
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഭാരതത്തിന്റെ ട്വന്റി20 പരമ്പര ഇന്ന് കട്ടക്കില്‍ ആരംഭിക്കും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി ഏഴിന് കട്ടക്കിലെ ബാര്‍ബതി സ്റ്റേഡിയത്തിലാണ് നടക്കുക.
പരമ്പരയിലെ ബാക്കി നാല് മത്സരങ്ങളുടെയും സമയക്രമത്തില്‍ മാറ്റമില്ല. എന്നാല്‍ വിവിധ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. രണ്ടാം മത്സരം വ്യാഴാഴ്‌ച്ച ന്യൂ ചണ്ഡീഗഡിലെ മുള്ളന്‍പൂര്‍ സ്റ്റേഡിയത്തില്‍. മൂന്നാം ടി20 ഞായറാഴ്‌ച്ച ധര്‍മശാലയില്‍. 17നും 19നുമായി നടക്കുന്ന നാലും അഞ്ചും മത്സരങ്ങള്‍ ലഖ്‌നൗവിലും അഹമ്മദാബാദ് സ്റ്റേഡിയത്തിലും നടക്കും.
പരീക്ഷണം ബാര്‍ബതിയിലെ പുതുക്കിയ പിച്ചല്‍
ബാര്‍ബതി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തിന് സജ്ജമാക്കിയിരിക്കുന്ന പിച്ച് ചെമ്മണ്ണുകൊണ്ട് ഉണ്ടാക്കിയതാണ്. പുനര്‍നിര്‍മിച്ച പിച്ചിലെ ആദ്യ പരീക്ഷയാണ് ഇന്നത്തേത്. ഇത്തരം പിച്ചില്‍ ബൗളിങ്ങിന് മികച്ച ബൗണ്‍സ് ലഭിക്കും. അതിനാല്‍ നല്ലരീതിയില്‍ റണ്ണൊഴുകും. മത്സരങ്ങളില്‍ മികച്ച റണ്‍നിരക്ക് ഉയര്‍ത്താനാണ് ഇങ്ങനെ പിച്ച് ഒരുക്കിയിരിക്കുന്നത്. പുതിയ പരീക്ഷണമാകുമ്പോള്‍ ഇന്ന് ടോസ് നേടുന്ന ക്യാപ്റ്റന്റെ തീരുമാനവും നിര്‍ണായകമാകും.
ഇത് ലോകകപ്പ് 2026നുള്ള ഒരുക്കം: സൂര്യകുമാര്‍ യാദവ്
മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കമായി വേണം ഇന്നത്തെ മത്സരത്തെ കാണാനെന്ന് ഭാരത നായകന്‍ സൂര്യകൂമാര്‍ യാദവ്. 2024 ട്വന്റി20 ലോകകപ്പിന് ശേഷം നമ്മള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. സ്‌കൂള്‍ കാലഘട്ടത്തിലെ പരീക്ഷകള്‍ പോലെ നാല് ദിവസം മുമ്പ് പഠിച്ചല്ലല്ലോ നമ്മള്‍ തയ്യാറെടുക്കുന്നത്. ഒരു വര്‍ഷം മുഴുവനായി അദ്ധ്യയനം നടത്തിയ ശേഷമാണ് പരീക്ഷാ ഹാളിലെത്തുന്നത്. നമ്മളും അത്തരമൊരു തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്. പറഞ്ഞവരുന്നതെന്നതെന്നാല്‍ ഇനി ഈ ടീമില്‍ ഒരു മാറ്റം ഉണ്ടാവില്ല. സൂര്യ വ്യക്തമാക്കി. പരിക്കില്‍ നിന്ന് മുക്തരായ ശുഭ്മാന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും ടീമിലുണ്ടാകുമെന്ന് അറിയിച്ചുകൊണ്ടാണ് ക്യാപ്റ്റന്‍ ഇക്കാര്യം വിശദീകരിച്ചത്. ഇന്ന് മുതല്‍ തുടങ്ങുന്ന കളിയെ ലോകകപ്പ് മത്സരമായി തന്നെ കാണണം. അതിനാല്‍ ഫെബ്രുവരിയില്‍ തുടങ്ങുന്ന കളിയില്‍ ഉണ്ടാകേണ്ടവരെല്ലാം ഇന്നുമുതല്‍ ടീമിലുണ്ടാകും. ഇനിയൊരു മാറ്റത്തിന് സമയമില്ല. നമ്മള്‍ ഒരുങ്ങിക്കഴിഞ്ഞു. പരിക്കേറ്റ ഈ രണ്ട് പ്രധാന താരങ്ങളും ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞു- സൂര്യ പറഞ്ഞു.
പ്രതികാര ദാഹവുമായി ദക്ഷിണാഫ്രിക്ക
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഭാരതം രണ്ടാം ട്വന്റി20 ലോകക കിരീടം നേടിയത്. 18 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും കുട്ടിക്രിക്കറ്റില്‍ ലോക ജേതാക്കളായത് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു. എട്ട് റണ്‍സിനായിരുന്നു ഭാരതത്തിന്റെ ഫൈനല്‍ വിജയം. മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം നവംബറില്‍ ഭാരതം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തി ട്വന്റി20 പരനമ്പര നേട്ടം കൈവരിച്ചിരുന്നു. അതിനുള്ള പ്രതികാരം വീട്ടാനുള്ള അവസരമാണ് ലോകകപ്പിലും ദക്ഷിണാഫ്രിക്കയിലെ ടി20 പരമ്പരയിലും അവരെ നയിച്ചിരുന്ന എയ്‌ദെന്‍ മാര്‍ക്രത്തിന് കീഴിലുള്ള ടീമിന് വന്നുചേര്‍ന്നിരിക്കുന്നത്.
ഭാരതത്തിന് ലോകകപ്പ് നേടിത്തന്നതിന് പിന്നാലെ രോഹിത് ശര്‍മ വിരമിച്ചു. ഒപ്പം വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരും വിരമിച്ചു. ഭാരത ക്രിക്കറ്റ് പരിശീലകനായിരിക്കെ രാഹുല്‍ ദ്രാവിഡിന്റെ ഒടുവിലത്തെ ദൗത്യമായിരുന്നു ആ ലോകകപ്പ്. വിജയത്തോടെ ദ്രാവിഡും പടിയിറങ്ങിയിരുന്നു. ഇന്ന് പുതിയ ലോകകപ്പിനെ വരവേല്‍ക്കാനുള്ള ഭാരത ടി20 ടീമാണ് കോച്ച് ഗൗതം ഗംഭീറിന്റെയും സൂര്യകുമാര്‍ യാദവിന്റെയും നേതൃത്വത്തിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ തിരിച്ചടികള്‍ നേരിടുന്നുണ്ടെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഭാരതം വളരെ ശക്തമാണ്. ഗൗതം ഗംഭീറിന്റെ പരിശീലക മികവ് ഒരിക്കല്‍ കൂടി തെളിയിക്കാനുള്ള അവസരമാണ് ഇന്ന് തുടങ്ങുന്ന പരമ്പര.








