ബ്രിസ്ബേന്‍: ഓസ്ട്രേലിയന്‍ പര്യടനത്തിന് പുറപ്പെട്ട ഭാരത വനിതാ ക്രിക്കറ്റ് സംഘത്തിന് പരമ്പര നഷ്ടം. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഭാരത്തതെ പരാജയപ്പെടുത്തിയാണ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയത്. നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഭാരതം 122 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങുമ്പോഴും മലയാളക്കരയ്ക്ക് മിന്നു മണിയുടെ ഓള്‍റൗണ്ട് പ്രകടനം ആശ്വാസമായി.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സാണ് നേടിയത്. അവസാന ഓവറുകളില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെത്ത് മൂണി(56) വെടിക്കെട്ട് ബാറ്റിങ്ങുമായി മുന്നേറുന്നതിനിടെ മിന്നുവിന്റെ പന്തില്‍ പുറത്തായി. തൊട്ടടുത്ത രണ്ടാം പന്തില്‍ സോഫീ മോളിനെക്സിനെയും മിന്നു പൂജ്യത്തിന് പറഞ്ഞയച്ചു. പെട്ടെന്നുള്ള ഈ രണ്ട് വിക്കറ്റ് നേട്ടം അവസാന ഓവറുകളിലെ ഓസീസിന്റെ വമ്പന്‍ സ്കോറിങ് കുതിപ്പിന് കടിഞ്ഞാണിട്ടു.
മറുപടി ബാറ്റിങ്ങില്‍ ഭാരത നിരയില്‍ ഓപ്പണര്‍ റിച്ച ഘോഷിന്റെ അര്‍ദ്ധ സെഞ്ച്വറിയും(54) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(38), ജമീമ റോഡ്രിഗസ്(43) എന്നിവരുടെ ഭേദപ്പെട്ട പ്രകടനവും മാത്രമാണ് എടുത്തുപറയാനുണ്ടായിരുന്നത്. ഏഴാം നമ്പറില്‍ ഇറങ്ങിയ മിന്നു മണി പുറത്താകാതെ നടത്തിയ പോരാട്ടം ഏറെ ശ്രദ്ധേയമായി. 45 പന്തുകള്‍ നേരിട്ട് 46 റണ്‍സെടുത്ത് ഭാരതത്തിന്റെ തോല്‍വിയുടെ ആഘാതം കുറച്ചു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ക്കായി ജോര്‍ജിയ വോള്‍(101), എല്ലിസെ പെറി(105) എന്നിവര്‍ സെഞ്ച്വറി പ്രകടനവുമായി തിളങ്ങി. ബൗളിങ്ങില്‍ നാല് വിക്കറ്റ് പ്രകടനവുമായി അന്നാബെല്‍ സതര്‍ലാന്‍ഡും മികച്ചു നിന്നു.