മജ്ജയും മാംസവും വരെ മരവിച്ച് പോകുന്ന കൊടും തണുപ്പ്. അന്തരീക്ഷ താപനില ഏതാണ്ട് മൈനസ് 58 ഡിഗ്രി സെൽഷ്യസ്. ഈ തണുപ്പിൽ ജീവിക്കുക എന്നത് ഏതൊരു മനുഷ്യനെയും സംബന്ധിച്ച് അസാധ്യ കാര്യം. എന്നിട്ടും ഈ പ്രദേശത്ത് ജനവാസമുണ്ടെന്നതാണ് അദ്ഭുതം. അത്തരത്തിൽ പ്രകൃതിയൊരുക്കിയ ഫ്രീസറിനുള്ളിൽ ജീവിക്കുന്ന ഒരു നാടും കുറച്ച് മനുഷ്യരുമുണ്ട്. ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഒയ്മ്യാകോൺ എന്ന റഷ്യൻ ഗ്രാമം.

ഒയ്മ്യാകോണിനെ ഫ്രീസറിനോട് ഉപമിക്കുന്നതിൽ തെല്ലും അതിശയോക്തിപ്പെടേണ്ട കാര്യമില്ല. ഒരു ചായക്കപ്പ് മേശപ്പുറത്ത് വെച്ചാൽ നിമിഷങ്ങൾക്കകം അത് ഐസായി മാറും. ഇവിടെ മഞ്ഞ് വീഴ്ചയില്ലാ, മഞ്ഞും തണുപ്പും മാത്രമാണുള്ളത്. ഇതാണ് ഒയ്മ്യാകോൺ. ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിലൊന്ന്. റഷ്യയിലെ സഖാ റിപ്പബ്ലിക്കിലെ ഒയ്മ്യാകോൺസ്കി ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ഒയ്മ്യാകോൺ. ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശമാണ് സൈബീരിയയിലെ ഒയ്മ്യാകോൺ എന്ന ഗ്രാമം. ഒയ്മ്യാകോൺ എന്ന വാക്കിന്‍റെ അർഥം പ്രാദേശിക ഭാഷയിൽ ‘ശൈത്യമേറിയ ധ്രുവം’ എന്നും ‘തണുത്തുറഞ്ഞ തടാകം’ എന്നും വിളിക്കാറുണ്ട്.

ശൈത്യകാലത്തെ ശരാശരി താപനില അനുസരിച്ച് ഭൂമിയിലെ സ്ഥിരമായി ജനവാസമുളള ഏറ്റവും തണുപ്പുള്ള വാസസ്ഥലമാണിത്. ഇവിടെ താപനില മൈനസ് 71.2 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. അഞ്ഞൂറോളം ആളുകൾ മാത്രമാണ് ഈ സ്ഥലത്ത് സ്ഥിരതാമസമാക്കിയിട്ടുള്ളത്. ശൈത്യകാലത്ത് ദിവസത്തിന്‍റെ 21 മണിക്കൂറും ഒയ്മ്യാകോണിൽ ഇരുട്ടായിരിക്കും എന്നതാണ് മറ്റൊരു പ്രേത്യകത. താപനില മൈനസ് 40ലെത്തുമ്പോൾ തന്നെ ഇവിടത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കും. 1993ലാണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
സ്ക്കൂളുകൾക്ക് പുറമെ പോസ്റ്റ്ഓഫിസ്, ബാങ്ക്, എയർപോർട്ട് റൺവേ എന്നിവയും ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ട്. തണുപ്പ് വർധിക്കുന്നതോടെ വീടിനുള്ളിൽ പവർ ജനറേറ്ററിന്‍റെ സഹായത്തോടെയാണ് ഇവരുടെ ജീവിതം. തണുപ്പ് കാലമായാൽ വാഹനങ്ങളുടെ എൻജിൻ ഓഫായി കേടാകുന്നതും പതിവാണ്. കാറുകൾ േബ്രക്ക്ഡൗൺ ആവാതിരിക്കാൻ തണുപ്പ് കാലത്ത് അവ നിരന്തരം പ്രവർത്തിപ്പിക്കുകയും അതിനകത്ത് താമസിക്കുകയും ചെയ്യുന്നവരുണ്ട്. ശൈത്യകാലത്ത് പ്രദേശവാസികളാരെങ്കിലും മരിച്ചാൽ സംസ്ക്കാരം നടത്താൻ ഏറെ ബുദ്ധിമുട്ടാണ്. കാരണം സംസ്ക്കരിക്കാനുള്ള കുഴിമാടം കണ്ടെത്തുകയും ആ ഭാഗങ്ങളിലെ മഞ്ഞുരുക്കിക്കളയുകയും വേണം.

മൃതദേഹം സംസ്ക്കരിക്കാൻ പാകത്തിലുള്ള ഒരു കുഴി കുഴിക്കണമെങ്കിൽ ദിവസങ്ങളാണ് വേണ്ടിവരിക. മഞ്ഞുവീഴുന്നതിന് അനുസരിച്ച് മാത്രമേ മൃതദേഹം സംസ്ക്കരിക്കാൻ സാധിക്കുകയുള്ളൂ. ഇങ്ങനെ സംസ്കരിക്കുന്ന മൃതദേഹങ്ങൾ അഴുകാനും കാലതാമസമെടുക്കും. ശൈത്യകാലത്ത് മാംസാഹാരത്തെയാണ് ഒയ്മ്യാകോണിലെ ജനങ്ങൾ ആശ്രയിക്കുക.
കൃത്യമായി പറഞ്ഞാൽ മാംസം മാത്രമേ ഇവിടെ ലഭിക്കുകയുള്ളൂ. കടുത്ത തണുപ്പായതിനാൽ ധാന്യങ്ങളും പച്ചക്കറികളും ഒന്നും ഇവിടെ വളരില്ല. തണുത്തുറഞ്ഞ ആഹാരമാണ് ഒയ്മ്യാകോണുക്കാർക്ക് പ്രിയം. വിവിധ തരം മത്സ്യങ്ങൾ, റെയിൻഡീറിന്‍റെ മാംസം, കുതിരയുടെ കരൾ എന്നിവയെക്കെയാണ് ഇവിടത്തുകാരുടെ ഇഷ്ടവിഭവങ്ങൾ. ഇവിടെത്തെ കഠിനമായ തണുപ്പിനെ പ്രതിരോധിക്കാനും അതിജീവിക്കാനും ആവശ്യമായ ഊർജം പ്രദാനവും ചെയ്യുന്നുണ്ട് ഈ ഭക്ഷണക്രമം.








