അമ്പതിലേറെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന്(CDSCO). ചില കമ്പനികളുടെ കാല്‍സ്യം, വിറ്റാമിന്‍ D3 സപ്ലിമെന്റ്സ്, പ്രമേഹ മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, പാരസെറ്റാമോള്‍ തുടങ്ങിയവയാണ് ഗുണമേന്മാ പരിശോധനയില്‍ പരാജയപ്പെട്ടത്.
മാസംതോറും പുറത്തിറക്കുന്ന ഡ്രഗ് അലേര്‍ട്ട് ലിസ്റ്റിലാണ് അമ്പത്തിമൂന്നു മരുന്നുകള്‍ ഗുണനിലവാരം പുലര്‍ത്തുന്നില്ലെന്ന് രണ്ടെത്തിയത്. വിറ്റാമിന്‍ സി, D3 മരുന്നായ IP Shelcal 500, വിറ്റാമിന്‍ ബി കോംപ്ലക്സ്, വിറ്റാമിന്‍ സി സോഫ്റ്റ്ജെല്‍സ്, അന്റാസിഡ് പാന്‍-ഡി, കര്‍ണാടക ആന്റിബയോട്ടിക്സ്& ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കുന്ന പാരസെറ്റാമോള്‍ IP 500 mg ടാബ്ലറ്റ്, ആന്റി ഡയബറ്റിക് മരുന്നായ ഗ്ലിമെപിരൈഡ്, ലൈഫ് മാക്സ് കാന്‍സര്‍ ലബോറട്ടറീസിന്റെ ഉയര്‍ന്ന രക്തസ്സമ്മര്ദത്തിന് നല്കുന്ന ടെല്മിസാര്ട്ടന് IP 40 mg ടാബ്ലറ്റ്സ് തുടങ്ങിയ അമ്പത്തിമൂന്നോളം മരുന്നുകളാണ് ഗുണമേന്മാ പരിശോധനയില്‍ പരാജയപ്പെട്ടത്.
വയറിലെ അണുബാധയ്ക്ക് നല്‍കിവരുന്ന മെട്രോനിഡസോള്‍ എന്ന മരുന്നും ഗുണമേന്മയുള്ളതല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പി.എസ്.യു. ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ് ലിമിറ്റഡ് ആണ് പ്രസ്തുത മരുന്ന് പുറത്തിറക്കിയത്. ഹൈദരാബാദില്‍ നിന്നുള്ള ഹെറ്റെറോ ഡ്രഗ്സിന്റെ കുട്ടികളില്‍ ബാക്ടീരിയല്‍ അണുബാധയ്ക്ക് നല്‍കിവരുന്ന സെപോഡെം XP50 ഡ്രൈ സസ്പെന്ഷന്, കൊല്‍ക്കത്തയിലെ ആല്‍കെം ഹെല്‍ത്ത് സയന്‍സസ് പുറത്തിറക്കുന്ന ക്ലാവം 625 തുടങ്ങിയവും ഗുണമേന്മയുള്ളവയുടെ പട്ടികയില്‍ ഇടംപിടിച്ചില്ല.
ഹെറ്റെറോ ഡ്രഗ്സ്, ആല്‍കെം ലബോറട്ടറീസ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ് ലിമിറ്റഡ്, കര്‍ണാടക ആന്റിബയോട്ടിക്സ്& ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മെഗ് ലൈഫ്സയന്‍സസ്, പ്യൂവര്‍& ക്യുവര്‍ ഹെല്‍ത്ത്കെയര്‍ തുടങ്ങിയ കമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകളാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.
അതേസമയം ഗുണമേന്മയില്ലെന്നു കണ്ടെത്തിയ മരുന്നുകള്‍ തങ്ങള്‍ നിര്‍മിച്ചതല്ലെന്നും വ്യാജമായി തയ്യാറാക്കിയതാണെന്നും മരുന്നുനിര്‍മാതാക്കള്‍ പ്രതികരിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 156-ഓളം ഫിക്സഡ് ഡ്രഗ് കോമ്പിനേഷനുകള്‍ക്ക് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആരോഗ്യത്തിന് അപകടകരമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പനിമരുന്നുകളും വേദനാസംഹാരികളും അലര്‍ജി മരുന്നുകളും ഉള്‍പ്പെടെ വിലക്കിയത്.