ബോസ്റ്റണിൽ രണ്ടാം ദിവസത്തെ ഞങ്ങളുടെ സന്ദർശനം അമേരിക്കയുടെ ആദ്യകാല ഇംഗ്ലീഷ് കുടിയേറ്റ ചരിത്രമുറങ്ങുന്ന പ്ലിമൂത്തിലാണ്. ഡോ. സവാദിന്റെ വീട്ടിൽ നിന്നും ഒരു മണിക്കൂർ കാർ യാത്ര ചെയ്തു വേണം ബോസ്റ്റൺ നഗരത്തിൽനിന്ന് 60 കിലോമീറ്റർ തെക്ക് മാറി അറ്റ്ലാൻറിക് സമുദ്ര തീരത്തുള്ള പ്ലിമൂത്തിലെത്താൻ. അമേരിക്കയിലെ ഏറ്റവും പ്രസിദ്ധമായ ലിവിങ് ഹിസ്റ്ററി മ്യൂസിയമായ Plimouth Patuxet ആണ് ഇവിടുത്തെ മുഖ്യ ആകർഷണം.
സാധാരണ മ്യൂസിയങ്ങളിലേതുപോലെ പൂർവകാല സമൂഹങ്ങൾ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, നാണയങ്ങൾ, ആയുധങ്ങൾ പോലുള്ള സാധനസാമഗ്രികളുടെ ശേഖരവും പ്രദർശനവും മാത്രമല്ല, മറിച്ച് ആ ജനതയുടെ ആവാസ വ്യവസ്ഥയുൾക്കൊള്ളുന്ന ഒരു ഗ്രാമം തന്നെ പുനരാവിഷ്ക്കരിച്ചരിക്കുകയാണ് ഈ ലിവിംഗ് ഹിസ്റ്ററി മ്യൂസിയത്തിൽ.
കൂടാതെ, ആ ജനതയുടെ അക്കാലത്തെ വസ്ത്രങ്ങളും ഭാഷയും ഉപയോഗിക്കുന്ന കുറേ സ്ത്രീ പുരുഷൻമാർ നാലു നൂറ്റാണ്ട് മുമ്പുള്ള ജനതയായി നമുക്ക് മുമ്പിൽ ജീവിച്ചു കാണിച്ചു തരുന്നുമുണ്ട്. ലിവിങ് മ്യൂസിയത്തിൽ പഴയകാല സമൂഹത്തെ കണ്ടും കേട്ടും അവരുമായി ഇടപഴകിയുമാണ് ആ സമൂഹത്തെ കുറിച്ച് നാം പഠിക്കുക.
പ്ലിമൂത്ത് ലിവിങ്
ഹിസ്റ്ററി മ്യൂസിയത്തിൽ
അറ്റ്ലാൻറിക് സമുദ്രത്തിനോടു ചേർന്ന് കാടും കുന്നുകളും നിറഞ്ഞ ഹരിതാഭമായ തീരദേശമാണ് പ്ലിമൂത്ത്. അമേരിക്കയിലേക്കുള്ള ആദ്യ ഇംഗ്ലീഷ് കുടിയേറ്റം നടന്നതിവിടെയാണ്. ബോസ്റ്റൺ അടങ്ങുന്ന ഈ പ്രദേശത്തിന് ന്യൂ ഇംഗ്ലണ്ട് എന്ന പേരുമുണ്ട്.
