ഇന്ത്യൻ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ഹർദിക്ക് പാണ്ഡ്യയും ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ പിറന്നാൾ ആഘോഷിക്കുന്നത് ഒരു ദിവസമാണ്. ഒക്ടോബർ 11നാണ് ഇരുവരുടെയും ബർത്ത് ഡേ. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഹർദിക്ക് തന്റെ ബർത്ത് ഡേ ‘ട്വിൻ’ അമിതാഭ് ബച്ചന്റെ ഒരു ഓർമ പുതുക്കുന്നുണ്ട്.
തന്റെ അച്ഛനോട് അമിതാഭ് ബച്ചൻ പറഞ്ഞ കാര്യമാണ് ഹർദിക്ക് ഓർത്തെടുക്കുന്നത്. ഇത്രയും നല്ല മകനെ രാജ്യത്തിന് വേണ്ടി സംഭാവന നൽകിയതിന് ബച്ചൻ ഹർദിക്കിന്റെ അച്ഛന് നന്ദി അറിയിച്ചതാണ് ഹർദിക്ക് ഓർത്ത് പറഞ്ഞത്.
‘2019ലൊ 2017ലൊ അമിതാഭിനെ കണ്ടപ്പോഴുള്ള ഒരു നല്ല ഓർമ എനിക്കുണ്ട്. മുംബൈ ഐ.പി.എൽ ജേതാക്കളായ ഒരു സീസണായിരുന്നു അത്. അതിന് ശേഷം എന്റെ അച്ഛനെ കണ്ടപ്പോൾ അദ്ദേഹം ഒരു കാര്യം പറഞ്ഞു. എനിക്ക് തോന്നുന്നു അതിന്റെ ക്ലിപ്പുമുണ്ടെന്ന്. നിങ്ങൾ രാജ്യത്തിന് വേണ്ടി നല്ല മകനെയാണ് സംഭാവന ചെയ്തിരിക്കുന്നത്. നിങ്ങൾ ചെയ്തത് വലിയൊരു കാര്യമാണ്,’ ഹർദിക്ക് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
നിലവിൽ ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി-20 പരമ്പര കളിക്കുകയാണ് താരം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആദ്യ രണ്ടെണ്ണം വിജയിച്ച് ഇന്ത്യ സ്വന്തമാക്കി. രോഹിത് ശർമക്ക് ശേഷം ഇന്ത്യൻ ട്വന്റി-20 നായകസ്ഥാനത്തേക്ക് ഹർദിക്ക് മത്സരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ മറികടന്ന് സൂര്യകുമാർ യാദവിന് ആ അവസരം ലഭിക്കുകയായിരുന്നു.