നവംബർ 14 നു രാജ്യമെമ്പാടും ശിശുദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. എല്ലാ വർഷവും, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ന് ആണ് ഇന്ത്യയിലുടനീളം ശിശുദിനം ആഘോഷിക്കുന്നത്. ചാച്ചാ നെഹ്‌റു എന്നറിയപ്പെടുന്ന അദ്ദേഹം കുട്ടികളാണ് രാജ്യത്തിന്റെ യഥാർത്ഥ ശക്തിയും ഭാവിയും എന്ന് വിശ്വസിച്ചു. യുവ മനസ്സുകളുടെ നിഷ്കളങ്കതയോടും കാഴ്ചപ്പാടിനോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹവും ആദരവും ഈ ദിവസത്തെ നിഷ്കളങ്കതയുടെയും സ്വപ്നങ്ങളുടെയും അതിരുകളില്ലാത്ത ഊർജ്ജത്തിന്റെയും ഒരു ദേശീയ ആഘോഷമാക്കി മാറ്റി. ഇത്തവണയും നമ്മൾ ശിശു ദിനം ആഘോഷിക്കും മുൻപ് കേരളത്തിലെ ആലപ്പുഴ ജില്ലയ്ക്കും നെഹ്‌റുവിന്റെ ഓർമ്മയിൽ ഒരു കഥ പറയാനുണ്ട്. വള്ളം കളിക്ക് പേരുകേട്ട ആലപ്പുഴയിൽ നെഹ്‌റുവിന്റെ പേരിൽ അറിയപ്പെടുന്ന വള്ളംകളിയ്ക്ക് പിന്നിലെ യഥാർത്ഥ കഥ അറിയാം.
നെഹ്‌റു ട്രോഫി വള്ളംകളി
ആലപ്പുഴയിലെ ചുണ്ടൻ വള്ളംകളി മത്സരങ്ങൾ ഇപ്പോൾ ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിക്കുകയാണ്. 1952 ഡിസംബർ 27-ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ആലപ്പുഴ സന്ദർശിച്ചതോടെയാണ് ഈ ജലോത്സവം ആരംഭിച്ചത്. കേരള സന്ദർശന വേളയിൽ, കോട്ടയത്ത് നിന്ന് കുട്ടനാട് വഴി ആലപ്പുഴയിലേക്ക് ബോട്ടിൽ യാത്ര ചെയ്യേണ്ടിവന്ന നെഹ്‌റുവിന് വേണ്ടി ചുണ്ടൻ വള്ളങ്ങളുടെ മത്സരവും സർക്കാർ പ്രത്യേകം സംഘടിപ്പിച്ചു.
ആലപ്പുഴയിൽ എത്തിയ നെഹ്‌റുവിനെ ഔദ്യോഗികമായി 63 വെടിമുഴക്കത്തോടെ ആണ് അന്നത്തെ സർക്കാർ സ്വീകരിച്ചത്. അന്ന് അദ്ദേഹത്തിന് 63 വയസ്സായിരുന്നു. മകൾ ഇന്ദിരയും കൊച്ചുമക്കളായ സഞ്ജയ്, രാജീവ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബൈനോക്കുലറിലൂടെ നെഹ്‌റു വള്ളംകളി ആസ്വദിക്കുകയായിരുന്നു. വള്ളങ്ങൾ പവലിയനിൽ എത്താറായപ്പോൾ അദ്ദേഹം കസേരയിൽ നിന്ന് എഴുന്നേറ്റു. തുഴച്ചിൽക്കാരുടെ താളത്തിനൊത്ത് അദ്ദേഹവും ചുവടുവച്ചു.
നടുഭാഗം ചുണ്ടൻ ആണ് അന്ന് ആദ്യം എത്തിയത്. ക്യാപ്റ്റൻ മാതു ചാക്കോ പ്രധാനമന്ത്രിയിൽ നിന്ന് സമ്മാനം സ്വീകരിച്ചു. തുടർന്ന് എല്ലാ ചുണ്ടൻ വള്ളങ്ങളും ആലപ്പുഴ ബോട്ട് ജെട്ടിയിലേക്ക് നീങ്ങി. വിഐപി പവലിയനിൽ എത്തിയപ്പോൾ തുഴച്ചിൽക്കാർ ആവേശത്തോടെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. ആവേശഭരിതനായ നെഹ്‌റു നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി.
