
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്ക-ഭാരതം ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കം. രാവിലെ 9.30 മുതല്‍ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഒന്നര വര്‍ഷത്തിലേറെ കാലം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഭാരതവും ദക്ഷിണാഫ്രിക്കയും വീണ്ടും ടെസ്റ്റ് മത്സരത്തിനെത്തുന്നത്. ഒടുവില്‍ നടന്ന പരമ്പര ദക്ഷിണാഫ്രിക്കയില്‍ 1-1 സമനിലയിലാകുകയായിരുന്നു. അതിന് ശേഷം ഭാരതം ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പുറപ്പെട്ട് പരമ്പര പരാജയപ്പെട്ടു. ഇക്കൊല്ലം ഇംഗ്ലണ്ടിലെത്തി അഞ്ച് മത്സര പരമ്പര സമനിലയിലാക്കി. ഏറ്റവും ഒടുവില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ 2-0ന് അധികാരികമായി ജയിച്ചു.
സ്പിന്നിനെ പിന്തുണയ്‌ക്കുന്ന കൊല്‍ക്കത്ത പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങാനാണ് ഭാരതം പദ്ധതിയിടുന്നത്. സ്പിന്നില്‍ മികവ് പുലര്‍ത്തുന്ന ഓള്‍റൗണ്ടര്‍മാരുള്ളത് ഭാരതത്തിന് വലിയ ആശ്വാസമാണ്. രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നീ സ്പിന്നര്‍മാര്‍ക്ക് പുറമെ രണ്ട് പേസര്‍മാരെ മാത്രമേ ഉള്‍പ്പെടുത്തൂ. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ആയിരിക്കും പേസര്‍മാര്‍. പിച്ചിന്റെ ഗതിയില്‍ വലിയ വ്യതിയാനമുണ്ടെന്ന് തോന്നിയെങ്കില്‍ മാത്രമേ മത്സരത്തിന് തൊട്ടുമുമ്പ് മൂന്നാം പേസറായി ആകാശ് ദീപിനെ ഉള്‍പ്പെടുത്തുകയുള്ളൂ.
മറുഭാഗത്ത് നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാണ് ദക്ഷിണാഫ്രിക്ക. അടുത്തിടെ പാകിസ്ഥാനിലെത്തി പരമ്പര 1-1 സമനില വഴങ്ങിയിരുന്നു. അന്ന് ടീമിനൊപ്പം നായകന്‍ ടെംബ ബവൂമ ഉണ്ടായിരുന്നില്ല. എന്നാല്‍ ഭാരതത്തിലേക്കെത്തുമ്പോള്‍ ബവൂമ തിരിച്ചെത്തിയത് ദക്ഷിണാഫ്രിക്കന്‍ ക്യാമ്പിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. കേശവ് മഹാരാജ് നേതൃത്വം നല്‍കുന്ന ദക്ഷിണാഫ്രിക്കന്‍ സ്പിന്‍ നിരയില്‍ സേനുറാന്‍ മുത്തുസ്വാമി, സൈമന്‍ ഹാര്‍മര്‍ എന്നീ സ്പിന്‍ ബറ്റാലിയന്‍ ഉണ്ടെങ്കിലും സ്വിങ് ചെയ്യിക്കാനുള്ള പേസര്‍മാരുടെ മികവില്‍ വിശ്വാസമുണ്ടെന്നാണ് ക്യാപ്റ്റന്‍ ബവൂമയുടെ പ്രതികരണം.
സാധ്യതാ ഇലവന്‍
ഭാരതം: കെ.എല്‍. രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായി സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍. ഋഷഭ് പന്ത്, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ
ദക്ഷിണാഫ്രിക്ക: എയ്‌ഡെന്‍ മാര്‍ക്രം, റയാന്‍ റിക്കിള്‍ട്ടണ്‍, ടോണി ഡി സോര്‍സി, ടെംബ ബവൂമ(ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കൈല്‍ വെറെയ്‌ന്നെ, സേനുരാന്‍ മുത്തുസ്വാമി, സൈമണ്‍ ഹാര്‍മര്‍, മാര്‍കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ
1992ല്‍ തുടങ്ങി
33 വര്‍ഷം മുമ്പ് 1992ലാണ് ഭാരതവും ദക്ഷിണാഫ്രിക്കയും തമ്മില്‍ ആദ്യ ടെസ്റ്റ് പരമ്പര കളിക്കുന്നത്. അക്കൊല്ലം ഡിസംബറിലും തൊട്ടടുത്ത വര്‍ഷം ജനുവരിയിലുമായി ദക്ഷിണാഫ്രിക്കയില്‍ നടന്ന പരമ്പര ആതിഥേയര്‍ 1-0ന് സ്വന്തമാക്കി.
ആദ്യ പരമ്പര നേടിത്തന്നത് സച്ചിന്‍
ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏറ്റുമുട്ടിലന് ശേഷം നാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഇരു ടീമുകളും വീണ്ടും ടെസ്റ്റ് ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ വന്നത്. 1996ല്‍ നടന്ന മൂന്ന് മത്സര പരമ്പരയില്‍ ഭാരതത്തെ നയിച്ചത് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു. പരമ്പര 2-1ന് ഭാരതം നേടി.
2015 മുതല്‍ ഫ്രീഡം ട്രോഫി
നിലവില്‍ ഭാരതം-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര അറിയപ്പെടുന്നത് ഫ്രീഡം ട്രോഫി എന്ന പേരിലാണ്. 2015 മുതലാണ് ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് മാമാങ്കത്തിന് ഈ പേര് നല്‍കിയത്.
8-4-4
ഇരു ടീമുകളും ഇതുവരെ 16 ടെസ്റ്റ് പരമ്പരകളില്‍ ഏറ്റുമുട്ടി. എട്ടെണ്ണം ദക്ഷിണാഫ്രിക്ക നേടി. ഭാരതം നാലും. നാല് പരമ്പരകള്‍ സമനിലയില്‍ പിരിഞ്ഞു. ഏറ്റവും ഒടുവില്‍ 2023 ഡിസംബറിലും 2024 ജനുവരിയിലുമായി നടന്ന രണ്ട് മത്സര പരമ്പര 1-1 സമനിലയില്‍ കലാശിച്ചു. ദക്ഷിണാഫ്രിക്കയിലായിരുന്നു മത്സരങ്ങള്‍.









