ദില്ലി: ദില്ലി കലാപ ഗൂഢാലോചനക്കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമല്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 7 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. സെപ്തംബര്‍ 13 നാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. 4 വര്‍ഷവും 3 മാസത്തിനും ശേഷമാണ് ഉമര്‍ ഖാലിദിന് ജാമ്യം ലഭിക്കുന്നത്. നിരവധി തവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു.
കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു ഉമര്‍ഖാലിദിന്റെ അറസ്റ്റ്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ട് പേരും, ഷഹീന് ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായതിന് ശേഷം പലപ്പോഴായി സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.