1620 മുതലാണ് ന്യൂ ഇംഗ്ലണ്ടിന്റെ ചരിത്രമാരംഭിക്കുന്നത്. തദ്ദേശീയരായ വാംബനോഗ് (Wampanoag) ഗോത്ര വിഭാഗത്തിൽപ്പെട്ട Patuxetന്റെ താമസയിടവും 17–ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കോളനിയുമാണ് ഇവിടത്തെ പ്രധാന കാഴ്ചകൾ. അവരുടെ ആവാസ വ്യവസ്ഥയും ഗ്രാമവുമൊക്കെ ഇവിടെ പുനരാവിഷ്ക്കരിച്ചിരിക്കുകയാണ്. യൂറോപ്യൻമാരുടെ ആഗമനത്തിന് മുമ്പ് ജീവിച്ചിരുന്ന ഗോത്രവർഗക്കാരാണ് വാംബനോഗ്. അവരുടെ വീട്, മഝ്യബന്ധനം, വേട്ടയാടൽ തുടങ്ങി പലതും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഗോത്ര വർഗക്കാരുടെ ജീവിതരീതികൾ പ്രാകൃതവും അപരിഷ്കൃതവുമായി തോന്നി. ഇംഗ്ലീഷ് ആഗമനത്തിനു മുൻപേ, ഒരു പകർച്ചവ്യാധി പിടിപ്പെട്ട് ഈ ഗോത്രവർഗക്കാർ നാമാവശേഷമായി എന്നാണ് ചരിത്രകാരൻമാരുടെ നിഗമനം. അമേരിക്കയിലെ ഗോത്രവർഗത്തിൽപ്പെട്ട Moheganലെ പിൻതലമുറക്കാരാണ് ഇവിടെ കാര്യങ്ങൾ നമുക്ക് വിശദീകരിച്ചു തരുന്നത്.
കുറച്ചപ്പുറത്തായി നിർമ്മിച്ചിരിക്കുന്ന 17ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കോളനിയാണ് ശരിക്കും ലിവിങ് ഹിസ്റ്ററി മ്യൂസിയം. വലുതും കുറെയേറ സവിശേഷതകൾ ഉൾക്കൊള്ളുന്നതുമാണിത്. പല തരത്തിലുള്ള വീടുകൾ, ശത്രുക്കളുടെ അക്രമണം ചെറുക്കാനുള്ള ആയുധപ്പുര, കൃഷിയിടങ്ങൾ, കന്നുകാലികളുടെ മേചിൽപുറം ഇതെല്ലാമടങ്ങുന്ന ഒരു ഗ്രാമവും അതിലെ ഗ്രാമവാസികളെയും പുനസൃഷ്ടിച്ചിരിക്കുകയാണ് ഈ മ്യൂസിയത്തിൽ.
അക്കാലത്തെ വസ്ത്രങ്ങൾ ധരിച്ച ഒരുപറ്റം സ്ത്രീ പുരുഷൻമാർ ഈ കോളനിവാസികളായി നമുക്ക് മുമ്പിൽ ജീവിച്ചു കാണിക്കുന്നുണ്ട്. അവർക്കിടയിൽ നിൽക്കുമ്പോൾ മറ്റൊരു ലോകത്ത് എത്തിപ്പെട്ട പ്രതീതിയാണ്. അവർ സംസാരിക്കുന്നതു പോലും 17–ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഭാഷയാണ്. നാലു നൂറ്റാണ്ടുകൾക്കിടയിൽ ഇംഗ്ലീഷ് ഭാഷയിൽ ഉണ്ടായ വലിയ മാറ്റങ്ങൾ അവരുടെ സംസാരത്തിൽ പ്രകടമാണ്.
14 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഡോ. സവാദിന് പോലും മനസ്സിലാക്കാൻ പ്രയാസമാണ് ഇക്കൂട്ടരുടെ ഭാഷ. അപ്പോൾ പിന്നെ എന്റെ കാര്യം പറയേണ്ടതില്ലല്ലോ. സവാദ് ആ ‘ഗ്രാമീണരി‘ൽ പലരുമായും സംസാരിക്കുകയും കാര്യങ്ങൾ ചോദിച്ച മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. രസകരമായ ഒരു കാര്യം, 17–ാം നൂറ്റാണ്ടിൽ തങ്ങൾ ജീവിച്ച കാലത്തിനു ശേഷം ലോകത്തു നടന്ന സംഭവങ്ങളും കണ്ടുപിടുത്തങ്ങളൊന്നും തങ്ങൾ അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് ഈ കോളനിക്കാരുടെ പെരുമാറ്റം.
കാരണം, വാക്കിലും നോക്കിലും നടപ്പിലും സംസ്കാരത്തിലുമൊക്കെ മുഴുവനായും ആ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ജനതയായി മാറിയിരിക്കുകയാണവർ. ഇക്കാര്യം ഞങ്ങൾക്ക് മനസ്സിലായത്, സംസാര മധ്യേ ഡോ. സവാദ് ചായയെ കുറിച്ച ഒരു പരാമർശം നടത്തിയപ്പോഴാണ്. എന്നാൽ 17–ാം നൂറ്റാണ്ടിലെ കോളനിവാസിക്ക് ചായയെ കുറിച്ച് ഒരു ധാരണയുമില്ല. ചായ എന്ന പാനീയത്തെ കുറിച്ചോ തേയിലപ്പൊടിയെക്കുറിച്ചോ അയാൾക്ക് കേട്ടുകേൾവി പോലുമില്ലെന്ന മട്ടിലാണ് അയാളുടെ പ്രതികരണം.
സത്യത്തിൽ, അജ്ഞനെ പോലെ അഭിനയിക്കുകയാണയാൾ. എന്തായാലും ചായ എന്ന ഒരു പാനീയമുണ്ടെന്ന് പറഞ്ഞ് മനസ്സിലാക്കാൻ ഡോ. സവാദിന് അൽപം വിയർക്കേണ്ടി വന്നു. മ്യൂസിയത്തിലെ ഈ ജോലിക്കാരൻ നല്ല ചരിത്രബോധമുള്ളയാൾ തന്നെ. 1620 ൽ പ്ലിമൂത്തിൽ കുടിയേറിയ ഇംഗ്ലീഷുകാർക്ക് അക്കാലത്ത് ചായയെ കുറിച്ചോ തേയിലയെ കുറിച്ചോ ഒരറിവും ഇല്ല എന്നതാണ് യാഥാർത്ഥ്യം. കാരണം അന്ന് അമേരിക്കയിൽ തേയില എത്തിയിട്ടില്ല. 1650 ലാണ് അമേരിക്കയിൽ ആദ്യമായി തേയില എത്തുന്നത്.
ഡച്ച് കോളനി ഓഫീസർ ആയിരുന്ന Peter Stuyvesten ആണ് യൂറോപിൽ നിന്ന് അന്നത്തെ ഡച്ച് കോളനിയായ ന്യൂ ആംസ്റ്റർഡാ(ഇപ്പോഴത്തെ ന്യൂയോർക്ക്)മിൽ വിൽപ്പനയ്ക്കായി തേയില ആദ്യമായി കൊണ്ടുവരുന്നത്. 20 വർഷങ്ങൾ കൂടി കഴിഞ്ഞ് 1670 ൽ മാത്രമാണ് ബോസ്റ്റണിലെ ഇംഗ്ലീഷ് കോളനിക്കാർ ചായയെ കുറിച്ച് അറിഞ്ഞു തുടങ്ങുന്നത്. പിന്നെയും അഞ്ച് പതിറ്റാണ്ടുകൾ കഴിഞ്ഞ്, 1720 ൽ മാത്രമാണ് തേയില അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ഒരു പ്രധാന ഉൽപ്പന്നമായി മാറിയത്. ഈ കാലത്തിനിടയ്ക്ക് കോളനി സ്ത്രീകളുടെ ഇഷ്ട പാനീയമായി ചായ മാറിയിരുന്നു.
തേയിലക്ക് പ്രിയമേറിയതോടെ, ബ്രിട്ടൻ അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന തേയിലക്ക് വലിയ നികുതി ചുമത്താൻ തുടങ്ങി. തേയിലക്ക് മേലുള്ള നികുതിഭാരം മൂലം തേയില കള്ളക്കടത്തായും അമേരിക്കയിൽ എത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി ഇറക്കുമതി ചെയ്യുന്ന ഹെർബൽ ചായക്കും അമേരിക്കയിൽ പ്രിയമേറി വരുന്ന കാലം. 1773 മെയ് 10ന് ബ്രിട്ടൻ ടീ ആക്റ്റ് നടപ്പാക്കി.
ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ചൈനയിൽ നിന്നുള്ള തേയില അമേരിക്കൻ കോളനികളിൽ നികുതി കൂടാതെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്നതായിരുന്നു ഈ നിയമം. ഭരണത്തിൽ ഒരു പങ്കാളിത്തവുമില്ലാതെ തങ്ങളുടെ മേൽ ടാക്സുകൾ ചുമത്തുന്നതിനെതിരെ കോളനിക്കാരുടെ പ്രതിഷേധം ശകതിപ്പെട്ടുവരുന്ന കാലം. No Taxation without Representation, പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യമുയർത്തി അവർ പ്രതിഷേധമാരംഭിച്ചു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പലിൽ വന്ന തേയിലപ്പെട്ടികൾ 1773 ഡിസംബർ 16ന് സമരക്കാർ കടലിലേക്ക് വലിച്ചെറിയുന്നതിൽ കലാശിച്ചു ആ സമരം. അതാണ് ബോസ്റ്റൺ ടീ പാർട്ടി എന്ന പേരിൽ ചരിത്രത്തിൽ ഇടം നേടിയ സംഭവം. എന്തായാലും കുടിവെള്ളം കഴിഞ്ഞാൽ ലോകജനതയുടെ ഇഷ്ടപാനീയമായ ചായ ഇന്ന് അമേരിക്കയിലെ 80 ശതമാനം കുടുംബങ്ങളും ഉപയോഗിക്കുന്നു.
ദിവസവും 159 മില്യൻ അമേരിക്കക്കാർ ചായ കുടിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കക്കാരുടെ കാപ്പിയോടുള്ള ഇഷ്ടം വെച്ചു നോക്കുമ്പോൾ ഇതു കുറവാണെങ്കിലും. അമേരിക്കക്കാർക്ക് ചായയേക്കാൾ കാപ്പിയോടാണ് പ്രിയമെങ്കിലും റഷ്യയും പാകിസ്ഥാനും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക.
ചരിത്രത്തിലേക്കുള്ള മേയ്ഫ്ലവറിന്റെ കടൽയാത്ര
പ്ലിമൂത്ത് ചരിത്ര മ്യൂസിയത്തിന്റെ ഭാഗം തന്നെയാണ് മേയ്ഫ്ലവർ എന്ന പായക്കപ്പലും. ഇംഗ്ലണ്ടിൽ നിന്നെത്തിയ ആദ്യ കുടിയേറ്റക്കാരുടെ പായക്കപ്പലാണ് Mayflower. പ്ലീമൂത്തിൽ നിന്ന് അൽപം അകലെയായി പ്രിൻസ്ടൗണിലെ ഉൾക്കടലായ കേപ് കോഡിലാണ് മേയ്ഫ്ലവർ സംരക്ഷിച്ചിരിക്കുന്നത്.
മേയ്ഫ്ലവറിന്റെ അതേ മാതൃകയിൽ ഇംഗ്ലണ്ടിൽ നിർമ്മിക്കപ്പെട്ട ഈ പായകപ്പൽ 1957 ൽ 53 ദിവസം കടൽ യാത്ര ചെയ്താണ് അമേരിക്കൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്. ആ കപ്പൽ സന്ദർശനം കൂടി ഉൾപ്പെടുന്നതാണ് പ്ലിമൂത്ത് മ്യൂസിയം. 80 അടി നീളവും 24 അടി വീതിയുമുള്ള ഈ പായകപ്പലിന് 180 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. 101 പേരടങ്ങുന്ന പ്യൂരിറ്റാൻ ക്രിസ്ത്യാനികളും 33 കപ്പൽ ജീവനക്കാരുമായിരുന്നുവേത്ര ആ കടൽ യാത്രികർ. ഇംഗ്ലണ്ടിൽ നിന്ന് അമേരിക്കയിലെത്തിയ ആദ്യ കുടിയേറ്റക്കാർ.
