
തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്സിയുടെ ഹോം ഗ്രൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി 7.30ന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കളിയില്‍ സീസണില്‍ ഒരു കളിയും തോല്‍ക്കാത്ത ഏക ടീമായ മലപ്പുറം എഫ്സിയാണ് എതിരാളികള്‍. നിരവധി വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശേഷമാണ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം തൃശൂര്‍ മാജിക് എഫ്സിയുടെ ഹോം ഗ്രൗണ്ടാകുന്നത്.
എസ്എല്‍കെയില്‍ ഇതാദ്യമായാണ് തൃശ്ശൂര്‍ മാജിക് തങ്ങളുടെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ പന്ത് തട്ടാനൊരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍ പയ്യനാട് സ്റ്റേഡിയമായിരുന്നു തൃശൂര്‍ മാജിക് എഫ്സിയുടെ ഹോം ഗ്രൗണ്ട്. നിലവില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ മാജിക് എഫ്സി രണ്ടും മലപ്പുറം എഫ്സി മൂന്നും സ്ഥാനത്താണ്. തൃശൂരിന് മൂന്ന് വിജയവും ഒന്നുവീതം സമനിലയും തോല്‍വിയുമടക്കം 10 പോയിന്റും മലപ്പുറത്തിന് രണ്ട് വിജയവും മൂന്ന് സമനിലയുമടക്കം 9 പോയിന്റുമാണുള്ളത്. ഇന്ന് വിജയിക്കുന്നവര്‍ക്ക് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയരാം. കളിച്ച് അഞ്ച് കളികളില്‍ നിന്ന് നാല് ഗോളുകള്‍ അടിച്ച തൃശൂര്‍ മാജിക് എഫ്സി രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. മലപ്പുറമാകട്ടെ ഒന്‍പത് തവണ എതിര്‍ വലകുലുക്കിയപ്പോള്‍ അഞ്ചെണ്ണം വഴങ്ങുകയും ചെയ്തു.
ഇരു ടീമുകളും പയ്യനാട് ഏറ്റുമുട്ടിയപ്പോള്‍ മലപ്പുറം എഫ്സി വിജയിച്ചിരുന്നു. അന്ന് പെനാല്‍റ്റിയിലൂടെ റോയ് കൃഷ്ണ നേടിയ ഗോളാണ് മലപ്പുറം എഫ്സിക്ക് വിജയം സമ്മാനിച്ചത്.
അവസാന കളിയില്‍ കണ്ണൂര്‍ വാരിയേഴ്സിനെ അവരുടെ തട്ടകത്തില്‍ വെച്ച് 96-ാം മിനിറ്റില്‍ നേടിയ ഗോളില്‍ സമനില പിടിച്ചതിന്റെ ആത്മവിശ്വാസവുമായാണ് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മാജിക് എഫ്സി ഇന്ന് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ കളികളിലെല്ലാം മധ്യനിരയില്‍ മുന്‍തൂക്കം അവര്‍ക്കുണ്ടായിരുന്നു. എങ്കിലും ഇന്നത്തെ ആദ്യ ഹോം മത്സരത്തില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഗോള്‍വല കാക്കാന്‍ അവരുടെ അണ്ടര്‍ 23 സൂപ്പര്‍ താരമായ കമാലുദ്ദീന്‍ ഇന്ന് കളിക്കാനിറങ്ങില്ല. അണ്ടര്‍ 23 ഭാരത ടീമില്‍ ഇടംപിടിച്ച കമാലുദ്ദീന്‍ തായ്ലന്റിനെതിരായ സൗഹൃദ മത്സരത്തിനായി അവിടെയാണ്. കഴിഞ്ഞ അഞ്ച് കളികളില്‍ മൂന്നിലും ഗോള്‍ വഴങ്ങാതെ തൃശൂര്‍ മാജിക് എഫ്സിയെ മുന്നില്‍ നയിച്ചത് ഈ 22 കാരനായിരുന്നു. കമാലുദ്ദീന് പകരമായി പ്രതീക് കുമാര്‍ സിങ്ങോ ലക്ഷ്മികാന്ത് കാട്ടിമണിയോ ഇന്ന് വലയ്‌ക്ക് മുന്നിലെത്തും. മറ്റൊരു സൂപ്പര്‍ താരം പരിക്കിന്റെ പിടിയിലുമാണ്. പ്രതിരോധ കോട്ടയിലെ നെടുംതൂണായ ബ്രസീലിയന്‍ താരം മെയ്ല്‍സണ്‍ ആല്‍വസാണ് പരിക്കിന്റെ പിടിയിലുള്ളത്. താരം ഇന്ന് കളിക്കാനിറങ്ങുന്ന കാര്യം സംശയത്തിലാണ്.
