തെൽ അവീവ്: ഇസ്രായേലിൽ ആൾക്കൂട്ടത്തിന് നേരെ വീണ്ടും ആക്രമണം. ആറുപേർക്ക് പരിക്കേറ്റു. ഹദേര നഗരത്തിൽ ബുധനാഴ്ചയാണ് സംഭവം. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പ്രതിയെ പിടികൂടിയതായും അധികൃതർ അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാളെ പിടികൂടുന്നതിന്റെ വിഡിയോ പുറത്തുവിട്ടെങ്കിലും ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിച്ചിട്ടില്ല.
ഇസ്രായേലിലെ ബീർഷേബ സെൻട്രൽ ബസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം യുവാവ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവെപ്പ് നടത്തിയയാളും കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിലെ ലാകിയ നഗരത്തിന് സമീപം താമസിച്ചിരുന്ന അഹ്മദ് അൽ ഉഖ്ബി എന്ന 29കാരനാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വകുപ്പ് അധികൃതർ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേലിലെ തെൽ അവീവിന് സമീപം നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജാഫയിലെ ലൈറ്റ് റെയിൽവേ സ്റ്റേഷനു സമീപമാണ് വെടിവെപ്പ് നടന്നത്. വെടിയുതിർത്ത രണ്ടുപേരെ സുരക്ഷാ സേന വധിച്ചിരുന്നു.