ടൈം ഔട്ടിന്റെ ‘സിറ്റി ലൈഫ് ഇൻഡക്സ് 2025’ പ്രകാരം ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമായി മുംബൈയെ തിരഞ്ഞെടുത്തു. ഉയർന്ന വാടക, ഗതാഗതക്കുരുക്ക്, തിരക്കേറിയ ജീവിതശൈലി എന്നിവയുണ്ടായിട്ടും ബെയ്ജിങ്, ഷാങ്ഹായ്, ചിയാങ് മായ്, ഹനോയി തുടങ്ങിയ നഗരങ്ങളെ പിന്തള്ളിയാണ് മുംബൈ ഈ സ്ഥാനം നേടിയത്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളെക്കാൾ അവിടുത്തെ സമൂഹം, സംസ്കാരം, ദൈനംദിന ജീവിതത്തിലെ അനുഭവങ്ങൾ എന്നിവയാണ് താമസക്കാർക്ക് സന്തോഷം നൽകുന്നതെന്ന് സർവേ പറയുന്നു. സർവേയിൽ പങ്കെടുത്ത 94 ശതമാനം മുംബൈ നിവാസികളും തങ്ങളുടെ നഗരം സന്തോഷം നൽകുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഏകദേശം 90 ശതമാനം പേർ മുംബൈയിൽ മറ്റെവിടെയേക്കാളും സന്തോഷവാന്മാരാണെന്ന് റിപ്പോർട്ട് ചെയ്തു.
സ്വന്തം നഗരങ്ങളിലെ സംസ്‌കാരം, നൈറ്റ് ലൈഫ്, ഭക്ഷണം, ജീവിത നിലവാരം എന്നിവയായിരുന്നു മാനദണ്ഡം. നഗരം സന്തോഷം നല്‍കുന്നുണ്ടോ, നാട്ടുകാര്‍ പോസിറ്റീവാണോ എന്നതുള്‍പ്പെടെ അഞ്ച് മേഖലകള്‍ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തൽ. മുംബൈ, ബെയ്ജിങ്, ഷാങ്ഹായ്, ചിയാങ് മായ്, ഹനോയി, ജക്കാർത്ത, ഹോങ്കോങ്, ബാങ്കോക്ക്, സിംഗപ്പൂർ, സിയോൾ എന്നിവയാണ് സന്തോഷ സൂചികയിലെ 10 നഗരങ്ങൾ. സ്വപ്നങ്ങളുടെ നഗരം എന്നറിയപ്പെടുന്ന മുംബൈയിലെ ഉത്സവാന്തരീക്ഷം, സാംസ്കാരിക വൈവിധ്യം, സൗഹൃദപരമായ സമീപനം എന്നിവയാണ് സന്തോഷ സൂചികയിൽ ഒന്നാമതെത്താൻ കാരണം.
സന്തോഷ സൂചികയിൽ മുംബൈക്ക് തൊട്ടുപിന്നിലായി ചൈനയിലെ ബെയ്ജിങ് (93%), ഷാങ്ഹായ് (92%) എന്നീ നഗരങ്ങളുണ്ട്. സുരക്ഷ, സൗകര്യം, കുറഞ്ഞ ജീവിതച്ചെലവ്, സംസ്കാരം എന്നിവയിൽ ഈ നഗരങ്ങൾ ഉയർന്ന റാങ്ക് നേടി. ടോക്കിയോ, സോൾ, സിംഗപ്പൂർ തുടങ്ങിയ ഏഷ്യയിലെ തിരക്കേറിയ ചില മെട്രോ നഗരങ്ങൾ റാങ്കിങ്ങിൽ താഴെയായി. ടോക്കിയോയിലെ 70 ശതമാനം താമസക്കാര്‍ മാത്രമാണ് തങ്ങളുടെ നഗരം സന്തോഷം നല്‍കുന്നു എന്ന് പറഞ്ഞത്. നീണ്ട ജോലി സമയം, ഉയർന്ന സമ്മർദം, വേഗത്തിലുള്ള നഗരജീവിതം എന്നിവയാണ് ഇതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.