ഫോഴ്സ കൊച്ചിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് മലപ്പുറം എഫ്സി ഇന്ന് തൃശൂരില്‍ കളിക്കാനിറങ്ങുന്നത്. മുന്നേറ്റ നിരയില്‍ ഇതുവരെ ഗോള്‍ കണ്ടെത്താനായില്ലെങ്കിലും മാര്‍ക്സ് ജോസഫ് തന്നെ ഇറങ്ങാനാണ് സാധ്യത. സെര്‍ബിയയുടെ ഇവാന്‍ മാര്‍കോവിച്ച്, ഡീന്‍ സിലച്ച്, കെവിന്‍ പാഡില്ല, ലെനി റോഡ്രിഗസ്, തേജസ് കൃഷ്ണ, മുഹമ്മദ് ജിയാദ് എന്നിവരെല്ലാം ഇന്നും ആദ്യ ഇലവനില്‍ ഇറങ്ങാനാണ് സാധ്യത.
ഫോഴ്സ കൊച്ചിയെ എവേ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് മലപ്പുറം എഫ്സി ഇന്ന് പൂരങ്ങളുടെ നാട്ടില്‍ കളിക്കാനിറങ്ങുന്നത്. അഞ്ച് കളികളില്‍ നിന്ന് നാല് ഗോളുമായി മികച്ച ഫോമിലുള്ള ബ്രസീലിയന്‍ താരം ജോണ്‍ കെന്നഡിയുടെയും രണ്ട് ഗോള്‍ നേടിയ ഫിജി രാജ്യാന്തര താരം റോയ് കൃഷ്ണയുടെയും കാലുകളിലാണ് മലപ്പുറം എഫ്സിയുടെ പ്രതീക്ഷകള്‍ മുഴുവന്‍. ഇവര്‍ ഇന്നും മിന്നിയാല്‍ വിജയം കൂടെപ്പോരും. പ്രതിരോധത്തില്‍ ജോണ്‍ കെന്നഡി, ഐറ്റര്‍ അല്‍ഡാലിര്‍, മധ്യനിരയില്‍ ഫകുണ്‍ഡോ, ബദ്ര് ബുലാഹ്‌റൂദിന്‍ എന്നിവര്‍ക്ക പുറമെ ജി. സഞ്ജു, മുഹമ്മദ് ഇര്‍ഷാദ്, അഭിജിത്ത്, മുഹമ്മദ് അസ്ഹര്‍, നിതിന്‍ മധു തുടങ്ങി ഒരുപിടി താരങ്ങളും മലപ്പുറം എഫ്സി നിരയിലുണ്ട്. ഏറെ വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം തൃശൂരില്‍ ഒരു പ്രധാന ഫുട്ബോള്‍ മത്സരം എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. അതുകൊണ്ടുതന്നെ ഇന്നത്തെ കളി പൊടിപാറുമെന്നുറപ്പാണ്. മത്സരത്തിനായുള്ള കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഇന്നലെ രാത്രിയും അവസാന മിനുക്കു പണികളുടെ തിരക്കിലാണ്. ഇന്ന് നേരം പുലരുമ്പേഴേക്കുമേ എല്ലാ പണികളും പൂര്‍ത്തിയാകൂ.









