
ന്യൂദല്‍ഹി: 2026ലെ ലോകചെസ് കിരീടപ്പോരില്‍ ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനായ ഡി.ഗുകേഷിനെ വെല്ലുവിളിക്കാന്‍ യോഗ്യതയുള്ള കളിക്കാരനെ (ചലഞ്ചര്‍) കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പ്രജ്ഞാനന്ദയ്‌ക്ക് പ്രവേശനം. ആകെ എട്ട് പേരാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുക. ഇതില്‍ വിജയിയായ ആള്‍ 2026ലെ ലോക ചെസ് കിരീടത്തിനായി ഇപ്പോഴത്തെ ലോക ചാമ്പ്യനായ ഗുകേഷിനെതിരെ പൊരുതും.
ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയതിനാലാണ് പ്രജ്ഞാനന്ദയെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്തത്. 2025ല്‍ വിവിധ ചെസ് ടൂര്‍ണ്ണമെന്‍റില്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന പോയിന്‍റുകളില്‍ ഏറ്റവും കൂടുതല്‍ നേടിയ ഒരാള്‍ക്കാണ് എല്ലാ വര്‍ഷവും കാന്‍ഡിഡേറ്റ്സില്‍ പ്രവേശനം നല്‍കുക. പ്രജ്ഞാനന്ദ ഈ വര്‍ഷം ആകെ 115.17 പോയിന്‍റുകള്‍ നേടി. ലണ്ടനില്‍ ഈയിടെ നടന്ന എക്സ് ടിഎക്സ് ക്ലാസിക് ഓപ്പണില്‍ മൂന്ന് പേര്‍ ചാമ്പ്യന്മാരായി കിരീടം പങ്കുവെച്ചപ്പോള്‍ അതില്‍ ഒരാള്‍ പ്രജ്ഞാനന്ദയായിരുന്നു. ഈ ടൂര്‍ണ്ണമെന്‍റിലെ പോയിന്‍റ് കൂടിയാതോടെയാണ് പ്രജ്ഞാനന്ദയ്‌ക്ക് 115.17 പോയിന്‍റ് ലഭിച്ചത്.
ഫിഡെ സര്‍ക്യൂട്ടില്‍ പ്രജ്ഞാനന്ദയ്‌ക്ക് പിന്നില്‍ 81.18 പോയിന്‍റോടെ ഡച്ച് താരം അനീഷ് ഗിരിയും 71.61 പോയിന്‍റോടെ ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവും നില്‍ക്കുന്നു. ഇതില്‍ അനീഷ് ഗിരിയ്‌ക്ക് നേരത്തെ തന്നെ കാന്‍ഡിഡേറ്റ്സ് ചെസ്സില്‍ പ്രവേശനം ലഭിച്ചിരുന്നു. 2025ല്‍ ഇനി ഡിസംബര്‍ മാസത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇനി ലോക റാപ്പിഡ്, ലോക ബ്ലിറ്റ്സ് എന്നീ ടൂര്‍ണ്ണമെന്‍റ് കൂടിയേ ബാക്കിയുള്ളൂ. ഇതില്‍ രണ്ടിലും കിരീടം നേടിയാല്‍ പോലും നോഡിര്‍ബെക് അബ്ദുസത്തൊറോവിന് പ്രജ്ഞാനന്ദയെ മറികടക്കാന്‍ ആകില്ല. അതിനാലാണ് പ്രജ്ഞാനന്ദയെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിലേക്ക് തെരഞ്ഞെടുത്തതായിപ്രഖ്യാപനം ഉണ്ടായത്.
ആകെ എട്ടുപേരാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റ് 2026 മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 16 വരെ സൈപ്രസില്‍ ആണ് നടക്കുക. പ്രജ്ഞാനന്ദ, ജൊവോഖിര്‍ സിന്‍ഡറോവ് (ജര്‍മ്മനി) വെയ് യി (ചൈന), ആന്‍ഡ്രി എസിപെന്‍കോ (റഷ്യ), അനീഷ് ഗീരി (ഡച്ച് ), മത്യാസ് ബ്ലൂബോം (ജര്‍മ്മനി), ഫാബിയാനോ കരുവാന (അമേരിക്ക), ഹികാരു നകാമുറ (അമേരിക്ക) എന്നീ എട്ട് താരങ്ങളാണ് 2026ലെ കാന്‍ഡിഡേറ്റ്സില്‍ മാറ്റുരയ്‌ക്കുക.
ഇതില്‍ ഗോവയില്‍ നടന്ന ഫിഡെ ലോക ചെസ്സില്‍ ആദ്യ മൂന്ന് സ്ഥാനക്കാരായതിനാലാണ് ജൊവോഖിര്‍ സിന്‍ഡറോവ് (ജര്‍മ്മനി) വെയ് യി (ചൈന), ആന്‍ഡ്രി എസിപെന്‍കോ എന്നിവരെ തെരഞ്ഞെടുത്തത് ഈ വര്‍ഷം നടന്ന ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ഒന്നും രണ്ടും സ്ഥാനക്കാരായതിനാലാണ് അനീഷ് ഗീരി (ഡച്ച് ), മത്യാസ് ബ്ലൂബോം (ജര്‍മ്മനി) എന്നിവര്‍ കാന്‍ഡിഡേറ്റ്സില്‍ യോഗ്യത നേടിയത്.
2024 ഫിഡെ സര്‍ക്യൂട്ടിലെ റേറ്റിംഗ് പ്രകാരം നേരത്തെ തന്നെ ഫാബിയാനോ കരുവാന (അമേരിക്ക) യോഗ്യത നേടിയിരുന്നു. ആഗസ്ത് 2025 മുതല്‍ ഏപ്രില്‍ 2026 വരെയുള്ള ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള താരം എന്ന നിലയിലാണ് ഹികാരു നകാമു( അമേരിക്ക) കാന്‍ഡിഡേറ്റ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.









