
കുമാമോട്ടോ: ഭാരതത്തിന്റെ പുരുഷ ബാഡ്മിന്റണ്‍ താരങ്ങളായ എച്ച്.എസ്. പ്രണോയിക്കും ലക്ഷ്യാ സെന്നിനും കുമാമോട്ടോ മാസ്‌റ്റേഴ്‌സില്‍ വിജയം. കോക്കി വറ്റനാബെയെ നേരിട്ട ലക്ഷ്യ നേരിട്ടുള്ള ഗെയിമിനാണ് ജയിച്ചത്.
വെറും 39 മിനിറ്റുകൊണ്ട് ലക്ഷ്യ മത്സരം പൂര്‍ത്തിയാക്കി. വറ്റനാബെയെ 21-12, 21-16ന് തോല്‍പ്പിച്ചു. അടുത്ത സിംഗപ്പൂരിന്റെ ജിയ ഹെങ് ജേസനെ നേരിടും.
മലയാളി താരം എച്ച്.എസ്. പ്രണോയ് മലേഷ്യയുടെ ജുന്‍ ഹോ ലിയോങ്ങിനെ ആണ് തോല്‍പ്പിച്ചത്. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു പ്രണോയിയുടെ വിജയം. ഇന്നത്തെ പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ റാസ്മസ് ഗെംകെ ആണ് പ്രണോയിയുടെ എതിരാളി. ഇരുവരും തമ്മിലുള്ള ഏഴാം പോരട്ടമാണ് ഇന്നത്തേത്. ഇതുവരെ നേരിട്ട ആറ് മത്സരങ്ങളില്‍ നാലെണ്ണം റാസ്മരും രണ്ടെണ്ണം പ്രണോയിയും ജയിച്ചു.
ഭാരതത്തിന്റെ മറ്റ് താരങ്ങളെല്ലാം ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടു. കിരണ്‍ ജോര്‍ജ് മലേഷ്യയുടെ കോക് ജിങ് ഹോങ്ങിനോട് നേരിട്ടുള്ള ഗെയിമിന് പരാജയപ്പെട്ടപ്പോള്‍ ജപ്പാന്റെ കോഡയ് നരോക്കയോട് നേരിട്ടുള്ള ഗെയിമിന് പരാജയപ്പെട്ടാണ് ആയുഷ് ഷെട്ടിയുടെ പുറത്താകല്‍. തരുണ്‍ മണ്ണേപ്പള്ളി കൊറിയന്‍ താരം ഹ്യോക്ക് ജിന്‍ ജ്യോന് മുന്നില്‍ കീഴടങ്ങിയാണ് പുറത്തായത്. മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ കപൂര്‍-ഋതിക ഗഡ്ഡെ സഖ്യം അമേരിക്കന്‍ താരങ്ങളായ പ്രെസ്‌ലേ സ്മിത്ത്-ജെന്നീ ഗായ് സഖ്യത്തോടാണ് പരാജയപ്പെട്ടത്.