ആദ്യ മത്സരത്തിൽ എട്ട് വള്ളങ്ങൾ ആണ് പങ്കെടുത്തത്. വേമ്പനാട് കായലിന്റെ പടിഞ്ഞാറേ അറ്റത്തുള്ള മൺറോ ലൈറ്റ്ഹൗസിന്റെ പടിഞ്ഞാറ് ഭാഗത്തു നിന്ന് തെക്കോട്ട് ആയിരുന്നു ട്രാക്ക്. അന്ന് ആലപ്പുഴയെ ഒരു ജില്ലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, കൊല്ലം കളക്ടറുടെ നേതൃത്വത്തിലാണ് വള്ളംകളി നടന്നത്.
നെഹ്‌റുവിന്റെ കയ്യൊപ്പുള്ള കപ്പ്
സന്ദർശനം കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങും മുൻപ് നെഹ്‌റു സംഘാടകരോട് എന്താണ് ചെയ്തു തരേണ്ടത് എന്ന് ചോദിച്ചു. ‘നമുക്ക് എല്ലാ വർഷവും ഇത് നടത്താൻ കഴിയണം’ എന്നായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി ടി.എം. വർഗീസ്, കുട്ടിച്ചൻ, കെ.എം. കോര എന്നിവർ പറഞ്ഞത്. ഡൽഹിയിലെത്തിയ ശേഷം, നെഹ്‌റു സ്വന്തം ഒപ്പോടുകൂടിയ വെള്ളിയിൽ തീർത്ത ഒരു ചുണ്ടൻവള്ളത്തിന്റെ ഒരു മാതൃക കേരളത്തിലേക്ക് അയച്ചു. വിജയികൾക്ക് നൽകുന്ന നെഹ്‌റു ട്രോഫിയാണ് ഈ മാതൃക. തുടക്കത്തിൽ ഇത് പ്രധാനമന്ത്രിയുടെ ട്രോഫി എന്നറിയപ്പെട്ടിരുന്നു. 1969 ൽ പേര് മാറ്റി നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കി മാറ്റി.
1953-ൽ വള്ളംകളി നടന്നില്ല
1953-ൽ വള്ളംകളി നടത്താൻ കഴിഞ്ഞില്ല. 1954-ലും വള്ളംകളി നടത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അന്നത്തെ കൊല്ലം കളക്ടർ പി.കെ. ജേക്കബ് നാട്ടുകാരെയും വള്ളംകളി പ്രേമികളെയും വിളിച്ച് കാര്യം വിശദീകരിച്ചു. ട്രോഫി തിരികെ നൽകേണ്ടിവരുമെന്ന് അദ്ദേഹം അവരെ അറിയിച്ചു. തുടർന്ന്, ഉടൻ തന്നെ ഒരു തീയതി നിശ്ചയിച്ച് വള്ളംകളി നടത്തി. 1954-ൽ, പ്രധാനമന്ത്രിയുടെ ട്രോഫി എന്ന പേരിൽ കൈനകരിയിലെ മീനപ്പള്ളി വട്ടക്കയലിൽ വള്ളംകളി നടത്തി. ഇവിടുത്തെ ശക്തമായ കാറ്റ് കാരണം, 1955-ൽ അത് പുന്നമട തടാകത്തിലേക്ക് മാറ്റി. അപൂർവ സന്ദർഭങ്ങളിൽ മാത്രമേ ജലോത്സവം ആഗസ്റ്റിൽ നിന്ന് മാറ്റിയിട്ടുള്ളൂ.
2012- ലെ മത്സരം
2012-ലെ വജ്രജൂബിലി വർഷത്തിൽ, മൂന്ന് ദിവസങ്ങളിലായി ആണ് ഈ വള്ളംകളി മത്സരം നടത്തിയത്. ആദ്യ ദിവസം ചെറുവള്ളങ്ങളുടെയും മൂന്നാം ദിവസം ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ചുണ്ടൻവള്ളങ്ങളുടെയും മത്സരം ആണ് നടത്തിയത്. കോവിഡ് കാരണം 2020, 2021 മത്സരങ്ങൾ പൂർണ്ണമായും റദ്ദാക്കിയിരുന്നു.
ഓർമിക്കേണ്ട നിമിഷം
ഡൽഹിയിലെത്തിയ നെഹ്‌റു തന്റെ ഒപ്പ് പതിച്ച ഒരു വെള്ളി ട്രോഫി അന്നത്തെ കൊല്ലം കളക്ടർ എൻ.പി. ചെല്ലപ്പൻ നായർക്ക് ആണ് അയച്ചത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “തിരുവിതാംകൂറിലെ സമൂഹ ജീവിതത്തിന്റെ ഒരു സുപ്രധാന സവിശേഷതയായ വള്ളംകളി വിജയികൾക്ക്.”









