
കൊച്ചി: സൂപ്പര്‍ ലീഗ് കേരള നിലവിലെ സീസണില്‍ കളിച്ച ആറ് മത്സരങ്ങളിലും പരാജയപ്പെട്ട ഫോഴ്‌സ കൊച്ചി എഫ്‌സി മുഖ്യ പരിശീലകന്‍ മിഗ്വല്‍ യ്യാഡോയെ പുറത്താക്കി. ക്ലബ്ബും യ്യാഡോയും പരസ്പര ധാരണയോടെ കരാര്‍ അവസാനിപ്പിച്ചുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ആറ് മത്സരങ്ങളും തോറ്റ ടീമിന് ഇതുവരെ ഒരു പോയിന്റ് പോലും നേടാന്‍ സാധിച്ചിട്ടില്ല. ക്ലബ്ബ് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ച വിവരം പുറത്തായതോടെയാണ് നിലവിലെ കോച്ച് പുറത്താക്കപ്പെട്ട വിവരം വെളിപ്പെടുന്നത്.
ലീഗില്‍ ഫോഴ്‌സ കൊച്ചിയുടെ അടുത്ത മത്സരം സ്വന്തം തട്ടകമായ എറണാകുളം മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച നടക്കും. തിരുവനന്തപുരം കൊമ്പന്‍സ് ആണ് എതിരാളികള്‍. കരുത്തന്‍ ടീം കണ്ണൂരിനെ അവരുടെ തട്ടകത്തില്‍ 3-1ന് തോല്‍പ്പിച്ചാണ് കൊമ്പന്‍സ് എറണാകുളത്തേക്കെത്തുന്നത്.









