
ന്യോണ്‍: 2028ലെ യൂറോകപ്പ് ഫൈനല്‍ വേദി ലണ്ടനിലെ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തില്‍. 2028 ജൂണ്‍ ഒമ്പതിന് കാര്‍ഡിഫില്‍ ആണ് ഉദ്ഘാടന മത്സരം. ജൂലൈ ഒമ്പതിനാണ് ഫൈനല്‍. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ യുവേഫ ഇന്നലെ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മുന്‍ യൂറോ കപ്പുകളിലെ പോലെ 24 ടീമുകളായിരിക്കും അടുത്ത യൂറോ കപ്പിലും പങ്കെടുക്കുക. ഫൈനല്‍ ഉള്‍പ്പെടെ ആകെ 51 മത്സരങ്ങളാണ് നടക്കുക. ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡറ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ആതിഥ്യമരുളുക. ആതിഥേയര്‍ക്ക് സ്വാഭാവിക യോഗ്യത ലഭിക്കുന്ന പതിവ് വരുന്ന യൂറോകപ്പിനുണ്ടാവില്ല. അതിനാല്‍ നിലവിലെ റണ്ണറപ്പുകളായ ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള നാല് ആതിഥേയ ടീമുകളും യോഗ്യതാ മത്സരത്തിലൂടെ മാത്രമേ മത്സരത്തിനെത്താന്‍ സാധിക്കൂ.
ഫൈനലിന് പുറമെ ക്വാര്‍ട്ടറിലെയും സെമിയിലെയും ഓരോ മത്സരങ്ങള്‍ വീതം വെംബ്ലിയില്‍ നടക്കും. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളൊന്നും വെംബ്ലിയിലുണ്ടാകില്ല. വെംബ്ലിക്ക് പുറമെ മറ്റൊരു വെയ്ല്‍സ് നഗരമായ കാര്‍ഡിഫ്, അയര്‍ലണ്ടിലെ ഡബ്ലിന്‍, സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലായായിരിക്കും ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍.
യൂറോ 2028ന്റെ സമയക്രമം കൂടി യുവേഫ ഇന്നലെ പ്രഖ്യാപിച്ചു. ഭാരത സമയം രാത്രി 7.30, 10.30, 1.30 സമയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.
ഇതിന് മുമ്പ് 2020 യൂറോ കപ്പ് കലാശപ്പോരാട്ടവും വെംബ്ലി സ്റ്റേഡിയത്തിലാണ് നടന്നത്. അന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി കിരീടം നേടിയിരുന്നു. ജര്‍മനിയില്‍ നടന്ന കഴിഞ്ഞ യൂറോ ഫൈനലില്‍ ഇംഗ്ലണ്ട് എത്തിയെങ്കിലും സ്‌പെയിനോട് പരാജയപ്പെട്ട് റണ്ണറപ്പുകളായി.









