ഭദോഹി: ഉത്തർപ്രദേശിൽ 20 വയസ്സുള്ള ദലിത് യുവാവിനെ ആക്രമിച്ച് ബന്ദിയാക്കി ജാതീയമായി അധിക്ഷേപിച്ചതായി റിപ്പോർട്ട്. സംഗം ലാൽ എന്ന യുവാവ് മാർച്ച് 10ന് ബൈക്കിൽ വീട്ടിലേക്ക് പോകവെ പ്രയാഗ്രാജിലെ ഹാൻഡിയയിൽ വെച്ചാണ് സംഭവം നടന്നത്. ബെർവ പഹാർപൂരിന് സമീപം തെറ്റായ ദിശയിൽ വന്ന ഋഷഭ് പാണ്ഡെ സഞ്ചരിച്ച ബൈക്ക് സംഗം ലാലിന്റെ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ലാലിന് ഗുരുതരമായി പരിക്കേറ്റു.
ഇയാളുടെ ജാതി അറിഞ്ഞയുടനെ ഋഷഭും പിതാവും മറ്റ് 10 പേരും ചേർന്ന് പരിക്കേറ്റ സംഗം ലാൽ ഗൗതമിനെ അധിക്ഷേപിക്കാൻ തുടങ്ങി. മദ്യപിച്ച നിലയിൽ ബൈക്ക് ഓടിച്ചെന്ന് ആരോപിച്ച് അവർ മർദിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ബൈക്കിന് കേടുപാടുകൾ സംഭവിച്ചതിന് 20,000 രൂപ ആവശ്യപ്പെട്ട് അവർ ഇരയെ ബന്ദിയാക്കി. മണിക്കൂറുകൾക്കുശേഷം സംഗം ലാൽ തന്റെ പിതാവ് നാരായൺ ദാസ് ഗൗതമിനെ വിവരമറിയിച്ചു.
Also Read: വന്ദേഭാരത്; മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
തുടർന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് ഉടൻ സ്ഥലത്തെത്തി സംഗം ലാലിനെ രക്ഷപ്പെടുത്തി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മാർച്ച് 22ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയ്റൗണ പൊലീസ് സ്റ്റേഷനിൽ ഋഷഭ് പാണ്ഡെ, പവൻ പാണ്ഡെ, തിരിച്ചറിയാത്ത 10 പേർ എന്നിവർക്കെതിരെ ബി.എൻ.എസ്, എസ്സി/എസ്ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എസ്.പി പറഞ്ഞു.
The post ദലിത് യുവാവിനെ മർദിച്ച് ബന്ദിയാക്കിയ ശേഷം ജാതീയമായി അധിക്ഷേപിച്ചു appeared first on Express Kerala.