
ന്യൂദല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകൻ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം ഔദ്യോഗികമായി റദ്ദാക്കി. കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് വിഷയത്തിൽ പ്രതികരിച്ച് താരം രംഗത്ത് എത്തിയത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് വിവാഹം റദ്ദാക്കിയതായി താരം അറിയിച്ചത്.
“കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു, ഈ സമയത്ത് ഞാൻ തുറന്നു സംസാരിക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ വളരെ സ്വകാര്യ വ്യക്തിയാണ്, അത് അങ്ങനെ തന്നെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ വിവാഹം റദ്ദാക്കിയ കാര്യം എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്,” മന്ദാന പറഞ്ഞു. ഈ സമയത്ത് രണ്ട് കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്നും രാജ്യത്തിന് വേണ്ടി കളിക്കുന്നതിനാണ് എപ്പോഴും മുൻഗണന നൽകുന്നതെന്നും ഇനിയും ഇന്ത്യക്കായി ട്രോഫികൾ നേടുകയാണ് ലക്ഷ്യം. നിങ്ങളുടെ എല്ലാ പിന്തുണയ്‌ക്കും നന്ദി സ്മൃതി കുറിച്ചു.
നവംബര്‍ 23ന് സാംഗ്ലിയിൽ നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. ഇതിനിടെ പലാഷിനെയും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഷ്യൽ മീഡിയയിൽ നിന്ന് വിവാഹ ചിത്രങ്ങൾ നീക്കം ചെയ്തതും വനിതാ ബിഗ് ബാഷ് ലീഗിൽ നിന്ന് സ്മൃതി പിന്മാറിയതും നേരത്തെ തന്നെ ചർച്ചയായിരുന്നു.









