
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ വമ്പന്‍ ടീം റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. സെല്‍റ്റ വിഗോയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി റയല്‍ ഏറ്റുവാങ്ങിയത് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രതിഹതമായിരുന്നു. രണ്ടാം പകുതി തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ വില്ലിയറ്റ് സ്വെഡ്‌ബെര്‍ഗ് സ്‌കോര്‍ ചെയ്തു. മത്സരം തീരുന്നതിന് തൊട്ടുമുമ്പ് ഒരു ഗോള്‍ കൂടി നേടി താരം ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കി.
മത്സരം തോറ്റതിനൊപ്പം രണ്ട് പേര്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകേണ്ടിവന്നത് റയലിന് ഇരട്ട പ്രഹരമായി. റയല്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കെ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട പ്രതിരോധ താരം ഫ്രാന്‍ ഗാര്‍ഷ്യ ആണ് പുറത്തേക്കുള്ള വഴി കണ്ടത്. രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് സമയത്ത് റയലിന്റെ മറ്റൊരു പ്രതിരോധ താരം അല്‍വാരോ കറേറാസും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. തൊട്ടടുത്ത മിനിറ്റിലാണ് സെല്‍റ്റ വിഗോ രണ്ടാം ഗോള്‍ നേടിയത്.
തോല്‍വിയോടെ ലാലിഗ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള റയലിന്റെ ശ്രമത്തിനാണ് തിരിച്ചടിയായത്. ലീഗില്‍ 16 റൗണ്ട് മത്സരങ്ങള്‍ തീരുമ്പോള്‍ 40 പോയിന്റുമായി ബാഴ്‌സയാണ് മുന്നില്‍. തൊട്ടുപിന്നിലുള്ള റയസിന് 36 പോയിന്റാണുള്ളത്. റയലിന് പിന്നില്‍ മൂന്നാം സ്ഥാനത്തുള്ള വിയ്യാറയലിന് 35 പോയിന്റുണ്ട്. പട്ടികയില്‍ പത്താം സ്ഥാനത്തുള്ള ടീം ആണ് സെല്‍റ്റ വിഗോ.









