ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തരംഗമാകാന്‍ കച്ചമുറുക്കി ചൈനീസ് കമ്പനി ബില്‍ഡ് യുവര്‍ ഡ്രീംസ് (ബി.വൈ.ഡി). ആകര്‍ഷകമായ ഇ.വി ലൈനപ്പുള്ള ബി.വൈ.ഡി ഇത്തവണ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് അരങ്ങുവാഴുന്ന എം.പി.വി സെഗ്മെന്റിലേക്കാണ് ചുവടുവെക്കുന്നത്. ആഡംബര ഇന്റീരിയറും നിരവധി ഫീച്ചറുകളുമായി ഇമാക്സ് 7 എന്ന ഇലക്ട്രിക് എം.പി.വിയുമായാണ് കമ്പനി വിപണി പിടിക്കാന്‍ എത്തിയിരിക്കുന്നത്. വിലയുടെയും വലിപ്പത്തിന്റെയും കാര്യത്തില്‍ സാമ്യതയുള്ള രണ്ട് വാഹനങ്ങളും തമ്മിലുള്ള യുദ്ധമായിരിക്കും ഇനി വിപണിയില്‍ കാണാനാവുക.
11 വര്‍ഷത്തോളമായി ചൈനീസ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും പാസഞ്ചര്‍ കാര്‍ സെഗ്മെന്റിലേക്ക് കടന്നുവരുന്നിട്ട് അധികമായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി ഇന്ത്യന്‍ വിപണിയില്‍ മത്സരത്തിന് തയാറെടുത്താണ് പുത്തന്‍ മോഡൽ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഇ6 ഇ.വിയുടെ ഫെയ്സ് ലിഫ്റ്റ് പതിപ്പാണ് ഇമാക്സ് 7. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെച്ചപ്പെടുത്തിയ ഡിസൈന്‍, ഫീച്ചര്‍, മെക്കാനിക്കല്‍ അപ്ഗ്രേഡുകള്‍ എന്നിവ പുതിയ ഇലക്ട്രിക് എം.പി.വിയില്‍ ബി.വൈ.ഡി ഒരുക്കിയിട്ടുണ്ട്.
ഇ 6 എം.പി.വി, അറ്റോ 3 എസ്.യു.വി, സീല്‍ സെഡാന് എന്നിവക്ക് ശേഷം ബി.വൈ.ഡി പുറത്തിറക്കിയ ഇമാക്സ് 7 പ്രീമിയം, സുപ്പീരിയര്‍ എന്നിങ്ങനെ ആറ്, അല്ലെങ്കില്‍ ഏഴ് സീറ്റര്‍ ഓപ്ഷനില്‍ ലഭ്യമാകും. ആരെയും ആകര്‍ഷിക്കുന്ന രൂപഭംഗിയാണ് വഹനത്തിന് നല്‍കിയിരിക്കുന്നത്. 7 പേര്‍ക്ക് മികച്ച സൗകര്യങ്ങളോടെ യാത്ര ചെയ്യാനാവുന്ന ഫാമിലി കാറാണിതെന്ന് പറയാം. മുന്‍ഗാമിയില്‍ നിന്നും നേരിയ മാറ്റം വരുത്തിയ ഹെഡ്ലാമ്പുകളും ടെയില്‍-ലാമ്പുകളുമാണ് വാഹനത്തിനുള്ളത്. ബമ്പറുകള്‍ക്ക് പുതിയ ഡിസൈനാണ്. പുതിയ 17 ഇഞ്ച് അലോയ് വീലുകൾ നല്കിയ വാഹനം ക്വാര്‍ട്സ് ബ്ലൂ, ഹാര്‍ബര്‍ ഗ്രേ, ക്രിസ്റ്റല്‍ വൈറ്റ്, കോസ്മോസ് ബ്ലാക്ക് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.
12.8 ഇഞ്ച് ഫ്ളോട്ടിങ് ടച്ച്സ്ക്രീന്‍, ഡാഷ്ബോര്‍ഡ് പാനലുകളില്‍ ഉള്‍പ്പെടെ സേഫ്റ്റി ടച്ച് മെറ്റീരിയലുകള്‍, വയര്‍ലെസ് ചാര്‍ജിങ് പാഡുകള്‍, പുതിയ സ്വിച്ച് ഗിയര്‍, ഡ്രൈവ് സെലക്ടര്‍ ലിവര്‍, സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറില്‍ പ്രധാന മാറ്റങ്ങള്‍. അഡാസ് 2 ടെക്, പനോരമിക് ഗ്ലാസ് റൂഫ്, ഫ്രെയിംലെസ് ഫ്രണ്ട് വൈപ്പറുകള്‍, റൂഫ് റെയിലുകള്‍, ആറ് എയര്‍ബാഗുകള്‍, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയെല്ലാമാണ് ബി.വൈ.ഡി ഇമാക്സ് 7 ഇലക്ട്രിക് എം.പി.വിയിലെ മറ്റ് പ്രധാന ഹൈലൈറ്റുകള്‍.
രണ്ട് ബാറ്ററി പാക്കുകളിലായാണ് ഇ.വി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം വേരിയന്റിന് 55.4 കിലോവാട്ട് ബാറ്ററി പാക്കാണുള്ളത്. ഇത് 163 ബി.എച്ച്.പി കരുത്തില്‍ 310 എന്‍.എം ടോര്‍ക്ക് വരെ ഉൽപാദിപ്പിക്കും. 10.1 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ഒറ്റ ചാര്‍ജില്‍ 420 കിലോമീറ്റര്‍ റേഞ്ച് വരെ നല്‍കും. അതേസമയം സുപ്പീരിയറിന് 530 കിലോമീറ്റര്‍ റേഞ്ചുള്ള 71.8 കിലോവാട്ട് ബാറ്ററി പാക്കാണ് നല്‍കിയിരിക്കുന്നത്. 204 ബി.എച്ച് പവറില്‍ 310 എന്‍.എം ടോര്‍ക്ക് വരെ നല്‍കാനാവും. ഇതിന് 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താൻ കഴിയും. രണ്ട് വേരിയന്റുകള്‍ക്കും ഉയര്‍ന്ന വേഗത 180 കിലോമീറ്ററാണ്.
ഇമാക്സ് 7 എം.പി.വിയുടെ എന്‍ട്രി ലെവല്‍ വാഹനത്തിന് 26.9 ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന മോഡലിന് 29.9 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന് 25.97 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് വില വരുന്നത്. 51,000 രൂപ മുടക്കി ഇലക്ട്രിക് എം.പി.വി ബുക്ക് ചെയ്യാനുളള അവസരവും കമ്പനി നല്‍കുന്നുണ്ട്. ബി.വൈ.ഡി ഇമാക്സ് 7 എം.പി.വിയുടെ ഡെലിവറി അടുത്ത ആഴ്ച്ചയോടെ ആരംഭിക്കുമെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു.