നമ്മൾ ഇതുവരെ അറിഞ്ഞ ചക്ലഗ്രാമം, പശ്ചിമബംഗാളിലെ ഏറ്റവും അറിയപ്പെടുന്നതും, ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്നതുമായ പുണ്യസ്ഥലങ്ങളിലൊന്നാണ്!പശ്ചിമ ബംഗാളിൽ കൊൽക്കത്തയിലെ കാളീക്ഷേത്രം കഴിഞ്ഞാൽ വളരെ പ്രധാന്യമുള്ള ഒരു ആരാധനാലയമാണ് ചക്ലധാം, ചക്ലക്ഷേത്രം ചക്ലാ മന്ദിർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആരാധനാലയം ചക്ല ഗ്രാമത്തിലാണ്. ചക്ലാമന്ദിർ കമ്മറ്റിയുടെ സത്രം വക മൂന്ന് മുറികളിലാണ്സീറോ ഫൗണ്ടേഷൻ സംഘടിപ്പിച്ച ബംഗാൾ യാത്രാംഗങ്ങളുടെ ക്യാമ്പ് ഹൗസ് പ്രവർത്തിച്ചിരുന്നത്.

വംഗനാട്ടിൽ 18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹിന്ദുയോഗി ബാബ ലോക്‌നാഥിന്റെ ജന്മസ്ഥലമാണ് ചക്ല ഗ്രാമം. മോക്ഷപ്രാപ്തിക്കായി വർഷം മുഴുവനും ബംഗാളിന്റെ വിവിധ പ്രദേശങ്ങളിൽനിന്നും നിരവധി വിശ്വാസികൾ ഈ വിശുദ്ധ ക്ഷേത്രദർശനം നടത്തിക്കൊണ്ടിരിക്കെ തന്നെ ഈ ക്ഷേത്രത്തിന് ചുറ്റും ഒരു ഗ്രാമീണചന്തയും രൂപപ്പെടുന്നു, ഞായറാഴ്ചകളിൽ ചക്ലമന്ദിർ പരിസരം ജനനിബിഡമായ ഒരു ചന്തയായി മാറുന്നുവെന്നത് ഒരു കൗതുകക്കാഴ്ചതന്നെയാണ്. വിവിധ പച്ചക്കറി, തുണികൾ, അലങ്കാരവസ്തുക്കൾ എന്നു തുടങ്ങി എല്ലാത്തരം ഉൽപന്നങ്ങളുടെയും ഒരു കമ്പോളം രൂപപ്പെടുന്നു. കേരളത്തിലെ ക്ഷേത്രങ്ങൾക്ക് സമീപം മാർക്കറ്റുപോലെയാണെങ്കിലും വിവിധതരം കാർഷികോൽപന്നങ്ങൾ ലഭിക്കുന്ന ഗ്രാമീണചന്തയുടെ രൂപത്തിലാണെന്ന് മാത്രം.

ചക്ല ഗ്രാമം ഞായറാഴ്ചകളിലേക്ക് ഉണരുന്നത് ചെറുതും വലുതുമായ വിവിധതരം വാഹനങ്ങളെയും, ചക്ല മന്ദിർ ദർശനത്തിനായെത്തിയ ആയിരക്കണക്കിന് ജനങ്ങളെയും കണ്ടുകൊണ്ടാണ്. വംഗനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന ടൂറിസം കേന്ദ്രത്തിന്റേതായ ഒരു മുഖം ചക്ലക്ക് സ്വന്തമായി അവകാശപ്പെടാനുണ്ട്, അതുകൊണ്ടുതന്നെ കോടിക്കണക്കിന് രൂപ ചെലവിട്ട് ബംഗാൾ സംസ്ഥാന സർക്കാർ ചക്ലയിലേക്കുള്ള പ്രധാന റോഡുകൾ നവീകരിക്കുകയും, ഗ്രാമത്തിലെ വീടുകൾ വൈദ്യുതീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുകയും ചെയ്തിട്ടുണ്ട്. ‘

