ഷാര്‍ജ: സായിദ് മിലിറ്ററി ഹോസ്പിറ്റലില്‍ ജനുവരി ഒന്നുമുതല്‍ എമിറേറ്റിലെ താമസക്കാര്‍ക്കും ചികിത്സ ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാട്ടാളക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമായി ഇതുവരെ ചികിത്സ ഉറപ്പാക്കിയിരുന്ന അല്‍ ബതായെയിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഹോസ്പിറ്റല്‍ എന്ന് പുനര്‍നാമകരണം ചെയ്ത ആശുപത്രിയിലാണ് പട്ടാളക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ചികിത്സ നല്‍കുന്നതിനൊപ്പം പ്രദേശവാസികള്‍ക്കും ചികിത്സ ഉറപ്പാക്കുക.
പട്ടാളക്കാര്‍ക്കും സിവിലിയന്മാര്ക്കും ഒരുപോലെ ചികിത്സ ഉറപ്പാക്കാനുള്ള ഒരു പദ്ധതി നടപ്പാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യുഎഇ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ മിലിറ്ററി ഹെല്‍ത്ത് എക്സിക്യൂട്ടീവ് ഡയരക്ടറേറ്റ് എക്സക്യൂട്ടീവ് ഡയരക്ടറും മേജര്‍ ജനറലുമായ ഡോ. ആയിശ സുല്‍ത്താന്‍ അല്‍ദാഹിരി വ്യക്തമാക്കി. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. പ്രതിരോധ മന്ത്രാലയവും എം42വും ചേര്‍ന്നാണ് മിലിറ്ററിക്കും സിവിലിയന്മാര്‍ക്കുമായി ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്.
വടക്കന്‍ മേഖലയില്‍നിന്നുള്ളവര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാനാണ് ഈ നടപടി. കൂടുതല്‍ ആളുകളെ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി പുതിയ സ്പെഷലൈസ്ഡ് ഹെല്‍ത്ത് പ്രോഗ്രാമുകളും ആശുപത്രിയില്‍ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു.