
തൃശൂര്‍: ഞായറാഴ്ചത്തെ സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ മത്സരങ്ങള്‍ മാറ്റി വച്ചു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണിത്.
തൃശൂര്‍ മാജിക് എഫ്.സി- മലപ്പുറം എഫ്.സി, കണ്ണൂര്‍ വാരിയേഴ്‌സ്- കാലിക്കറ്റ് എഫ്.സി മത്സരങ്ങളാണ് മാറ്റിവച്ചത്. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ തൃശൂര്‍ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മില്‍ ഞായറാഴ്ച രാത്രി 7:30ന് നടക്കാനിരുന്ന മത്സരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് മാറ്റിയത്. ഡിസംബര്‍ പത്തിന് നടക്കേണ്ടിയിരുന്ന കണ്ണൂര്‍ -കാലിക്കറ്റ് മത്സരവും ഇതേ കാരണത്താല്‍ മാറ്റി.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ മറ്റൊരു ദിവസം മത്സരം നടത്താന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കത്തിലൂടെ സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു. സംഘാടകരായ സൂപ്പര്‍ ലീഗ് കേരള, തൃശൂര്‍ മാജിക് എഫ്‌സി, മലപ്പുറം എഫ് സി ടീമുകള്‍ക്ക് പൊലീസ് കത്തു നല്‍കി.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി കൂടാതെ ശബരിമല സീസണും കൂടി ആയതിനാല്‍ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിടുന്നതിന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ അറിയിപ്പ്. നിര്‍ദ്ദശേം പരിഗണിക്കാതെ മത്സരം നടത്തിയാല്‍ കടുത്ത നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി









