
കട്ടക്ക്: 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ മണിപ്പൂരിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. ഒരിന്നിങ്‌സിനും 169 റണ്‍സിനുമായിരുന്നു കേരളത്തിന്റെ വിജയം.
248 റണ്‍സിന്റെ ലീഡ് നേടിയ കേരളം ആറ് വിക്കറ്റിന് 312 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂര്‍ 79 റണ്‍സിന് ഓള്‍ ഔട്ടായതോടെയാണ് ത്രിദിന മത്സരത്തിന്റെ രണ്ടാം ദിവസം തന്നെ കേരളം വിജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ മണിപ്പൂര്‍ 64 റണ്‍സായിരുന്നു നേടിയത്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഇഷാന്‍ എം.രാജിന്റെയും എട്ട് വിക്കറ്റ് വീഴ്‌ത്തിയ എസ്.വി. ആദിത്യന്റെയും പ്രകടനമാണ് കേരളത്തിന് അനായാസ വിജയം ഒരുക്കിയത്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ വിശാല്‍ ജോര്‍ജിന്റെ വിക്കറ്റ് നഷ്ടമായി. 72 റണ്‍സായിരുന്നു വിശാല്‍ നേടിയത്. മറുവശത്ത് തകര്‍പ്പന്‍ ഷോട്ടുകളുമായി ബാറ്റിങ് തുടര്‍ന്ന ക്യാപ്റ്റന്‍ ഇഷാന്‍ 100 റണ്‍സെടുത്ത് പുറത്തായി. 98 പന്തുകളില്‍ 17 ബൗണ്ടറികളടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ അഭിനവ് ആര്‍.നായര്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. അദ്വൈത് വി നായര്‍ 32 റണ്‍സെടുത്തു. ആറ് വിക്കറ്റിന് 312 റണ്‍സെന്ന നിലയില്‍ കേരളം ഇന്നിങ്‌സ് ഡിക്ലര്‍ ചെയ്തു. മണിപ്പൂരിന് വേണ്ടി റൊമേഷ്, ബുഷ് സഗോള്‍സെം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂരിനെ എസ് വി ആദിത്യന്റെ ഉജ്ജ്വല ബൗളിങ്ങാണ് തകര്‍ത്തെറിഞ്ഞത്. എട്ട് വിക്കറ്റാണ് ആദിത്യന്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ആദിത്യന്‍ നാല് വിക്കറ്റും വീഴ്‌ത്തിയിരുന്നു. വെറും 79 റണ്‍സിന് മണിപ്പൂര്‍ ഓള്‍ ഔട്ടായതോടെ കേരളം 169 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി.









