ജിസാൻ: ചെങ്കടലിൽ വേനൽക്കാലം ആനന്ദപ്രദമാക്കിയാലോ! ഉല്ലാസ വിരുന്നൊരുക്കി കാത്തുകിടക്കുകയാണ് നീലക്കടലിൽ ഫറസാൻ ദ്വീപ്. ജീസാൻ ചെങ്കടൽ തീരത്ത് നിന്ന് 42 കിലോമീറ്റർ അകലെയാണ് ഈ മനോഹര ദ്വീപ്. സഞ്ചാരികളുടെ മനംകവരും ഇവിടത്തെ ഹൃദ്യമായ കാഴ്ചകൾ. യുനെസ്കോയുടെ ലോക പൈതൃകസ്ഥാനങ്ങൾ അടയാളപ്പെടുത്തുന്ന സംവേദനാത്മക മാപ്പിൽ ഈ ദ്വീപുകൾ ഉൾപ്പെട്ടിട്ടുണ്ട്. വശ്യമായ പ്രകൃതിഭംഗിയും മനോഹരമായ കടൽത്തീരങ്ങളും കൊണ്ട് അനുഗൃഹീതമായ ഫറസാൻ ദ്വീപ് വേനൽക്കാലത്ത് സന്ദർശകർക്ക് ആനന്ദവിരുന്നൊരുക്കുന്നു.
വൈവിധ്യമാർന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, പൈതൃകസ്മാരകങ്ങളുടെ ശേഷിപ്പുകൾ എന്നിവയാൽ ദ്വീപ് പ്രസിദ്ധമാണ്. വേനൽക്കാലത്ത് ഇവിടെയെത്തുന്ന സന്ദർശകർ ഇവിടത്തെ ‘അൽ ഖിസ്ർ’ എന്ന പൗരാണിക ഗ്രാമത്തിൽ ഏറെസമയം ചെലവഴിക്കുന്നു. പുരാതന നാഗരികതകളാൽ സമ്പന്നമായ ഈ ഗ്രാമത്തിൽ ചരിത്രാവശിഷ്ടങ്ങളും പൗരാണികവീടുകളുടെ ശേഷിപ്പുകളും കാണാം. പുരാതന വാണിജ്യകേന്ദ്രങ്ങളും പള്ളിയും ശുദ്ധവെള്ളത്തിനായി പണിത കിണറുകളും ഇപ്പോഴും ഇവിടുണ്ട്.
‘ബൈത്ത് രിഫാഈ’ എന്ന പേരിലറിയപ്പെടുന്ന മനോഹര സൗധത്തിലെ ആകർഷണീയമായ കൊത്തുപണികൾ കാലാവസ്ഥയെ അതിജയിച്ച് ഇവിടെ നിലനിൽക്കുന്നു. പവിഴം, മുത്ത് തുടങ്ങിയവയുടെ വ്യാപാരിയായിരുന്ന അഹമ്മദ് മുനവ്വർ രിഫാഇ 1923ൽ പണി കഴിപ്പിച്ച ഈ ഭവനത്തിന്റെ വാസ്തുവിദ്യയും കൊത്തുപണികളും ഏറെ ആകർഷണീയമാണ്. ഉസ്മാനിയ കാലഘട്ടത്തിൽ ദ്വീപിലെ ചെറിയൊരു കുന്നിൽ പണി കഴിപ്പിച്ച ഉസ്മാനിയ കോട്ട, 1928ൽ മുത്ത് വ്യാപാരിയായിരുന്ന ഇബ്രാഹീം തമീമി നിർമിച്ച മസ്ജിദ് നജ്ദി, 1918ൽ പണി പൂർത്തിയാക്കിയ ജർമൻ സൗധം തുടങ്ങിയവ പൗരാണിക സ്മാരകങ്ങളായി ഇവിടെ സംരക്ഷിച്ചു വരുന്നു.
പവിഴപ്പുറ്റുകൾ കൊണ്ട് നിർമിതമായ 84ലധികം ദ്വീപുകളുടെ കൂട്ടത്തിൽ ഏറ്റവും വലിയ ദ്വീപാണ് ഫറസാൻ. ഏതാണ്ട് 70 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിന്റെ വിസ്തൃതി. 5,408 ചതുരശ്ര കിലോമീറ്ററാണ് ഏകദേശ വിസ്തീർണം. 20,000ത്തോളം ആളുകൾ ദ്വീപിൽ വസിക്കുന്നുണ്ട്. ഹോട്ടലുകളും മറ്റെല്ലാ പ്രാഥമിക സൗകര്യങ്ങളും സർക്കാർ കാര്യാലയങ്ങളും ഇവിടുണ്ട്. മത്സ്യബന്ധനവും കൃഷിയുമാണ് ദ്വീപ് വാസികളുടെ പ്രധാന വരുമാനമാർഗം.
കൗതുകകരമായ കാഴ്ചകളുടെയും അതീവ പുരാവസ്തു പ്രാധാന്യമുള്ള ശേഷിപ്പുകളുടെയും വേറിട്ട ദൃശ്യങ്ങൾ ദ്വീപ് സന്ദർശകർക്ക് ഏറെ ഹൃദ്യത പകരുന്നു. അഭിവൃദ്ധിയുടെ ചാരുതയുള്ള ദ്വീപ് നിരവധി ചരിത്ര നിർമിതികളുടെയും പഴമയുടെയും തനത് രൂപങ്ങൾ നിലനിർത്തുന്ന കേന്ദ്രം കൂടിയാണ്. ദ്വീപിലേക്കുള്ള കപ്പൽയാത്ര തികച്ചും സൗജന്യമാണ്. രണ്ട് കപ്പലുകൾ അതിനായി സൗദി അധികൃതർ സംവിധാനിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 7.30നും ഉച്ചക്കുശേഷം 3.30നും ജീസാൻ തുറമുഖത്ത് നിന്ന് ഭീമൻ ജലയാനം പുറപ്പെടുന്നു. ഏകദേശം ഒരു മണിക്കൂർ കൊണ്ട് ദ്വീപിലെത്താം.