ഗുണനിലവാര പരിശോധനകളില്‍ പരാജയപ്പെട്ട് വിറ്റാമിന്‍ ടാബ്ലെറ്റുകള്. സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന്(സി.ഡി.എസ്.സി.ഒ) സെപ്റ്റംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. മൂവായിരത്തോളം മരുന്നുകളില്‍ നടത്തിയ പരിശോധനയില്‍ 49 ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. നാല് മരുന്നുകള്‍ വ്യാജ കമ്പനികളാണ് നിര്‍മിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിലവാരമില്ലാത്ത മരുന്നുകള്‍ തിരിച്ചുവിളിക്കും. പരിശോധന നടത്തിയവയില്‍ ഏകദേശം 1% മാത്രമാണ് ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതെന്നും കര്‍ശനമായ നിരീക്ഷണം ഗുണനിലവാരമില്ലാത്ത മരുന്ന് ഉത്പാദനത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നുവെന്നും സി.ഡി.എസ്.സി. മേധാവി രാജീവ് സിങ് രഘുവംഷി പറഞ്ഞു.
ലൈഫ് കാന്‍സര്‍ ലബോറട്ടറീസ് മിര്‍മിച്ച കാല്‍സ്യം 500എംജി, വിറ്റാമിന്‍ ഡി3 250 ഐയു ടാബ്ലെറ്റുകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടവയിലുള്പ്പെടും. കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് നിര്‍മിച്ച പാരസെറ്റാമോള്‍ ടാബ്ലെറ്റുകള്‍ക്കും ഗുണനിലവാര പ്രശ്നങ്ങളുണ്ട്. വിപണിയില്‍ നിന്ന് നിലവാരമില്ലാത്ത മരുന്നുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് സി.ഡി.എസ്.സി ഒ യുടെ നടപടി