
പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനോടാണ് പോര്‍ച്ചുഗല്‍ തോല്‍വി പിണഞ്ഞത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പരാജയം.
സ്‌ട്രൈക്കര്‍ ട്രോയ് പാരറ്റിന്റെ ഇരട്ടഗോളുകളാണ് അയര്‍ലന്‍ഡിന് ജയമൊരുക്കിയത്. മത്സരം ആരംഭിച്ച് 17-ാം മിനിറ്റിലാണ് താരം ആദ്യ ഗോള്‍ നേടുന്നത്.ആദ്യപകുതിയുടെ അവസാനം പാരറ്റ് രണ്ടാം ഗോളും കണ്ടെത്തി. അതോടെ ആദ്യപകുതി രണ്ട് ഗോളുകള്‍ക്ക് അയര്‍ലന്‍ഡ് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ട് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയെങ്കിലും ക്രിസ്റ്റ്യാനോയ്‌ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നത് ടീമിന്റെ ജയസാധ്യതകള്‍ അടച്ചു.
61-ാം മിനിറ്റിലാണ് സംഭവം . അയര്‍ലന്‍ഡ് താരം ഒ ഷിയയെ റോണോ കൈമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു. റഫറി ആദ്യം മഞ്ഞക്കാര്‍ഡാണ് നല്‍കിയതെങ്കിലും പിന്നീട് വാര്‍ പരിശോധന നടത്തുകയും ചുവപ്പ് നീട്ടുകയും ചെയ്തു. പിന്നാലെ താരം നിരാശയോടെ കളം വിട്ടു. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഇതാദ്യമായാണ് പോര്‍ച്ചുഗീസ് നായകന് ചുവപ്പ് കാര്‍ഡ് കിട്ടുന്നത്.
ചുവപ്പ് കണ്ടതോടെ താരത്തിന് വരാനിരിക്കുന്ന ലോകകപ്പ് മത്സരം നഷ്ടമായേക്കും. കുറഞ്ഞത് രണ്ട് മത്സരങ്ങളിലെങ്കിലും വിലക്ക് ലഭിക്കാനാണ് സാധ്യത. അര്‍മേനിയയുമായുള്ള അടുത്ത ലോകകപ്പ് മത്സരം ക്രിസ്റ്റ്യാനോയ്‌ക്ക് നഷ്ടമാകും. അതോടെ പോര്‍ച്ചുഗലിന്റെ ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ അവസാനിക്കും. മത്സരത്തില്‍ സമനിലയെങ്കിലും നേടിയാല്‍ ടീമിന് ലോകകപ്പ് യോഗ്യതയും കിട്ടും. എന്നാല്‍ പിന്നീടുള്ള ടൂർണമെന്റ് മത്സരം ലോകകപ്പിലെതാണ്.രണ്ട് മത്സരങ്ങളില്‍ വിലക്ക് വന്നാല്‍ റോണോയ്‌ക്ക് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും. സൗഹൃദമത്സരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക് ബാധകമാകില്ല.









