ചെന്നൈ: ഉജ്ജ്വല ഫോം തുടരുന്ന മലയാളി താരം മുഹമ്മദ് ഇനാന്റെ മികവിൽ ആസ്ട്രേലിയക്കെതിരായ അണ്ടർ 19 ടെസ്റ്റ് ജയിച്ച് ഇന്ത്യ. രണ്ട് വിക്കറ്റിനാണ് ആതിഥേയർ ഓസീസിനെ തോൽപിച്ചത്. മൂന്നാംനാൾ സന്ദർശകർ ഉയർത്തിയ 212 റൺസ് ലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇനാൻ രണ്ടാം ഇന്നിങ്സിൽ ആറുപേരെ മടക്കി. സ്കോർ: ആസ്ട്രേലിയ 293 & 214, ഇന്ത്യ 296 & 214/8. ഇന്നലെ നാലിന് 110 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് 214ന് പുറത്തായി. 23 ഓവർ പന്തെറിഞ്ഞ തൃശൂർ പുന്നയൂർക്കുളം സ്വദേശിയായ സ്പിന്നർ ഇനാൻ 79 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. സോഹം പട് വർധൻ മൂന്ന് വിക്കറ്റും വീഴ്ത്തി. 48 റൺസെടുത്ത ഓപണർ റിലീ കിങ്സെലാണ് ആസ്ട്രേലിയയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിൽ ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറി വീരൻ വൈഭവ് സൂര്യവൻഷിയെ (1) ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. നിത്യ പാണ്ഡ്യയുടെയും (51) നിഖിൽ കുമാറിന്റെയും (55) അർധ ശതകങ്ങളാണ് ജയത്തിലേക്ക് നയിച്ചത്. ഇനാൻ ഒരു റണ്ണിന് പുറത്തായി.