മംഗളൂരു: കുടക്, മൈസൂരു വിനോദ സഞ്ചാര സങ്കേതങ്ങളിലേക്കുള്ള യാത്രകൾ ഇനി എയർ കേരള ചിറകിലേറി നടത്താം. കുടക് -മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ എയർ കേരള അധികൃതരുമായി നടത്തിയ ചർച്ചയിലെ ധാരണയനുസരിച്ച് മേയ് മാസത്തിൽ മൈസൂരു വിമാനത്താവളം കേന്ദ്രീകരിച്ച് സർവിസ് ആരംഭിക്കും. കേരളത്തിലേക്കും മറ്റു ലക്ഷ്യസ്ഥാനങ്ങളിലേക്കും മൂന്ന് വിമാന സർവിസുകൾ ആരംഭിക്കാനാണ് ധാരണ. വർഷാവസാനത്തോടെ ആറ് സർവിസുകൾ ആരംഭിക്കാനുമുള്ള പദ്ധതികൾ ചർച്ചയിൽ എയർ കേരള അധികൃതർ പങ്കുവെച്ചു. മൈസൂരുവിൽ നിന്ന് ഗോവ, കൊച്ചി, മുംബൈ, ബെളഗാവി എന്നിവയുൾപ്പെടെ പുതിയ റൂട്ടുകൾക്ക് ആവശ്യമുയരുന്നുണ്ട്.
ഈ ആവശ്യം വിലയിരുത്തുന്നതിനായി എയർ കേരള സർവേകൾ നടത്തുകയും വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ അവലോകന വിധേയമാക്കുകയും ചെയ്തിരുന്നു. ചാമുണ്ഡേശ്വരി എം.എൽ.എ ജി.ടി. ദേവഗൗഡ, എയർ കേരള ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.