ഇംഗ്ലണ്ടിലെ ക്രൈസ്തവ സഭയെ ശുദ്ധീകരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പരിഷ്കരണവാദികളായ പ്യൂരിറ്റാൻ ക്രിസ്ത്യാനികളായിരുന്നു കടൽ കടന്നെത്തിയ ആദ്യ ഇംഗ്ലീഷ് കുടിയേറ്റക്കാർ. ഇക്കൂട്ടർ തീർത്ഥാടകർ എന്നും അറിയപ്പെടുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടുമായി തെറ്റിപ്പിരിഞ്ഞ അവർ തങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കാൻ ഒരു സ്ഥലം അന്വേഷിക്കുകയായിരുന്നു. തദാവശ്യാർത്ഥം, കുറേ കുടുംബങ്ങൾ 1608 ൽ നെതർലാൻറിലേക്ക് കുടിയേറിയിരുന്നു. എന്നാൽ ഹോളണ്ടിലെ ജീവിതം അത്ര സുഖകരമായിരുന്നില്ല.
അമേരിക്കയെ അവരുടെ വാഗ്ദത്ത ഭൂമിയായി കണ്ട അവർ അവസാനം അറ്റ്ലാൻറിക് സമുദ്രം മുറിച്ചുകടക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. അമേരിക്കയിൽ വിർജീനിയയിൽ ഇവർക്ക് താമസത്തിനും കൃഷിക്കുമുള്ള ഭൂമി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ സതാംപ്ടൺ തുറമുഖത്ത് നിന്ന് ആഗസ്ത് 15നാണ് മേയ്ഫ്ലവർ പുറപ്പെടുന്നത്. നെതർലാൻറിലെ ലൈഡനിൽ നിന്ന് തീർത്ഥാടകരുമായി വരുന്ന Seawell, എന്ന മറ്റൊരു കപ്പലുമുണ്ടായിരുന്നു. എന്നാൽ ഇരു കപ്പലുകളും പുറപ്പെട്ട ശേഷമാണ് സീവെല്ലിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ചോർച്ച പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ഇംഗ്ലണ്ടിലെ പ്ലിമൂത്ത് തുറമുഖത്ത് ഇരുകപ്പലുകളും തിരിച്ചടുപ്പിച്ചു. ഒരു മാസമെടുത്തിട്ടും കപ്പലിന്റെ തകരാറ് പരിഹരിക്കാൻ കഴിയാതെ വന്നപ്പോൾ മേയ്ഫ്ലവറിൽ എല്ലാ യാത്രികരും കയറുകയായിരുന്നു. ഇരു കപ്പലിലെയും യാത്രക്കാരും ചരക്കുകളും ഒറ്റക്കപ്പലിൽ.
മേയ്ഫ്ലവറിൽ തിങ്ങി നിരങ്ങിയാണ് അവർ യാത്ര ചെയ്തത്. തീരുമാനിക്കപ്പെട്ട സമയവും കഴിഞ്ഞ് ഒരു മാസം വൈകിയുള്ള യാത്ര കടലിൽ പല പ്രതിബന്ധങ്ങളും സൃഷ്ടിച്ചു. അറ്റ്ലാൻറിക് സമുദ്രത്തിലെ ശകതമായ കാറ്റും പ്രക്ഷുത്മാവസ്ഥയുമായിരുന്നു ആദ്യ വില്ലൻ. കടൽജ്വരം ബാധിച്ച് യാത്രികരിൽ കുറേ പേർ മരിച്ചു. ശക്തമായ കാറ്റിൽ കപ്പലിൽ നിന്നും കടലിലേക്ക് വലിച്ചെറിയപ്പെട്ടവരുമുണ്ടായിരുന്നു. 66 ദിവസം നീണ്ട കടൽ യാത്ര 1620 നവംബർ 21ന് അവസാനിക്കുമ്പോൾ 101 യാത്രക്കാരിൽ 53 പേരേ അവശേഷിച്ചുള്ളൂ.
അന്നത്തെ ന്യു ആംസ്റ്റർഡാമിൽ അടുപ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, േപ്രാവിൻസ്ടൗണിലെ കേപ് കോഡിലാണ് കപ്പൽ നങ്കൂരമിട്ടത്. അമേരിക്കയിലെ അതിശൈത്യവും തീർത്ഥാടകർക്കു മുമ്പിൽ വലിയ വെല്ലുവിളിയായിരുന്നു. കടൽ യാത്ര അതിജയിച്ച 19 സ്ത്രീകളിൽ അമേരിക്കയിലെ അതി ശൈത്യത്തെ അതിജീവിച്ചവർ 5 പേർ മാത്രമായിരുന്നു.
