തെൽ അവീവ്: ഹിസ്ബുല്ലയുടെ ആക്രമണത്തിൽ സൈനികൻ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ. ഇസ്രായേൽ പ്രതിരോധസേനയുടെ എൻജിനീയറിങ് ബറ്റാലിയനിലെ സൈനികനായ അരയെൽ സോസ്നോവാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗസ്സയിൽ യുദ്ധം ചെയ്യുന്നതിനിടെയാണ് ആക്രമണത്തിൽ 20കാരനായ അരയെൽ സോസ്നോവ് കൊല്ലപ്പെട്ടത്.
അതേസമയം, മറ്റൊരു ആക്രമണത്തിൽ ഇസ്രായേലിൽ കൗമാരക്കാരൻ കൊല്ലപ്പെട്ടു. വടക്കൻ ഇസ്രായേലിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചുവെന്ന് ഇസ്രായേലിന്റെ എമർജൻസി ആംബുലൻസ് സർവീസ് അറിയിച്ചു. ബുധനാഴ്ച മാത്രം ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ 150 ആക്രമണങ്ങൾ ഉണ്ടായെന്ന് പ്രതിരോധസേന അറിയിച്ചു.
പടിഞ്ഞാറൻ ഗലീലിയെ ലക്ഷ്യമിട്ടും ഹൈഫയെ ലക്ഷ്യംവെച്ചുമായിരുന്നു ആക്രമണങ്ങൾ. ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ തുടരുന്നതിനിടെ ലബനാനിലെ സൈനിക നടപടി കൂടുതൽ വിപുലമാക്കുമെന്നും ഇസ്രായേൽ പ്രതിരോധസേന അറിയിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലെബനാനിൽ ഇസ്രായേൽ കനത്ത ആക്രമണം തുടരുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം തുടരുന്നത്. ഇസ്രായേൽ യുദ്ധവിമാനങ്ങൾ നാല് ആക്രമണങ്ങളെങ്കിലും നടത്തിയെന്നാണ് റിപ്പോർട്ട്.
ആക്രമണങ്ങളെ തുടർന്ന് തീപടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ, ഈ ആക്രമണങ്ങളിൽ ആർക്കെങ്കിലും ജീവൻ നഷ്ടമായോയെന്നും മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായോയെന്നും വ്യക്തമായിട്ടില്ല.