പാരീസ്: ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പി.എസ്.ജി ആരാധകർ ‘ഫ്രീ ഫലസ്തീൻ’ എന്നെഴുതിയ കൂറ്റൻ ബാനർ ഉയർത്തിയ സംഭവത്തിൽ പ്രശ്നമില്ലെന്ന് യുവേഫ. ബുധനാഴ്ച നടന്ന അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനിടെയായിരുന്നു 50 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള ബാനർ ഫലസ്തീൻ അനുകൂലികൾ ഉയർത്തിയത്. മത്സരം തുടങ്ങുന്നതിന് മുമ്പായിരുന്നു ഗാലറിയിൽ നിന്നും ബാനർ ഉയർന്നത്.
ബാനറിന്റെ പേരിൽ പി.എസ്.ജി ടീമിന് അച്ചടക്ക നടപടികൾ നേരിടേണ്ടി വരില്ലെന്ന് യുവേഫ വക്താവ് വ്യക്തമാക്കി. ‘ഫ്രീ ഫലസ്തീൻ’ എന്ന മുദ്രാവാക്യത്തിനൊപ്പം രക്തക്കറ പുരണ്ട ഫലസ്തീൻ പതാകയും കഫിയ ധരിച്ച യുവാവിന്റെ ചിത്രവും അൽ-അഖ്സ മസ്ജിദും ലെബനീസ് പതാകയും ബാനറിൽ ഉണ്ടായിരുന്നു. ‘‘മൈതാനത്ത് യുദ്ധം, ലോകത്ത് സമാധാനം’’ എന്ന മുദ്രാവാക്യവും ബാനറിൽ ഉൾപ്പെടുത്തിയിരുന്നു. “ഒരു അച്ചടക്ക നടപടിയും ബാനറിന്റെ പേരിൽ ഉണ്ടാകില്ല. കാരണം ഈ ബാനർ പ്രകോപനപരമോ അപമാനകരമോ ആയി കണക്കാക്കാൻ കഴിയില്ല” -യുവേഫ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച ഫ്രഞ്ച് ഫുട്ബാൾ അസോസിയേഷൻ ഓഫസിലേക്ക് ഫലസ്തീൻ വിഷയത്തിൽ പ്രതിഷേധമുണ്ടായിരുന്നു. പാരീസിലെ ഫുട്ബാൾ അസോസിയേഷൻ ആസ്ഥാനത്തേക്കാണ് ഫസ്തീൻ അനുകൂല പ്രതിഷേധക്കാർ എത്തിയത്. യുവേഫ ചാമ്പ്യൻസ് ലീഗിലെ ഫ്രഞ്ച്, ഇസ്രായേൽ ടീമുകൾ തമ്മിലുള്ള മത്സരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം അരങ്ങേറിയത്.
എന്നാൽ, മത്സരത്തിൽ അത്ലറ്റികോ മഡ്രിഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ് പി.എസ്.ജി തോൽവി പിണഞ്ഞത്. മത്സരത്തിൽ ലീഡെടുത്തിട്ടും രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ഗോൾ വഴങ്ങിയാണ് പി.എസ്.ജി മത്സരം കൈവിട്ടത്.
Paris Saint-Germain fans unfurled a giant “Free Palestine” banner during their UEFA Champions League match against Atletico Madrid. pic.twitter.com/beOOCQdI0L
— Quds News Network (@QudsNen) November 6, 2024