ചക്ല – കച്ച്വ – നോർത്ത് 24 പർഗാനാസ് എന്നിവയുടെ സർക്യൂട്ട് ടൂറിസം വികസനം’എന്ന പേരിലാണ് പദ്ധതി രൂപപ്പെടുത്തിരിക്കുന്നത്. ഈ പദ്ധതിപ്രകാരം നിലവിലുള്ള ചക്ല ക്ഷേത്രം മോടിപിടിപ്പിക്കൽ, കുളങ്ങൾ നവീകരിച്ച് സംരക്ഷിക്കൽ, ഗെസ്റ്റ് ഹൗസുകൾ, ഗേറ്റ്‌വേകൾ, അഴുക്ക് ചാലുകൾ,‘ദാല’ (ഓഫറിങ്സ്), ആർക്കേഡ്, ടോയ്‌ലറ്റ് ബ്ലോക്കുകൾ, പൊലീസ് എയ്ഡ്പോസ്റ്റ് എന്നിവ നിർമിക്കുകയും ചെയ്യുക എന്നതൊക്കെയാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെ ബംഗാളിന്റെ തീർഥാടന ടൂറിസം മാപ്പിൽ ഇടം നേടിയതിനാൽതന്നെ ചക്ലയിലേക്കുള്ള പ്രധാന റോഡുകൾ ഏതാണ്ട് നല്ലരീതിയിൽ സംരക്ഷിക്കപ്പെടുന്നുണ്ട്.
വംഗനാട്ടിൽ ഏറ്റവുമധികം അനുയായികളുള്ള സന്യാസി ബാബ ലോക്‌നാഥിന്റെ ജന്മസ്ഥലമാണ് ചക്ല, ബംഗാളിലെ ഹിന്ദുക്കൾ ആരാധിക്കുന്ന ബാബാ ലോക്‌നാഥ്, 1730 ലെ ജന്മാഷ്ടമി ദിനത്തിൽ ചക്ല ഗ്രാമത്തിലെ രാംനാരായൺഘോഷാൽ, കമലാദേബി എന്നിവരുടെ നാലാമത്തെ മകനായി ജനിച്ചു. രക്ഷിതാക്കൾ ലോക്‌നാഥിനെ അക്കാലത്ത് ബരാസത്തിൽ താമസിച്ചിരുന്ന പണ്ഡിതൻ ഭഗബൻ ഗാംഗുലിയെ സമീപിച്ചു, തുടർന്ന് 11കാരനായ ലോക്‌നാഥിനോടൊപ്പം ബെനിമാധബ് ഗാംഗുലി എന്ന കുട്ടിയെയും ഭഗബൻഗാംഗുലി കാളിഘട്ടിലേക്ക് എത്തിച്ച് വേദങ്ങളും, പുരാണങ്ങളും, യോഗാഭ്യാസവും പഠിപ്പിച്ച് സന്യാസദീക്ഷ നൽകുകയും, നാല് പതിറ്റാണ്ട് വിവിധ സ്ഥലങ്ങളിലെ സന്യാസി ആശ്രമങ്ങളിലെ ജീവിതത്തിലൂടെയുള്ള പഠനം ആത്മീയതയിലേക്കുള്ള പരിശീലനവുമായപ്പോൾ ലോക്‌നാഥ് ബ്രഹ്മചര്യം സ്വീകരിച്ചു.

