ഹോക്കി അസോസിയേഷനെ വിമർശിച്ച് മുൻ ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് രംഗത്തെത്തി. സംസ്ഥാനത്തെ ഹോക്കി അസോസിയേഷന് ഏകോപനം ഇല്ലെന്നാണ് ഒളിമ്പിക്സ് മെഡൽ ജേതാവായ ശ്രീജേഷ് ചൂണ്ടിക്കാട്ടിയത്. പുതിയ ഹോക്കി താരങ്ങളെ വളര്‍ത്തി എടുക്കാന്‍ അസോസിയേഷന് മുന്‍കൈ എടുക്കണമെന്നും പി. ആര്. ശ്രീജേഷ് പറയുന്നു.
‘കേരളത്തിൽ അസ്ട്രോ ടര്‍ഫ് തുടങ്ങുന്നത് അസാധ്യമായ കാര്യമാണ്. അസോസിയേഷനിൽ ഉള്ളവർ ഹോക്കിയെ പരിഗണിക്കണം. ഒരുമിച്ചു നിന്നാലേ എന്തും നേടാനാകൂ. ഞാൻ ഒറ്റയ്ക്ക് നോക്കിയാല്‍ പൊങ്ങില്ല. എന്റെ പേരിലുള്ള സ്റ്റേഡിയം ഇപ്പോഴും യാഥാര്‍ഥ്യം ആയില്ല. ഒരു കോടി രൂപയ്ക്ക് തീരാവുന്ന പദ്ധതിക്കാണ് കഴിഞ്ഞ ദിവസം 30 ലക്ഷം മുടക്കിയത്.
2014ല്‍ ഏഷ്യന്‍ ഗെയിംസ് വിജയിച്ചപ്പോഴാണ് സ്റ്റേഡിയം പ്രഖ്യാപിക്കുന്നത്. അതിന് വേണ്ടി പഞ്ചായത്ത് സ്ഥലം നല്‍കുകയും ചെയ്തു. അത് നേരത്തെ ഒരു വോളിബോള്‍ ഗ്രൗണ്ട് ആയിരുന്നു. അതിനെ മള്‍ട്ടിപര്‍പ്പസ് ഗ്രൗണ്ടാക്കി മാറ്റി ഇന്‍ഡോര്‍ സ്റ്റേഡിയം പണിയുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് മുടങ്ങിക്കിടക്കുകയാണ്. കാടുമൂടി കിടക്കുന്നതിനാല്‍ അവിടെ കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഇപ്പോള്‍ കളിക്കാന്‍ കഴിയുന്നില്ല,’ ശ്രീജേഷ് പറഞ്ഞു.
താന്‍ നാട്ടിലെത്തുമ്പോള്‍ റോഡിലാണ് ട്രെയിനിങ് ചെയ്യുന്നതെന്നും. ചെറിയ കുട്ടികള്‍ക്ക് അതിന് പറ്റില്ല, കുട്ടികള്‍ക്ക് കളിക്കാനായി ഒരു സ്റ്റേഡിയം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോക്കിയിൽ നിന്നു വിരമിക്ക താരം പരിശീലകൻ ആകാനുള്ള നീക്കത്തിലാണ്.