തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 29ാംമത് പതിപ്പിന് തിരശ്ശീല വീണു. കഴിഞ്ഞ ഏഴു ദിവസങ്ങളിലായി ലോകം ഈ തലസ്ഥാന നഗരിയില്‍ ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. ഇത്തവണ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. എട്ടു ദിവസങ്ങളിലായി ആകെ 427 പ്രദര്‍ശനങ്ങള്‍ നടത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. മുന്‍നിര ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങള്‍, സമകാലിക ലോകചലച്ചിത്രാചാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍, ക്ളാസിക്കുകളുടെ റെസ്റ്റോറേഷന് ചെയ്ത പതിപ്പുകള്‍, കണ്ട്രി ഫോക്കസ് വിഭാഗത്തിലെ അര്‍മീനിയന്‍ ചിത്രങ്ങള്‍, പെദ്രോ അല്‍മോദോവര്‍, വാള്‍ട്ടര്‍ സാലസ്, മിഗ്വല്‍ ഗോമസ്, മുഹമ്മദ് റസൂലാഫ് തുടങ്ങിയ പ്രമുഖരുടെ കൃതികള്‍ തുടങ്ങി നിരവധി വിഭാഗങ്ങള്‍ പ്രദര്‍ശനങ്ങള്‍ക്ക് സാക്ഷിയായത്.
15 തിയേറ്ററുകളിലായി നടന്ന മേളയില്‍ 13,000ത്തോളം ഡെലിഗേറ്റുകള്‍ പങ്കെടുത്തു. മേളയില്‍ 15,000 ത്തില്‍പ്പരം പേരുടെ സജീവമായ പങ്കാളിത്തം ഉണ്ടായി. വിദേശത്തുനിന്ന് 238 ചലച്ചിത്രപ്രവര്‍ത്തകര്‍ പങ്കെടുത്ത് മേള സമ്പന്നമാക്കി.
മേളയുടെ ഭാഗമായി ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, എക്സിബിഷന്, ഹോമേജ്, അരവിന്ദന് സ്മാരക പ്രഭാഷണം, കേരള ഫിലിം മാര്‍ക്കറ്റ് തുടങ്ങിയ അനുബന്ധപരിപാടികളും സംഘടിപ്പിച്ചു. മാനവീയം വീഥിയില്‍ സംഗീത പരിപാടികളും നടന്നു.
മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് ചടങ്ങില്‍ ഈയിടെ വിടവാങ്ങിയ പ്രശസ്തര്‍ക്കും ആദരമര്‍പ്പിച്ചു. മലയാള സിനിമയുടെ ശൈശവദശ മുതല്‍ എണ്‍പതുകളുടെ തുടക്കംവരെ തിളങ്ങിയ 21 മുതിര്‍ന്ന നടിമാരെ ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ ചടങ്ങും സംഘടിപ്പിച്ചു.
ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരമായ ‘സിനിമാ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്’ എന്ന എക്സിബിഷനും ഏറെ ശ്രദ്ധേയമായി. ടി.കെ. രാജീവ് കുമാര്‍ ക്യുറേറ്റ് ചെയ്ത ഈ പ്രദര്‍ശനത്തില്‍ കലാസംവിധായകന്‍ റാസി മുഹമ്മദിന്റെ 50 ഡിജിറ്റല്‍ പെയിന്റിംഗുകള്‍ ഉള്‍പ്പെട്ടിരുന്നു.