
കൊല്‍ക്കത്ത: ഭാരതത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ നാളെ ആരംഭിക്കും. രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ കൊല്‍ക്കത്തയിലാണ് തുടങ്ങുക. ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഭാരതത്തില്‍ ടെസ്റ്റ് പരമ്പരയ്‌ക്കെത്തുന്നത്. ഇത്തവണത്തെ ഭാരത പര്യടനത്തില്‍ രണ്ട് ടെസ്റ്റുകള്‍ക്ക് പുറമെ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20യും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡിസംബര്‍ 19ന് നടക്കുന്ന അവസാന ട്വന്റി20 പോരാട്ടത്തോടെയായിരിക്കും ദക്ഷിണാഫ്രിക്കയുടെ മത്സരങ്ങള്‍ അവസാനിക്കുക.
ഇതിന് മുമ്പ് 2019ല്‍ ദക്ഷിണാഫ്രിക്ക ഭാരതത്തില്‍ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയപ്പോള്‍ 3-0ന് പരാജയപ്പെട്ടാണ് മടങ്ങിയത്. അതിന് ശേഷം രണ്ട് തവണ ഭാരതം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരകള്‍ക്കായി പോയി. 2021-22ല്‍ നടന്ന മൂന്ന് മത്സര പരമ്പര ഭാരതം 2-1ന് സ്വന്തമാക്കി. പിന്നീട് 2023 ഡിസംബര്‍, 2024 ജനുവരി കാലയളവില്‍ നടന്ന രണ്ട് മത്സര പരമ്പര 1-1 സമനിലയില്‍ പിരിഞ്ഞു.
കഴിഞ്ഞ മാസം നാട്ടിലെത്തിയ വെസ്റ്റിന്‍ഡീസിനെതിരെ ആണ് ഭാരതം അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. രണ്ട് മത്സര പരമ്പര ഭാരതം 2-0ന് സ്വന്തമാക്കിയിരുന്നു. അതിന് മുമ്പ് ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെട്ട ഭാരതം അഞ്ച് മത്സര ടെസ്റ്റ് പരമ്പര 2-2 സമനിലയിലാക്കിയിരുന്നു. ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ ഭാരതം ആറ് റണ്‍സിന്റെ ആവേശ ജയത്തോടെയാണ് പരമ്പര സമനിലയിലാക്കിയത്.
ലോക ക്രിക്കറ്റ് വേദികളില്‍ ഏറ്റവും മികച്ച പിച്ചുകളിലൊന്നായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആര്‍ വര്‍ഷത്തിന് ശേഷം ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നുവെന്ന പ്രത്യേകത കൂടി നാളെ തുടങ്ങുന്ന മത്സരത്തിനുണ്ട്.
ഉള്‍പ്പെടുത്തിയിരിക്കുന്ന മത്സരങ്ങള്‍
രണ്ട് ടെസ്റ്റുകള്‍
ആദ്യ മത്സരം നാളെ കൊല്‍ക്കത്തയില്‍
രണ്ടാം ടെസ്റ്റ് 22ന് ഗോഹട്ടിയില്‍
മൂന്ന് ഏകദിനങ്ങള്‍
മത്സരങ്ങളെല്ലാം പകലും രാത്രിയുമായി
ആദ്യ മത്സരം നവംബര്‍ 30ന് റാഞ്ചിയില്‍
രണ്ടാം മത്സരം ഡിസംബര്‍ മൂന്നിന് റായിപുരില്‍
മൂന്നാം മത്സരം ഡിസംബര്‍ ആറിന് വിശാഖപട്ടണത്ത്
അഞ്ച് ട്വന്റി20 പോരാട്ടങ്ങള്‍
1. ഡിസംബര്‍ ഒമ്പത് (കട്ടക്ക്)
2. ഡിസംബര്‍ 11 (ന്യൂചണ്ഡീഗഢ്)
3. ഡിസംബര്‍ 14 (ധര്‍മശാല)
4. ഡിസംബര്‍ 17 (ലഖ്‌നൗ)
5. ഡിസംബര്‍ 19 (അഹമ്മദാബാദ്)









