
പാരീസ്: കഴിഞ്ഞ രണ്ട് ലോകകപ്പ് ഫുട്‌ബോളില്‍ ഫൈനലിലെത്തിയ ഫ്രാന്‍സിന് ഇന്ന് രാത്രിയിലെ മത്സരം ജയിച്ചാല്‍ അടുത്ത വര്‍ഷത്തെ ലോകപോരിന് യോഗ്യത ഉറപ്പിക്കാം. രാത്രി 1.15ന് സ്വന്തം നാട്ടില്‍ പാരീസിലെ പാര്‍ക്ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തില്‍ ഉക്രൈനെതിരെയാണ് മത്സരം. ഇന്ന് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ വിന്‍ഡോയിലെ രണ്ട് വീതം മത്സരങ്ങളോടെ ലോകകപ്പില്‍ നേരിട്ട് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടങ്ങള്‍ സമാപിക്കുകയാണ്.
അടുത്ത വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനുള്ള 48 ടീമുകളില്‍ 16 എണ്ണം യൂറോപ്പില്‍ നിന്നാണ്. അതില്‍ 12 ടീമുകള്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള യോഗ്യതാ മത്സരങ്ങളില്‍ ഒന്നാം സ്ഥാനക്കാരാകുന്ന മുറയ്‌ക്ക് യോഗ്യത നേടും. നിലവില്‍ ഗ്രൂപ്പ് കെയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച ഇംഗ്ലണ്ട് മാത്രമാണ് ലോകകപ്പ് ഫുട്‌ബോള്‍ 2026നുള്ള പാസ് ഉറപ്പാക്കിയിട്ടുള്ള ഏക യൂറോപ്യന്‍ ടീം. എ മുതല്‍ എല്‍ വരെയുള്ള മറ്റ് ഗ്രൂപ്പുകളിലെ ജേതാക്കളെ അടുത്ത ചൊവ്വാഴ്‌ച്ച പൂര്‍ത്തിയാകുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളോടെ അറിയാനാകും. ബാക്കിയുള്ള നാല് ടീമുകള്‍ പ്ലേ ഓഫിലൂടെ നിര്‍ണയിക്കപ്പെടും.
ഇന്നും നാളെയുമായി നടക്കുന്ന പോരാട്ടങ്ങളില്‍ യോഗ്യത ഉറപ്പിക്കാന്‍ കഴിയുന്ന ടീമുകളുടെ സാധ്യതകള്‍-
ഫ്രാന്‍സ് ഫൈന്‍സിലെത്താന്‍
നിലവിലെ റണ്ണറപ്പുകളായ ഫ്രാന്‍സ് ഇന്ന് രാത്രി നേരിടുന്ന ഉക്രൈന്‍ ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരാണ്. ഇരു ടീമുകളും തമ്മില്‍ നിലവില്‍ മൂന്ന് പോയിന്റ് വ്യത്യാസമാണുള്ളത്. ഫ്രാന്‍സ് ജയിച്ചാല്‍ പോയിന്റ് വ്യത്യാസം ആറാകും. അതോടെ അവസാന മത്സരത്തില്‍ ഫ്രാന്‍സ് തോറ്റാല്‍ പോലും ഒന്നും സംഭവിക്കില്ല. ഇന്ന് ഉക്രൈന്‍ ജയിച്ചാല്‍ കളി മാറും. അവസാന മത്സരത്തില്‍ ഫ്രാന്‍സ് വലിയ സമ്മര്‍ദ്ദത്തിലാകും. അവസാന കളിയില്‍ ഉക്രൈനും ജയിച്ചാല്‍ ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രൂപ്പ് ജേതാക്കള്‍ നിര്‍ണയിക്കപ്പെടുക.
പോര്‍ച്ചുഗലിന് ചിലപ്പോള്‍ കളിക്കേണ്ടിവരില്ല
നിലവിലെ യുവേഫ നേഷന്‍സ് ലീഗ് ജേതാക്കളായ പോര്‍ച്ചുഗല്‍ ഇന്ന് ജയിച്ചാല്‍ മറ്റൊന്നിനെയും നോക്കാതെ യോഗ്യത ഉറപ്പിക്കാം. ഗ്രൂപ്പ് എഫിലെ പോരില്‍ അയര്‍ലന്‍ഡ് ആണ് എതിരാളികള്‍. എന്നാല്‍ ഈ മത്സരത്തിന് മുമ്പേ പൂര്‍ത്തിയാകുന്ന ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ ഹംഗറിക്ക് അര്‍മേനിയയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ പോര്‍ച്ചുഗല്‍ കളത്തിലിറങ്ങാതെ തന്നെ യോഗ്യത നേടും. പോര്‍ച്ചുഗലിന് നിലവില്‍ പത്ത് പോയിന്റും ഹംഗറിക്ക് അഞ്ച് പോയിന്റുമാണുള്ളത്.
ഇറ്റലി തോറ്റാല്‍ ഹാളണ്ടിന്റെ നോര്‍വേ
ഗ്രൂപ്പ് ഐയില്‍ ഇന്ന് നോര്‍വേ സമനില പാലിച്ചാല്‍ പോലും ഇറ്റലിയുടെ നില പരുങ്ങലിലാകും. രാത്രി 10.30ന് നടക്കുന്ന മത്സരത്തില്‍ നോര്‍വേ-എസ്റ്റോണിയ മത്സരത്തില്‍ സമനില പാലിച്ചാല്‍ ഇറ്റലി നാല് പോയിന്റ് പിന്നിലാകും. ഇതോടെ രാത്രി 1.15ന് മോള്‍ഡോവയ്‌ക്കെതിരെ നടക്കുന്ന മത്സരം ഇറ്റലിക്ക് വലിയ സമ്മര്‍ദം സമ്മാനിക്കും. പരാജയപ്പെട്ടാല്‍ നോര്‍വേ യോഗ്യത ഉറപ്പിക്കും.
ക്രോട്ടുകള്‍ക്കൊരു സമനില മതി
നാളെ രാത്രി 1.15നാണ് ക്രൊയേഷ്യയുടെ മത്സരം.
ഫറോ ഐലന്‍ഡിനെതിരെ നടക്കുന്ന മത്സരം സമനിലയിലാക്കിയാല്‍ പോലും ടീമിന് യോഗ്യത ഉറപ്പിക്കാനാകും.
ഡച്ചുകാര്‍ക്ക് പോളണ്ട് കടക്കണം
നാളെ രാത്രി 1.15നുള്ള കരുത്തന്‍ പോരാട്ടത്തില്‍ പോളണ്ടിനെ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ നെതര്‍ലന്‍ഡ്‌സിന് നേരിട്ട് യോഗ്യത നേടാം. നെതര്‍ലന്‍ഡ്‌സിന് ജയത്തില്‍ കുറഞ്ഞ എന്തു തന്നെ ആയാലും അടുത്ത മത്സരം വരെ കാക്കേണ്ടിവരും.









