
ശബരിമല തീർത്ഥാടകരുമായി പോവുകയായിരുന്ന രണ്ട് കെഎസ്ആർടിസി ചെയിൻ സർവീസ് ബസുകൾ നിലയ്ക്കൽ-പമ്പ റോഡിൽ അട്ടത്തോടിന് സമീപം കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ ഒരു ബസ് ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. നിരവധി തീർത്ഥാടകർ ബസുകളിലുണ്ടായിരുന്നെങ്കിലും യാത്രക്കാർക്കാർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമായി.
അപകടത്തെ തുടർന്ന് നിലയ്ക്കൽ – പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന്, കൂട്ടിയിടിച്ച വാഹനങ്ങളിലെ തീർത്ഥാടകരെ മറ്റ് വാഹനങ്ങളിൽ നിലയ്ക്കലേക്കും പമ്പയിലേക്കും സുരക്ഷിതമായി എത്തിച്ചു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി പോലീസ് ഇടപെടൽ ശക്തമാക്കുകയും, അപകടത്തിൽപ്പെട്ട ബസുകൾ ഗ്യാരേജിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
The post ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക് appeared first on Express Kerala.









