കുട്ടികളോട് അത്രമേല്‍ വാത്സല്യം പ്രകടിപ്പിച്ച ധിഷണാശാലിയായിരുന്നു, സ്വാതന്ത്ര്യസമര നേതൃത്വവും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിപദവും അലങ്കരിച്ച ജവഹര്‍ലാല്‍ നെഹ്റു. കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി അക്ഷീണം വാദിച്ച, പ്രയത്നിച്ച പ്രതിഭാധനനായ ഭരണാധികാരി.
കുരുന്നുകളോടുള്ള അദ്ദേഹത്തിന്റെ അഗാധ സ്നേഹത്തിന്റെ സ്മരണയാണ് ഓരോ ശിശുദിനത്തിലും ആഘോഷിക്കപ്പെടുന്നത്. 1889 നവംബര്‍ 14നായിരുന്നു, കുട്ടികളുടെ ചാച്ചാ നെഹ്റുവിന്റെ ജനനം. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം, കുട്ടികളെ സ്നേഹവഴിയില്‍ വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഉദ്‌ഘോഷിച്ച് എല്ലാവര്‍ഷവും ശിശുദിനമായി ആചരിക്കുന്നു.
രാജ്യത്തിന്റെ ഉന്നത ഭരണസാരഥ്യത്തിലിരിക്കുമ്പോഴും കുരുന്നുകളെ കാണുമ്പോള്‍ അദ്ദേഹവും കുട്ടിയായി. അവര്‍ക്ക് പുഞ്ചിരി സമ്മാനിച്ച് നെഞ്ചോടടുക്കി മുത്തവും പൂക്കളും സമ്മാനിച്ച് അദ്ദേഹം അവരിലേക്ക് സ്നേഹധാരയുടെ ചാലുകീറി. രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കുക ഇന്നിന്റെ കുരുന്നുകളാണെന്ന് അദ്ദഹം പലകുറി പറഞ്ഞുവച്ചു.
Happy Children’s Day Wishes And Quotes In Malayalam
- ‘ഇന്നത്തെ കുരുന്നുകള്‍ നാളത്തെ ഇന്ത്യയെ സൃഷ്ടിക്കും. നമ്മള്‍ അവരെ വളര്‍ത്തുന്ന രീതി രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കും’
- ‘കുട്ടികളെ നവീകരിക്കാനുള്ള ഏക മാര്‍ഗം അവരെ സ്നേഹത്താല്‍ ജയിക്കുക എന്നതാണ്. കുട്ടിയുടെ വഴികളെ ബലപ്രയോഗത്തിലൂടെ നിങ്ങള്‍ക്ക് ശരിയാക്കാനാവില്ല’
- ‘കുട്ടികള്‍ പൂന്തോട്ടത്തിലെ മുകുളങ്ങള്‍ പോലെയാണ്, അവര്‍ രാജ്യത്തിന്റെ ഭാവിയും നാളത്തെ പൗരരും ആയതിനാല്‍ ശ്രദ്ധയോടെയും സ്നേഹത്തോടെയും പരിപാലിക്കണം’
- ‘ഇന്ത്യയിലെ കുട്ടികളുടെ സൈന്യം, ബാഹ്യമായെങ്കിലും, അരക്ഷിതാവസ്ഥയോ ഉറപ്പില്ലായ്മയോ അനുഭവിക്കുന്നതായി കാണുന്നില്ല’
- ‘കുട്ടികളാണ് ഒരു രാജ്യത്തിന്റെ ശക്തി. അവരാണ്, രാജ്യത്തിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവുക. ആദര്‍ശങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക’
- ‘വര്‍ഷങ്ങള്‍ കടന്നുപോകുന്നത് വച്ചല്ല സമയം അളക്കപ്പെടുന്നത്, മറിച്ച് ഒരാള്‍ എന്ത് ചെയ്യുന്നു, അയാള്‍ക്ക് എന്ത് തോന്നുന്നു, എന്താണ് നേടുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ്’
- ‘സമാധാനവും സ്നേഹവും നന്മയും സത്യവും നീതിയും നിലകൊള്ളുന്ന സമൂഹമാണ് നാം സൃഷ്ടിക്കേണ്ടത്’
- ‘യഥാര്‍ഥ വാത്സല്യവും ഊഷ്മളതയും, കുട്ടികളെക്കുറിച്ച് ആഴമേറിയതും സ്ഥിരതയുള്ളതുമായ ധാരണയും ഒരു നല്ല അധ്യാപകനെ സൃഷ്ടിക്കുന്നതില്‍ അത്യന്താപേക്ഷിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’
- ‘വിദ്യാഭ്യാസമാണ് ദേശീയ പുരോഗതിയുടെ താക്കോല്‍, അതില്‍ മാനവികത ഉള്‍പ്പെടുന്നില്ലെങ്കില്‍ അത് വിദ്യാഭ്യാസമല്ല’
- ‘എല്ലാ ദിവസവും സന്തോഷം പകരാന്‍ കുട്ടികള്‍ക്ക് അവരുടേതായ വഴികളുണ്ട്’
- ‘ഒരുപക്ഷേ ഭയം പോലെ ജീവിതത്തില്‍ അത്രമേല്‍ മോശമായതും അപകടകരമായ കാര്യം വേറെയില്ല’
- ‘നല്ല ധാര്‍മ്മിക അവസ്ഥയിലായിരിക്കാന്‍ കുറഞ്ഞത് നല്ല ശാരീരികാവസ്ഥയിലായിരിക്കാനുള്ള പരിശീലനമെങ്കിലും വേണം’
- ‘ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ മെച്ചപ്പെട്ട സാമൂഹികക്രമം സ്ഥാപിക്കാന്‍ കഴിയൂ’
- ‘എനിക്ക് മുതിര്‍ന്നവര്‍ക്കുവേണ്ടി സമയമില്ലായിരിക്കാം, പക്ഷേ കുട്ടികള്‍ക്കായി വേണ്ടത്ര സമയമുണ്ട്’
- ‘കുട്ടികള്‍ തങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല’









