
ഗോവ: നാലാം റൗണ്ടില്‍ ടൈബ്രേക്കര്‍ മത്സരത്തില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ തോറ്റു. ഡാനില്‍ ഡൂബോവിനോടായിരുന്നു തോല്‍വി. ഇരുവരുടെയും രണ്ട് ക്ലാസിക് ഗെയിമുകള്‍ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് അതിവേഗ ചെസ്സിലൂടെ വിജയിയെ നിശ്ചയിക്കാന്‍ നടന്ന റാപ്പിഡിലാണ് പ്രജ്ഞാനന്ദ തോറ്റത്. ഡാനില്‍ ഡുബോവ് അപാരഫോമിലായിരുന്നു.
അതേ സമയം ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി അഞ്ചാം റൗണ്ടിലേക്ക് കടന്നു. ഹംഗറിയുടെ പീറ്റര്‍ ലീകോയെ ടൈബ്രേക്കറിലാണ് അര്‍ജുന്‍ തോല്പിച്ചത്. നേരത്തെ നടന്ന രണ്ട് ക്ലാസിക് ഗെയിമുകളും സമനിലയില്‍ പിരിഞ്ഞിരുന്നു. അപാരഫോമില്‍ കളിക്കുന്ന പി. ഹരികൃഷ്ണ എന്ന അപ്രതീക്ഷിത താരവും അഞ്ചാം റൗണ്ടിലേക്ക് കടന്നു. സ്വീഡന്‍ താരം നില്‍സ് ഗ്രാന്‍ഡിലസിനെയാണ് ഹരികൃഷ്ണ തോല്‍പിച്ചത്.
ഈ ടൂര്‍ണ്ണമെന്‍റില്‍ ഒന്നും മൂന്നും റാങ്കുകാരായിരുന്ന ഗുകേഷും പ്രജ്ഞാനന്ദയും പോയെങ്കിലും രണ്ടാം റാങ്കുകാരനും ലോകത്തിലെ ആറാം റാങ്കുകാരനുമായ അര്‍ജുന്‍ എരിഗെയ്സി മത്സരത്തില്‍ നില്‍ക്കുന്നത് പ്രതീക്ഷ പകരുന്നു. പീറ്റര് ലീക്കോയെ അത്യപൂര്‍വ്വമായ പോരാട്ടത്തിനൊടുവിലാണ് അര്‍ജുന്‍ കീഴടക്കിയത്.
206 പേരുള്ള ടൂര്‍ണ്ണമെന്‍റില്‍ ഇനി 16 താരങ്ങളേ ബാക്കിയുള്ളൂ. അമേരിക്കയുടെ സാംഷാങ്ക് ലാന്‍റ്, ജവോകിര്‍ സിന്‍ഡറോവ്, ജര്‍മ്മനിയുടെ ഫ്രെഡറിക് സ്വെയിന്‍, അലക്സി ഗ്രെബ് നേവ് എന്നിവര്‍ അഞ്ചാം റൗണ്ടിലേക്ക് കടന്നു.









