മനാമ: പ്രവാസ ലോകത്ത് മികവുറ്റ സംഭാവനകൾ നൽകി, ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടി ബഹുമതിയാർജിച്ച അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായരെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) ആദരിച്ചു.
നാട്ടിലും പ്രവാസ ലോകത്തും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പാലക്കാടുകാരനായ പമ്പാവാസൻ നായർ പാക്ടിന്റെ അഭിമാനമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. “അദ്ദേഹത്തിന്റെ നേട്ടങ്ങൾ പാക്ടിന്റെയും അഭിമാനമാണ്,” അവർ കൂട്ടിച്ചേർത്തു.
ചന്ദ്രമ്മ മാധവൻ നായർ (സി.എം.എൻ) ട്രസ്റ്റ് മുഖേന വീടില്ലാത്തവർക്ക് വീടുകൾ പണിയും, രോഗികൾക്ക് ചികിത്സാ സഹായം നൽകും, നിരാലംബർക്കായി പെൻഷൻ നൽകും തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ പമ്പാവാസൻ നായർ ബിസിനസ് ലോകത്തും സാമൂഹിക രംഗത്തും വേറിട്ട വ്യക്തിത്വമാണ്.
പാക്ടിനോട് എന്നും ആത്മബന്ധം പുലർത്തുന്ന പമ്പാവാസൻ നായരോടുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ അടങ്ങിയതല്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, പ്രസിഡന്റ് അശോക് കുമാർ, ജനറൽ സെക്രട്ടറി ശിവദാസ് നായർ, സജിത സതീഷ്, ഉഷ സുരേഷ്, രമ്യ ഗോപകുമാർ, മൂർത്തി നൂറണി, ജഗദീഷ് കുമാർ, രാമനുണ്ണി കോടൂർ, സത്യൻ പേരാമ്പ്ര , സൽമാനുൽ ഫാരിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.









