
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫൈനലിന് സമാനമായ മൂന്നാം ഏകദിന മത്സരത്തില്‍ ഭാരതത്തിന് അത്യുഗ്രന്‍ വിജയം. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് ജയിച്ചു. 271 റണ്‍സ് വിജയലക്ഷ്യം 10.1 ഓവര്‍ ബാക്കിയാക്കി മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 47.5 ഓവറില്‍ 270 റണ്‍സെടുത്ത് ഓള്‍ ഔട്ടാകുകയായിരുന്നു. ഇതിനെതിരെ ഭാരതം 39.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
സെഞ്ച്വറി നേട്ടവുമായി പുറത്താകാതെ നിന്ന യശസ്വി ജയ്‌സ്വാള്‍(116) കളിയിലെ താരമായി. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ ലുംഗി എന്‍ജിഡിയെ തുടര്‍ച്ചയായ രണ്ട് പന്തുകള്‍ ബൗണ്ടറി നേടിക്കൊണ്ട് ഭാരത വിജയം ഉറപ്പാക്കിയ വിരാട് കോഹ്‌ലി തുടര്‍ച്ചയായി മൂന്നാം മത്സത്തിലും ഫോമിലേക്കുയര്‍ന്നു. അര്‍ദ്ധ സെഞ്ച്വറി പ്രകടനം കാഴ്‌ച്ചവച്ച കോഹ്‌ലി (65) പുറത്താകാതെ നിന്നു. ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ കോഹ്‌ലി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് എന്ന റിക്കാര്‍ഡിന് കോഹ്‌ലി അര്‍ഹനായി. ഇന്നലെ അവസാനിച്ച പരമ്പരയിലൂടെ 20 പ്ലേയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് വിരാടിന്റെ പേരിലായി. 19 മാന്‍ ഓഫ് ദി സീരീസ് നേടിയിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറിനെയാണ് മറികടന്നത്.
താരതമ്യേന വെല്ലുവിളിയുയര്‍ത്താവുന്ന സ്‌കോറിലേക്ക് ബാറ്റെടുത്ത ഭാരതത്തിനായി രോഹിത് ശര്‍മ തുടക്കം മുതലേ ആക്രമണ ശൈലിയില്‍ ബാറ്റ് വീശി. എന്നാല്‍ സ്വതസിദ്ധമായ ആക്രണ ശൈലി വിട്ട് പതിഞ്ഞ താളത്തില്‍ തുടങ്ങിയ ജയ്‌സ്വാള്‍ പതുക്കെ പതുക്കെ റണ്‍നിരക്ക് ഉര്‍ത്തിക്കൊണ്ടുവന്നു. ഇതിനിടെ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട രോഹിത്(75) പുറത്തായി. ഒന്നാം വിക്കറ്റില്‍ ഭാരതം 155 റണ്‍സെടുത്തു.
ടോസ് ഭാരതത്തിന് ലഭിച്ചതാണ് ഇന്നലത്തെ കളിയിലെ പ്രധാന വഴിത്തിരിവ്. വിശാഖപട്ടണത്തെ പിച്ച് ബാറ്റിങ്ങിന് അനുയോജ്യമായതാണ്. എന്നാല്‍ രാത്രി വൈകുന്തോറും പിച്ച് കൂടുതലായി ബാറ്റിങ്ങിന് അനുകൂലമായി മാറും. പിച്ചിന്റെ ഈ സ്വഭാവം കണക്കിലെടുത്ത് ടോസ് നേടിയ ഭാരത നായകന്‍ കെ.എല്‍. രാഹുല്‍ ടോസ് നേടിയ പാടേ ബോള്‍ ചെയ്യാന്‍ തീരുമാനിച്ചു.
ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ(106) സെഞ്ച്വരി ബലത്തല്‍ ആണ് ദക്ഷിണാഫ്രിക്ക മോശമല്ലാത്ത ടോട്ടല്‍ നേടിയെടുത്തത്. ഡി കോക്കിനെ കൂടാതെ ക്യാപ്റ്റന്‍ ടെംബ ബവൂമ(48) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട് നിന്നത്. കേശവ് മഹാരാജ്(20) പുറത്താകാതെ നിന്നു.









