ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ഫോട്ടോകളിൽ പലപ്പോഴും അദ്ദേഹത്തിന്റെ കോട്ടിൽ ഒരു റോസാപ്പൂവ് കാണാം. ഇതിന് പല കാരണങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് റോസാപ്പൂക്കൾ വളരെ ഇഷ്ടമായിരുന്നത് കൊണ്ടാണ് എന്ന് പലരും പറഞ്ഞിരുന്നു. മറ്റ് കാരണങ്ങളും ഇതിനെക്കുറിച്ച് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടി അതിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഇതിന്റെ കാരണം വിശദീകരിച്ചിരിക്കുകയാണ്. ഐഎൻസി ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് നെഹ്‌റുവിന്റെ ചിത്രത്തിനൊപ്പം ഇതിനുള്ള കാരണം വിശദീകരിച്ചിരിക്കുന്നത്.
പണ്ഡിറ്റ് നെഹ്‌റു കോട്ടിൽ ഒരു റോസാപ്പൂവ് സൂക്ഷിക്കാറുണ്ടായിരുന്നത് എന്തുകൊണ്ടാണ്?
ജവഹർലാൽ നെഹ്‌റു കോട്ടിൽ ഒരു റോസാപ്പൂവ് വച്ചിരിക്കുന്ന ഒരു ഫോട്ടോ കോൺഗ്രസ് പാർട്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. പണ്ഡിറ്റ് നെഹ്‌റു തന്റെ ഭാര്യ കമല നെഹ്‌റുവിന്റെ ഓർമ്മയ്ക്കായി ആണ് എപ്പോഴും തന്റെ കോട്ടിൽ ഒരു റോസാപ്പൂവ് വച്ചിരുന്നത് എന്ന് പോസ്റ്റിൽ പറയുന്നു. 1938-ൽ ദീർഘനാളത്തെ അസുഖത്തെ തുടർന്ന് മരണമടഞ്ഞ ഭാര്യ കമല നെഹ്‌റുവിനൊപ്പം ചെലവഴിച്ച സമയത്തിന്റെ സ്മരണയ്ക്കായി ആണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു എല്ലാ ദിവസവും തന്റെ കോട്ടിൽ ഒരു ചുവന്ന റോസാപ്പൂവ് സൂക്ഷിച്ചിരുന്നത് എന്ന് പോസ്റ്റിൽ പറയുന്നു.
ശിശുദിനം ആദ്യമായി ആഘോഷിച്ചത് എപ്പോഴാണ്?
1964 വരെ, ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ, നവംബർ 20-നാണ് ഇന്ത്യയിൽ ശിശുദിനം ആഘോഷിച്ചിരുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങളെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി പ്രചാരണം നടത്തുന്നതിനുമായി 1954-ൽ ഐക്യരാഷ്ട്രസഭ (UN) സാർവത്രിക ശിശുദിനം പ്രഖ്യാപിച്ചു.
അങ്ങനെ, 1954 നവംബർ 20 ന് ആദ്യമായി അന്താരാഷ്ട്ര തലത്തിൽ സാർവത്രിക ശിശുദിനം ആഘോഷിച്ചു. ഇന്ത്യയിലും അതേ ദിവസം തന്നെ സാർവത്രിക ശിശുദിനം ആഘോഷിച്ചു. എന്നാൽ 1964 ൽ പണ്ഡിറ്റ് നെഹ്‌റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കാൻ തീരുമാനിക്കുക ആയിരുന്നു. അങ്ങനെയാണ് 1964 നവംബർ 14 ന് ആദ്യമായി ശിശുദിനം ആഘോഷിച്ചത്.
1889 നവംബർ 14 ന് ഉത്തർപ്രദേശിലെ അലഹബാദിലാണ് (ഇപ്പോൾ പ്രയാഗ്‌രാജ്) പണ്ഡിറ്റ് നെഹ്‌റു ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മോത്തിലാൽ നെഹ്‌റു അറിയപ്പെടുന്ന അഭിഭാഷകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു, അമ്മ സ്വരൂപ് റാണി നെഹ്‌റു.
കുട്ടികളുടെ ചാച്ചാ നെഹ്‌റു
പണ്ഡിറ്റ് നെഹ്‌റുവിന് കുട്ടികളോട് വലിയ വാത്സല്യമുണ്ടായിരുന്നു. അവർ അദ്ദേഹത്തെ സ്നേഹപൂർവ്വം “ചാച്ചാ നെഹ്‌റു” എന്ന് വിളിച്ചു. രാജ്യത്തുടനീളമുള്ള കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളിൽ യുവതലമുറയോടുള്ള അദ്ദേഹത്തിന്റെ ആഴമായ വാത്സല്യം പ്രതിഫലിച്ചു. കുട്ടികളാണ് രാജ്യത്തിന്റെ ഭാവി എന്ന് പണ്ഡിറ്റ് നെഹ്‌റു വിശ്വസിക്കുകയും അവരുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി തന്റെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുകയും ചെയ്തു. “ഇന്ത്യയെ കണ്ടെത്തൽ”, “ലോക ചരിത്രത്തിന്റെ കാഴ്ചകൾ” എന്നിവയുൾപ്പെടെ നിരവധി കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ട്, അവ ഇന്ത്യൻ, ആഗോള ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിപുലമായ അറിവിനെ പ്രതിഫലിപ്പിക്കുന്നവ ആണ്.
1950–55 കാലയളവിൽ ജവഹർലാൽ നെഹ്‌റു പതിനൊന്ന് തവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു, എങ്കിലും അദ്ദേഹത്തിന് ഒരിക്കൽ പോലും ഈ അവാർഡ് ലഭിച്ചില്ല.









