
കോഴിക്കോട്: കുറ്റം ചെയ്യുന്നവർ ശിക്ഷ അനുഭവിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഹുലിനെ പാർട്ടി സംരക്ഷിക്കുന്നില്ലെന്നും, അദ്ദേഹത്തെ പോലീസ് കണ്ടെത്തട്ടെ എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ നിയമം അതിൻ്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യർക്കെതിരെ നടപടിയെടുത്താലും അത് സ്വാഭാവികമായ നിയമനടപടി മാത്രമാണെന്നും, നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ചെന്നിത്തല ഊന്നിപ്പറഞ്ഞു.
അതേസമയം കിഫ്ബി മസാല ബോണ്ട് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഇഡിയെ ഉപയോഗിച്ച് ബിജെപിയും സിപിഐഎമ്മും തമ്മിൽ ഒത്തുകളി നടക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഓരോ തിരഞ്ഞെടുപ്പ് സമയത്തും നോട്ടീസ് അയക്കുകയും, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നോട്ടീസുമില്ല ഇഡിയുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു. മസാല ബോണ്ടിന് ലാവലിൻ കേസുമായി ബന്ധമുണ്ടെന്നും, അതിലെ അഴിമതി ഇന്നല്ലെങ്കിൽ നാളെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
The post ‘കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കണം’; രമേശ് ചെന്നിത്തല appeared first on Express Kerala.