ദക്ഷിണേഷ്യയിലും,തെക്ക്-കിഴക്കൻ – ഏഷ്യയിലും സഞ്ചരിച്ച ലോക്‌നാഥ് ബാബ വിശ്വാസത്തിന്റെയും,മതത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് ഇസ്‍ലാം, ക്രിസ്ത്യൻ, യഹൂദമതം, ബുദ്ധ-സിഖ്-ജൈനമതങ്ങളെപ്പറ്റി പഠിക്കുകയും ചെയ്തു. ഇസ്‍ലാമിക പുണ്യസ്ഥലമായ മക്കയിലേക്കും, അഫ്ഗാനിസ്താൻ, ഇറാൻ, ഇസ്രായേൽ, ഫലസ്തീൻ, പടിഞ്ഞാറൻ ഏഷ്യയിലെ വിവിധ രാജ്യങ്ങൾ,മിഡിലീസ്റ്റ് എന്നിവിടങ്ങളിലാകെയും സഞ്ചരിച്ചിരുന്നുവത്രേ. പൊതുവെ പശ്ചിമ ബംഗാളിന്റെയും , ചക്ല ഗ്രാമത്തിന്റെയും മിത്തുകളിലും, ഐതിഹ്യങ്ങളിലും 160 വയസ്സുവരെ ജീവിച്ചിരുന്നതായി പറയുന്ന ബാബ ലോക്‌നാഥിന്റെ അത്ഭുത ശക്തികളുടെയും, മാന്ത്രിക കഴിവുകളുടെയും കുറിച്ചുള്ള നിരവധി നാടോടിക്കഥകൾ തലമുറകളിലൂടെ കൈമാറി വരുന്നു.

ബംഗാളിലെ ആത്മീയ ചിന്താധാര പാലസാമ്രാജ്യത്തിന്റെ കാലത്ത് അതിഷ ദീപങ്കര എന്ന ബുദ്ധമത ഗുരുവിൽ ആരംഭിക്കുന്നു. ഷാ സയ്യിദ് അബ്ബാസ് അലി മക്കി എന്ന പേരിൽ ജനിച്ച പീർ ഗോരചന്ദ് 14-ാം നൂറ്റാണ്ടിൽ ബംഗാളിലെത്തിയ ഒരു അറബ് ഇസ്‍ലാമിക് പ്രബോധകനായിരുന്നു.1294 ൽ മക്കയിൽ ജനിച്ച പീർ ഗോരചന്ദും ശിഷ്യന്മാരും ബംഗാളിലെത്തിയെന്നാണ് വിശ്വാസം. ബംഗാളിലെ ഇസ്‍ലാമിക ആത്മീയചിന്തയിൽ പീർ ഗോരാചന്ദിന് മഹനീയമായ സ്ഥാനമാണ് നൽകിയിട്ടുള്ളത്.ചൈതന്യ മഹാപ്രഭുവിലൂടെ, ബാബ ലോക്‌നാഥിലേക്ക് (1730-1890) എത്തുമ്പോഴേക്കും ബംഗാളിൽ ഏറ്റവും അധികം അനുയായികളെ ആകർഷിക്കാനായത് ബാബ ലോക്‌നാഥ് ബ്രഹ്മചാരിക്കായിരുന്നു.

1772-1890 കാലങ്ങളിൽ ബംഗാളിൽ സ്വാധീനമുണ്ടായ മറ്റൊരു ആത്മീയ ചിന്തകനാണ് ലാലൻ ഫക്കീർ. ബാവുൾ സംഗീത സ്ഥാപകനായി അരിയപ്പെട്ടുന്ന ബാവുൾ സന്യാസിയാണ് ലാലൻ. ജാതിമത വേർതിരിവുകൾ നിരാകരിച്ച് അദ്ദേഹം ഗാനങ്ങൾ രചിക്കുകയും,ആലപിക്കുകയും ചെയ്തുകൊണ്ട് ഗ്രാമഗ്രാമാന്തരങ്ങളിലൂടെ നടന്നു, അത്തരം ഗാനങ്ങളിലെ ആശയങ്ങൾ പിന്നീട് രബീന്ദ്രനാഥ ടാഗോർ, കാസി നസ്റുൽ ഇസ്‍ലാം എന്നീവരുടെ രചനകളെ സ്വാധീനിക്കുകയും, സാമൂഹിക ചിന്തകളെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുള്ളതുമാണ്.









