തറച്ച ബെൽറ്റുകൾ ധരിച്ചാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്.
അടുത്തിടെ പ്രദേശത്ത് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതോടെയാണ് നാട്ടുകാർ വലിയ ഭീതിയിലായത്. വയലുകളിലും മറ്റ് ജോലികളിലും ഏർപ്പെടുന്ന ഗ്രാമീണർ, പുള്ളിപ്പുലികൾ ഇരയെ പിടികൂടുമ്പോൾ ആദ്യം ലക്ഷ്യമിടുന്നത് കഴുത്തിനെയാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതിരോധ മാർഗ്ഗം സ്വീകരിച്ചത്.
“എത്ര നേരം വീടുകളിൽ അടച്ചിരിക്കും? വയലിൽ പോകുന്നത് നിർത്തിയാൽ എങ്ങനെ ഭക്ഷണത്തിനുള്ള വക കണ്ടെത്തും? ഞങ്ങൾക്കും ജീവിക്കണ്ടേ? ഇങ്ങനെ കഴുത്തിൽ ബെൽറ്റുമായി നടക്കേണ്ടി വരുന്നത് നാണക്കേടാണ്. പക്ഷേ ഞങ്ങൾക്ക് വേറെ മാർഗ്ഗമില്ല,” അവർ പറയുന്നു. ഗ്രാമീണർ തങ്ങളുടെ വളർത്തുമൃഗങ്ങളെയും പുള്ളിപ്പുലിയിൽ നിന്ന് രക്ഷിക്കുന്നതിനായി ഇരുമ്പ് കോളറുകൾ ധരിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരോ വനം വകുപ്പോ സുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ഗ്രാമീണരുടെ പ്രധാന പരാതി. അതേസമയം, നാല് ദിവസം മുമ്പ് നരഭോജിയായ ഒരു പുള്ളിപ്പുലിയെ വനം വകുപ്പ് വെടിവച്ച് കൊന്നിരുന്നു. ആദ്യം പിടികൂടാൻ ശ്രമിച്ചെങ്കിലും പുലി ആക്രമിക്കാൻ മുതിർന്നതോടെയാണ് വെടിവച്ച് കൊല്ലേണ്ടി വന്നതെന്ന് അധികൃതർ അറിയിച്ചു.
The post ജീവൻ രക്ഷിക്കാൻ പുതിയ വഴി: പുള്ളിപ്പുലിയെ നേരിടാൻ കഴുത്തിൽ ആണികൾ തറച്ച ബെൽറ്റുമായി ഗ്രാമീണർ! appeared first on Express Kerala.









