
തൃശൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ ഇന്ന് ആദ്യ സെമിഫൈനല്‍. മലപ്പുറം എഫ്സിയും തൃശൂര്‍ മാജിക് എഫ്സിയുമാണ് രാത്രി 7.30ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്. ജയിക്കുന്നവര്‍ ഫൈനലില്‍. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഫോഴ്സ കൊച്ചിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരയാണ് മലപ്പുറം സെമിയിലെത്തിയത്. തൃശൂര്‍ രണ്ടാം സ്ഥാനക്കാരായാണ് അവസാന നാലില്‍ ഇടംപിടിച്ചത്. രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള ലീഗില്‍ രണ്ട് ടീമുകളും തങ്ങളുടെ ആദ്യ സെമി പോരാട്ടത്തിനാണ് ഇറങ്ങുന്നത്.
തൃശൂര്‍ സ്വന്തം മൈതാനത്താണ് കളിക്കാനിറങ്ങുന്നതെന്ന് അവര്‍ക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ജയിച്ച് ഫൈനലിലെത്തുക എന്നതാണ് അവരുടെ സ്വപ്നം. അവസാന കളിയില്‍ കണ്ണൂര്‍ വാരിയേഴ്സിനോട് 2-0ന് തോറ്റാണ് തൃശൂര്‍ ഇന്ന് സെമി പോരാട്ടത്തിനിറങ്ങുന്നത്. സെമിയിലെത്തിയ ടീമുകളില്‍ ഏറ്റവും കുറവ് ഗോളടിച്ചവരും വഴങ്ങിവരും തൃശൂര്‍ മാജിക് എഫ്സിയാണ്. പത്ത് കളിയില്‍ നിന്ന് എട്ട് ഗോളടിച്ച അവര്‍ വഴങ്ങിയത് ഏഴെണ്ണം മാത്രം. മികച്ച മധ്യനിരയും പ്രതിരോധവുമാണ് അവരുടെ കരുത്ത്്. ഒരു ഗോളടിച്ച് മുന്നിലെത്തിയാല്‍ അത് പ്രതിരോധിക്കുന്നത് പല കളികളിലും കാണുകയും ചെയ്തു. ബ്രസീലിയന്‍ താരം മെയ്ല്‍സണ്‍ ആല്‍വസ്, ഇന്ത്യന്‍ താരം തേജസ് കൃഷ്ണ, ബിബിന്‍ അജയന്‍, തേജസ് കൃഷ്ണ എന്നിവരാണ് പ്രതിരോധത്തിലെ അതികരുത്തര്‍. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ഇന്ത്യന്‍ താരം ലെനി റോഡ്രിഗസ്, മധ്യനിരിയില്‍ കൊളംബിയന്‍ താരം കെവിന്‍ പാഡില്ല, ഉമാശങ്കര്‍, സാജന്‍ ജേക്കബ്, ഫ്രാന്‍സിസ് അഡു എന്നിവര്‍ കളി മെനയും. മുന്നേറ്റത്തില്‍ ഇവാന്‍ മാര്‍കോവിച്ച്, നവീന്‍കൃഷ്ണ, ഫൈസല്‍ അലി എന്നിവരുമുണ്ട്. കഴിഞ്ഞ ചില കളികളില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നെങ്കിലും മാര്‍കസ് ജോസഫിന്റെ സാന്നിധ്യവും ടീമിന് മുതല്‍ക്കൂട്ടാകും. ഗോള്‍വലയ്‌ക്ക് മുന്നില്‍ അണ്ടര്‍ 23 ഇന്ത്യന്‍ താരം കമാലുദ്ദീന്‍ തന്നെയായിരിക്കും ഇറങ്ങുക.

ഫോഴ്സ കൊച്ചിയെ ജീവന്മരണപോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സെമിയിലെത്തിയതിന്റെ ആത്മവിശ്വാസത്തോടെയാണ് മലപ്പുറം ഇന്ന് ഇറങ്ങുക. നിമിഷാര്‍ദ്ധം കൊണ്ട് കളി അനുകൂലമാക്കാന്‍ കഴിവുള്ള ജോണ്‍ കെന്നഡി എന്ന ബ്രസീലുകാരന്റെ ബൂട്ടുകളിലാണ് മലപ്പുറം എഫ്സിയുടെ പ്രധാന പ്രതീക്ഷ. കഴിഞ്ഞ 10 കളികളില്‍ നിന്ന് ഒരു ഹാട്രിക്ക് ഉള്‍പ്പെടെ എട്ട് ഗോളടിച്ച കെന്നഡി നിലവില്‍ ലീഗിലെ ടോപ് സ്‌കോറര്‍ കൂടിയാണ്. മൂന്ന് ഗോളടിച്ച പ്രതിരോധനിരയിലെ ഐറ്റര്‍ അല്‍ഡലിര്‍, രണ്ട് ഗോളടിച്ച റോയ് കൃഷ്ണ എന്നിവരും ടീമിന്റെ കരുത്താണ്. കഴിഞ്ഞ മത്സരത്തിലെന്ന പോലെ റോയ് കൃഷ്ണ ഇന്നും പകരക്കാരുടെ ബെഞ്ചിലിരിക്കാനാണ് സാധ്യത. മധ്യനിരിയില്‍ മധ്യനിരയില്‍ ഫകുണ്‍ഡോ, ബദര്‍ ബുലാഹ്റൂദിന്‍, അബ്ദലേ ഫോര്‍സി എന്നിവര്‍ക്ക് പുറമെ ജി. സഞ്ജു, മുഹമ്മദ് ഇര്‍ഷാദ്, അഭിജിത്ത്, മുഹമ്മദ് അസ്ഹര്‍, നിതിന്‍ മധു, ഇഷാന്‍ പണ്ഡിത തുടങ്ങി ഒരുപിടി താരങ്ങളും മലപ്പുറം എഫ്‌സി നിരയിലുണ്ട്. പ്രതിരോധത്തില്‍ അബ്ദുള്‍ ഹക്കു, സഞ്ജു ഗണേഷ്, സച്ചിന്‍ ദേവ് തുടങ്ങിയ മികച്ച താരനിരയാണ് മലപ്പുറത്തിന്റെ കരുത്ത്. എങ്കിലും പ്രതിരോധം പലപ്പോഴും പൊളിയാറുണ്ട്. അതിനുള്ള തെളിവാണ് അവര്‍ വഴങ്ങിയ ഗോളുകളുടെ എണ്ണം. കഴിഞ്ഞ 10 കല്‍കളില്‍ നിന്ന് മലപ്പുറം 18 എണ്ണം അടിച്ചപ്പോള്‍ 15 എണ്ണം വഴങ്ങി.
ഈ സീസണില്‍ ഇരു ടീമുകളും മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്. പ്രാഥമിക റൗണ്ടില്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 1-0ന് മലപ്പുറം എഫ്സി ജയിച്ചപ്പോള്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തൃശൂര്‍ മാജിക് എഫ്സി വിജയം കരസ്ഥമാക്കിയിരുന്നു. ഇന്ന് ആര് ജയിച്ചാലും അവരുടെ ആദ്യ ഫൈനലായിരിക്കും. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടത്തിനായിരിക്കും തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.









