
തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ഈ സീസണിലെ സൂപ്പര്‍ ഗോള്‍കീപ്പര്‍ കമാലുദ്ദീനില്ലാതെ ഇന്ന് തൃശൂര്‍ മാജിക് എഫ്‌സി പോരാട്ടത്തിനിറങ്ങും. അതൊരു ചെറിയ സങ്കടമാണെങ്കിലും അതിലേറെ സന്തോഷവും സൂപ്പര്‍ ലീഗ് കേരളയ്‌ക്കാകെ അഭിമാനം പകര്‍ന്നുകൊണ്ടാണ് ഈ മിന്നും താരം മാജിക്കില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്നത്. ലീഗിലെ മിന്നും പ്രകടനമികവ് താരത്തെ എത്തിച്ചിരിക്കുന്നത് ഭാരത അണ്ടര്‍ 23 ഫുട്ബോള്‍ ടീമിലാണ്. നാളെ തായിലന്റിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന സൗഹൃദ മത്സരത്തിനായുള്ള ഭാരത ടീമിനൊപ്പം ചേരാന്‍ കമാലുദ്ദീന്‍ പുറപ്പെട്ടു കഴിഞ്ഞു.
സൂപ്പര്‍ ലീഗ് കേരളയില്‍ നിന്ന് ഭാരത ടീമിലെത്തുന്ന ആദ്യ താരമാണ് കമാലുദ്ദീന്‍. ആദ്യ സീസണില്‍ തൃശൂര്‍ മാജിക്കിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇത്തവണ റഷ്യന്‍ പരിശീലകന്‍ ആന്ദ്രെ ചെര്‍ണിഷോവിനെ ടീമിന്റെ ചുമതലയേല്‍പ്പിച്ചത്. ഭാരത ഫുട്ബോളിലെ മൂല്യമേറിയ ഗോള്‍കീപ്പര്‍മാരില്‍ ഒരാലായ ലക്ഷ്മികാന്ത് കട്ടിമണിയെ സൈഡ് ബെഞ്ചിലിരുത്തി കമാലുദ്ദീന് അവസരം നല്‍കാന്‍ കോച്ച് ആത്മവിശ്വാസം കാട്ടി. തൃശൂര്‍ മാജിക് വലിയ മാറ്റം കാഴ്‌ച്ചവച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍ ലീഗ് കേരള സീസണ്‍ രണ്ടില്‍ കോച്ചിന്റെ തീരുമാനം ശരിവച്ച് ഗോള്‍വലയ്‌ക്ക് മുന്നില്‍ കമാലുദ്ദീന്‍ അത്യുഗ്രന്‍ പ്രകടനമാണ് കാഴ്‌ച്ചവച്ചത്. 22 കാരനായ താരം അഞ്ച് കളികളില്‍ നിന്ന് ആകെ വഴങ്ങിയത് രണ്ട് ഗോളുകള്‍ മാത്രം. 14 സേവുകള്‍ ടീമിന് രക്ഷയേകി. തൃശ്ശൂരിന്റെ അഞ്ച് മത്സരങ്ങളിലും ഗോള്‍വല കാക്കാനിറങ്ങിയ കമാലുദ്ദീന്‍ മൂന്ന് ക്ലീന്‍ ഷീറ്റുകള്‍ നേടി ലീഗിലെ മികച്ച ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്.
ജേഷ്ഠന്‍ മുഹമ്മദ് ഷാഫിക്കൊപ്പം പന്തുതട്ടിയാണ് കമാലുദ്ദീന്‍ ഫുട്ബോള്‍ ലോകത്തേക്ക് ചുവടുവച്ചത്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ചാമ്പ്യന്‍മാരായ കേരള ടീമിന്റെ ഗോളിയായിരുന്നു. പിന്നീട് എഫ്‌സി കേരളയിലും ഈസ്റ്റ് ബംഗാള്‍ റിസര്‍വ് ടീമിലും കളിച്ചു. ഈസ്റ്റ്ബംഗാളില്‍ ഒരുവര്‍ഷം കളിച്ച ശേഷമാണ് സൂപ്പര്‍ ലീഗ് കേരളയിലെത്തിയത്.
തൃശൂര്‍ മാജിക് എഫ് സി യുമായി കരാര്‍ ഒപ്പിട്ടതാണ് കമാലുദീന്റെ ഫുട്‌ബോള്‍ ജീവിതത്തില്‍ വഴിത്തിരിവായത്.
‘ എന്റെ എക്കാലത്തെയും സ്വപനമാണ് ദേശീയ ടീമിനായി കളിക്കുക എന്നത്. ഈ അവസരത്തില്‍ എന്റെ ക്ലബായ തൃശൂര്‍ മാജിക് എഫ് സിക്കും , സൂപ്പര്‍ ലീഗ് കേരളയോടും ഞാന്‍ നന്ദി അറിയിക്കുന്നു’ കമാലുദ്ദീന്‍ പറഞ്ഞു.
തൃശൂര്‍ കേരള വര്‍മ കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് കമാ ലുദ്ദീന്‍. അക്കിക്കാവ് കുപ്പിക്കുന്ന് അത്തിക്കപ്പറമ്പില്‍ കാസിമിന്റെയും ബുഷറയുടെയും മകനാണ്.









