അടുത്തിടെയായി വര്‍ധിക്കുന്ന ഹൃദയാഘാതങ്ങള്‍ക്കും മറ്റു ഹൃദ്രോ?ഗങ്ങള്‍ക്കും പിന്നില്‍ കോവിഡ് വാക്സിനാണെന്ന് ധരിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ കോവിഡ് വൈറസാണ് പ്രധാന വില്ലനെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. മയോകാര്‍ഡൈറ്റിസ് പോലുള്ള കേസുകള്‍ വര്‍ധിക്കുന്നതില്‍ കോവിഡ് വൈറസാണ് പ്രധാന കാരണമെന്നാണ് പഠനത്തില്‍ പറയുന്നത്.
ജാമാ നെറ്റ്വര്‍ക്ക് എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രാന്‍സിലെ വേഴ്സായി സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. എപിഡെമിയോളജി& പബ്ലിക് ഹെല്‍ത്ത് വിഭാഗം പ്രൊഫസറായ ഡോ. മഹ്മൂദ് സുറെകിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. തുടര്‍ന്നാണ് ഹൃദയപേശികള്‍ക്ക് വീക്കം സംഭവിക്കുന്ന മയോകാര്‍ഡൈറ്റിസ് പോലുള്ള അവസ്ഥയ്ക്ക് കോവിഡ് വൈറസാണ് പ്രധാനകാരണമാകുന്നതെന്ന് കണ്ടെത്തിയത്.
മയോകാര്‍ഡൈറ്റിസിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന പന്ത്രണ്ടിനും നാല്പത്തിയൊമ്പതിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 2020 ഡിസംബര്‍ മുതല്‍ 2022 ജൂണ്‍ വരെ നീണ്ട പഠനത്തിനൊടുവിലാണ് വിലയിരുത്തലിലെത്തിയത്. പഠനത്തില്‍ പങ്കാളികളായവരെ പ്രധാനമായും മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു. വാക്സിനേഷനു ശേഷം ഏഴുദിവസങ്ങള്‍ക്കുള്ളില്‍ മയോകാര്‍ഡൈറ്റിസ് ഉണ്ടായവര്‍, കോവിഡ് ബാധിച്ച് മുപ്പതുദിവസത്തിനുള്ളില്‍ മയാേകാര്‍ഡൈറ്റിസ് ബാധിച്ച വാക്സിനെടുക്കാത്തവര്‍, മറ്റുകാരണങ്ങളാല്‍ മയോകാര്‍ഡൈറ്റിസ് ഉണ്ടായവര്‍ എന്നിങ്ങനെയാണ് തരംതിരിച്ചത്.
പതിനെട്ടുമാസത്തോളം മൂന്നുവിഭാ?ഗത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു. തുടര്‍ന്നാണ് വാക്സിന് മൂലമുള്ള മയോകാര്‍ഡൈറ്റിസ് സാധ്യതയും അതുമൂലമുള്ള സങ്കീര്‍ണതകളും വളരെ വളരെ കുറവായിരുന്നുവെന്നും എന്നാല്‍ കോവിഡ് 19 മയോകാര്‍ഡൈറ്റിസിനുമപ്പുറമുള്ള ഹൃദ്രോഗങ്ങള്ക്കുവരെ കാരണമാകുന്നുണ്ടെന്നും കണ്ടെത്തിയത്. വാക്സിനേഷനു ശേഷം സ്ഥിരീകരിച്ച മയോകാര്‍ഡൈറ്റിസിന് കോവിഡിനുശേഷമുള്ള മയോകാര്‍ഡൈറ്റിസിനേക്കാള്‍ ഗുരുതരാവസ്ഥ കുറവായിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി.