ചെന്നൈ: രണ്ടു വ്യത്യസ്ത ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള സ്പെയ്ഡെക്സ് സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന് ഐ.എസ്.ആര്.ഒ.യുടെ ധ്രുവീയ വിക്ഷേപണ വാഹനം (പി.എസ്.എല്‍.വി.-സി 60) തിങ്കളാഴ്ച കുതിച്ചുയരും. പേടകങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
സ്പെയ്സ് ഡോക്കിങ് എക്സ്പെരിമെന്റ് അഥവാ സ്പെയ്ഡെക്സിനുവേണ്ടിയുള്ള രണ്ടു ചെറു ഉപഗ്രഹങ്ങളെയും വഹിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്ന് തിങ്കളാഴ്ച രാത്രി 9.58-നാണ് പി.എസ്.എല്‍.വി.-സി 60 വിക്ഷേപിക്കുക. 220 കിലോഗ്രാംവീതം ഭാരമുള്ള എസ്.ഡി.എക്സ് 01, എസ്.ഡി.എക്സ് 02 ഉപഗ്രഹങ്ങള്‍ക്കു പുറമേ 24 പരീക്ഷണോപകരണങ്ങള്‍കൂടി പി.എസ്.എല്‍.വി. ഭ്രമണപഥത്തില്‍ എത്തിക്കും. റോക്കറ്റിന്റെ മുകള്‍ഭാഗത്തെ ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റല്‍ മൊഡ്യൂളി(പോയെം)ലാണ് ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക.
ഭൂമിയില്‍നിന്ന് 476 കിലോമീറ്റര്‍ മാത്രം ഉയരെയുള്ള വൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തുന്ന എസ്.ഡി.എക്സ് 01, എസ്.ഡി.എക്സ് 02 ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററുകളോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്ന ശേഷമാണ് രണ്ട് ഉപഗ്രഹങ്ങളും കൂട്ടിയോജിപ്പിക്കുക. ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റ പേടകംപോലെ പ്രവര്‍ത്തിച്ചശേഷം അവയെ വേര്‍പെടുത്തും. അതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി രണ്ടുവര്‍ഷത്തോളം കാലം അവ പ്രവര്‍ത്തിക്കും.
യു.എസ്., റഷ്യ, ചൈന, എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ സ്പെയ്സ് ഡോക്കിങ് നടപ്പാക്കിയിട്ടുള്ളത്. പലതവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഈ വിദ്യയിലൂടെയാണ്. ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാനിന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും സ്പെയ്സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന് എന്നപേരില്‍ ഇന്ത്യ വിഭാവനംചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകൊണ്ടാവും നിര്‍മിക്കുക.
ബഹിരാകാശത്തേക്ക് പയര്‍വിത്തും
ഐ.എസ്.ആര്.ഒ.യുടെ പുതിയ ദൗത്യത്തില്‍ ബഹിരാകാശത്ത് പയറും ചീരയും മുളപ്പിക്കാനുള്ള പരീക്ഷണങ്ങളുമുണ്ട്. ആദ്യമായാണ് ഇന്ത്യ ബഹിരാകാശത്തേക്ക് ജൈവകോശങ്ങള്‍ അയക്കുന്നത്. ബഹിരാകാശ സാഹചര്യങ്ങളില്‍ കോശവളര്‍ച്ചയും സ്വഭാവവും പഠിക്കുന്നതിന് മുംബൈയില അമിറ്റി സര്‍വകലാശാല തയ്യാറാക്കിയ അമിറ്റി പ്ലാന്റ് എക്സ്പെരിമെന്‍ല്‍ മൊഡ്യൂളിലാണ് ഈ പരീക്ഷണം നടക്കുക. ഇതടക്കം 24 പരീക്ഷണോപകരണങ്ങളാണ് റോക്കറ്റിന്റെ മുകള്‍ഭാഗത്തെ പരീക്ഷണ മോഡ്യൂളില്‍ ഉള്ളത്. ഇതില്‍ 14 എണ്ണം ഐ.എസ്.ആര്.ഒ.യും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണവകുപ്പും നിര്‍മിച്ചതാണ്. സ്റ്റാര്‍ട്ടപ്പുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍മിച്ചവയാണ് ബാക്കിയുള്ള 10 ഉപകരണങ്ങള്‍. ബഹിരാകാശമാലിന്യം പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയുടെ പരീക്ഷണമാണ് അതിലൊന്ന്.