മത്ര: ഒമാനിൽ തണുപ്പുകാലമായതോടെ മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളും എത്തിത്തുടങ്ങി. മത്ര കോർണീഷിന്റെയും പരിസരങ്ങളിലെയും മനോഹരമായ പ്രകൃതി സൗന്ദര്യമാണ് വിദേശികളുടെ കണ്ണിലുടക്കുന്നത്. സൈക്കിളിൽ പലരും മത്ര ചുറ്റിയടിക്കുന്നു. സ്വകാര്യ നിമിഷങ്ങൾ പങ്കിട്ടും അവയെല്ലാം ചിത്രങ്ങളാക്കിയും മത്രയുടെ തീരക്കാഴ്ച്കൾ ഹൃദയത്തിലേക്കെന്ന പോലെ പകർത്തിയുമാണ് വിദേശ സഞ്ചാരികളുടെ മടക്കം. മേഖലയിലെ അസ്വസ്ഥകരമായ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ക്രൂയിസ് കപ്പലുകളുടെ വരവ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ പ്രതികൂലമായ എല്ലാ സാഹചര്യങ്ങളെയും തോൽപിച്ച് സുൽത്താനേറ്റിലേക്കുള്ള ക്രൂയിസ് കപ്പലുകൾ തീരത്തടുത്തു തുടങ്ങി.

മത്ര സന്ദർശിക്കാനെത്തിയ വിദേശസഞ്ചാരികൾ
തണുപ്പ് കാലമായാല്‍ മത്ര കോര്‍ണീഷില്‍ പറന്നെത്താറുള്ള ദേശാടന പക്ഷികൾ പതിവ് തെറ്റിക്കാതെ ഇത്തവണയും പറന്നെത്തിയിട്ടുണ്ട്. അതോടെ മത്ര കോര്‍ണിഷില്‍ പകല്‍നേരങ്ങളില്‍ പറവകളുടെ ആഘോഷമാണ്. കോര്‍ണീഷിന്റെ ശൈത്യകാല ഭംഗി ആസ്വദിക്കാന്‍ വരുന്നവര്‍ കൊണ്ടുവന്ന് നല്കുന്ന ഭക്ഷണങ്ങള്‍ കൊത്തിപ്പറിച്ചും എറിഞ്ഞുനൽകുന്ന ഭക്ഷണത്തുണ്ടുകൾ പറന്നുപിടിച്ചും ഉയരത്തില്‍ പറന്നും കാണാന്‍ വന്നവരുടെ മനം കുളിർപ്പിക്കുകയാണ് ഈ പക്ഷിക്കൂട്ടങ്ങള്‍. ശൈത്യകാലം ആഗതമാവുതോടെ വിദൂരങ്ങള്‍ താണ്ടിയാണ് ദേശാടനപ്പക്ഷികൾ മത്ര തീരത്ത് എത്താറുള്ളത്. കോര്‍ണിഷിലെ അതിമനോഹരമായ കാഴ്ചകള്‍ക്ക് ഭംഗിയേറ്റും വിധമാണ് ദേശാടനപ്പക്ഷികളുടെ കളകളാരവം. ശൈത്യകാലം വന്നണഞ്ഞാലുള്ള മത്ര കോര്‍ണീഷിലെ ഈ മനോഹര കാഴ്ചകള്‍ക്ക് ഭംഗിയൊന്ന് വേറെത്തന്നെയാണ്.
അതിരാവിലെ തന്നെ കോര്‍ണിഷിലെ കാഴ്ചകള്‍ കണ്ട് ആസ്വദിക്കാനും പടംപിടിക്കാനും നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. ചൂടൊഴിഞ്ഞ് കുളിര്മയുള്ള അന്തരീക്ഷം വന്നതോടെ വിദേശ സഞ്ചാരികള്‍ ക്രൂയിസ് കപ്പലുകള്‍ വഴിയും വിമാനം വഴിയും വന്നണയുന്നുണ്ട്. ദേശാടന പക്ഷികളും ടൂറിസ്റ്റുകളും വന്നതോടെ കോര്‍ണിഷ് കാഴ്ചകള്‍ക്ക് പ്രത്യേക വര്ണമാണിപ്പോള്. കിലോ മീറ്ററുകളോളം നീണ്ടുകിടക്കുന്ന കോര്‍ണിഷിലെ കടലോരങ്ങളിലെ കാഴ്ചകള്‍ കണ്ട് വിദേശികളും ഈ സമയങ്ങളില്‍ ആസ്വദിച്ചു നടന്നുനീങ്ങുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തിച്ചേരുന്ന കപ്പലുകളില്‍ വന്നിറങ്ങുന്ന സഞ്ചാരികള്‍ ഈ മനോഹര കാഴ്ചകള്‍ ആസ്വദിച്ച് ലോകം മുഴുക്കെ ഒമാന്റെ സൗന്ദര്യ പ്രചാരകരുമാവുന്നുണ്ട്. മത്ര പോര്‍ട്ട് മുതൽ റിയാം പാര്‍ക്ക് വരെ നീളുന്ന കേബിൾ കാർ പദ്ധതികൂടി യാഥാർഥ്യമാകുന്നതോടെ മത്ര കോര്‍ണീഷും പരിസരവും ലോക ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം അലങ്കരിക്കാന്‍ പോവുകയാണ്.