ഇന്ന് കാണുന്ന അമേരിക്കയുടെ ഉദയത്തിലേക്കുള്ള കപ്പൽ യാത്രയും കുടിയേറ്റവുമായിരുന്നു അത്. കുടിയേറ്റ തീർത്ഥാടകരുടെ നേതാക്കളായിരുന്ന William Brewster ഉം Bradford ഉം ചേർന്ന് പുതിയ ഭൂമിയിലെ പുതിയ ജീവിതത്തിന് വേണ്ടി 200 വാക്കുകൾ ഉൾക്കൊള്ളുന്ന ഒരു രേഖയുണ്ടാക്കി. Mayflower Compact എന്നറിയപ്പെടുന്ന ഈ ലിഖിതം വ്യവസ്ഥാപിതമായ ഒരു സ്വയംഭരണസംവിധാനത്തിന് വേണ്ടിയുള്ള അമേരിക്കയിലെ ആദ്യ ശ്രമമായി വിലയിരുത്തപ്പെടുന്നു.
പിൽക്കാലത്ത് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള കോളനിക്കാരുടെ അവകാശത്തിന് വേണ്ടി മണ്ണൊരുക്കിയ ആദ്യ ജനാധിപത്യ ശ്രമം എന്ന നിലയിലും ഈ രേഖ വിലയിരുത്തപ്പെടുന്നു. എന്തായാലും ഇന്നു കാണുന്ന ആധുനിക അമേരിക്കയുടെ തുടക്കമായിരുന്നു ഇംഗ്ലീഷുകാരുടെ മേയ്ഫ്ലവറിലെ ആഗമനവും ഇവിടെയാരംഭിച്ച അവരുടെ ജീവിതവും.
തങ്ങളുടെ പൂർവ്വ ചരിത്രവും സംസ്കാരവും പഠിക്കാനും വരും തലമുറകളെ പഠിപ്പിക്കാനുമുള്ള അമേരിക്കക്കാരുടെ പരിശ്രമങ്ങൾ ശ്ലാഘനീയമാണ്. പ്ലിമൂത്തിലെ ലിവിങ് ഹിസ്റ്ററി മ്യൂസിയം അമേരിക്കയിലെ ഏറ്റവും വലിയ മ്യൂസിയശൃംഖലയായ സ്മിത് സോണിയൻ മ്യൂസിയങ്ങളുടെ ഭാഗമാണ്.
വാഷിംഗ്ടൺ ഡി.സി പോലെ പല സ്ഥലങ്ങളിലുമുള്ള വ്യത്യസ്ത മ്യൂസിയങ്ങളെല്ലാം സ്മിത് സോണിയൻ മ്യൂസിയങ്ങൾ എന്നാണറിയപ്പെടുന്നത്. വിജ്ഞാന പോഷണത്തിനും പ്രചരണത്തിനുമായി അമേരിക്കൻ ഭരണകൂടം സ്ഥാപിച്ചിട്ടുള്ള മ്യൂസിയങ്ങൾ, വിദ്യഭ്യാസ പ്രവർത്തനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയശൃംഖലയാണ്. വാഷിംഗ്ടൺ ഡി.സിയിലെ സ്മിത്സോണിയൻ മ്യൂസിയം സന്ദർശിക്കാനുള്ള ഭാഗ്യവും ഈ യാത്രയിൽ എനിക്കുണ്ടായി.
എന്റെ വിദ്യാർത്ഥികളായ നാസും നൂറയും സമ്മാനിച്ച ഒരുപിടി അമേരിക്കൻ സമ്മാനങ്ങളുമായാണ് അടുത്ത ദിവസം ഞാൻ ബോസ്റ്റൺ വിടുന്നത്. Duo Dickinson ഉം Steve Culpepper ഉം ചേർന്ന് രചിച്ച A Home Called New England എന്ന ചരിത്ര പുസ്തകമാണ് ആ സമ്മാനങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഡോ. സവാദിനും കുടുംബത്തിനും നന്ദി പറഞ്ഞ് ഡെൻവറിലേക്ക് തിരിച്ചു.